| Wednesday, 11th February 2026, 11:49 am

വന്ദേ മാതരം ആലപിക്കുന്നത് നിര്‍ബന്ധമാക്കി; സദസിലുള്ളവര്‍ എഴുന്നേറ്റു നില്‍ക്കണമെന്ന് ആഭ്യന്തരമന്ത്രാലയത്തിന്റെ ഉത്തരവ്

ശ്രീരാഗ് പാറക്കല്‍

ദല്‍ഹി: ഔദ്യോഗിക പരിപാടികളില്‍ വന്ദേ മാതരം ആലപിക്കുന്നത് നിര്‍ബന്ധമാക്കി കേന്ദ്ര സര്‍ക്കാര്‍. ദേശീയ പതാക ഉയര്‍ത്തല്‍, രാഷ്ട്രപതിയുടേയും ഗവര്‍ണര്‍മാരുടേയും പരിപാടികള്‍ എന്നിവയിലാണ് വന്ദേ മാതരം നിര്‍ബന്ധമാക്കിയത്. ദേശീയ ഗീതത്തിന്റെ 150ാം വാര്‍ഷികത്തോട് അനുബന്ധിച്ച് ആഭ്യന്തര മന്ത്രാലയമാണ് ഉത്തരവിറക്കിയത്.

വന്ദേ മാതരത്തിന്റെ ആറ് ഖണ്ഡികകള്‍ ഉള്ള മൂന്ന് മിനിറ്റ് 10 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള പതിപ്പണ് നിര്‍ബന്ധമാക്കിയത്. 1937ല്‍ കോണ്‍ഗ്രസ് നീക്കം ചെയ്ത നാലെണ്ണം ഉള്‍പ്പെടെയുള്ള ഭാഗം ആലപിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ഉത്തരവില്‍ നിര്‍ദേശിക്കുന്നത്.

വന്ദേ മാതരം ആലപിക്കുന്ന ചടങ്ങുകളില്‍ സദസിലുള്ളവര്‍ എഴുന്നേറ്റു നില്‍ക്കണമെന്നും ദേശീയഗാനവും ദേശീയഗീതവും ചൊല്ലുന്ന ചടങ്ങുകളില്‍ വന്ദേ മാതരം ആദ്യം ആലപിക്കണമെന്നും ആഭ്യന്തരമന്ത്രാലയത്തിന്റെ ഉത്തരവില്‍ പറയുന്നു.

സിനിമാ ഹാളുകള്‍ പോലുള്ള പൊതു ഇടങ്ങളിലും ദേശീയഗീതം ആലപിക്കണം. എന്നാല്‍ ഈ സാഹചര്യങ്ങളില്‍ എഴുന്നേറ്റു നില്‍ക്കല്‍ നിര്‍ബന്ധമല്ല. നേരത്തെ വന്ദേ മാതരം ആലപിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ ഒരു മാനദണ്ഡവും പുറപ്പെടുവിച്ചിരുന്നില്ല.

അതേസമയം സിനിമകളിലോ ന്യൂസ് റീല്‍, ഡോക്യുമെന്ററി തുടങ്ങിയവയില്‍ വന്ദേ മാതരം ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍, അത് കേള്‍ക്കുമ്പോള്‍ കാണികള്‍ എഴുന്നേറ്റ് നില്‍ക്കേണ്ടതില്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയം നല്‍കിയ കുറിപ്പില്‍ വ്യക്തമാക്കുന്നു.

പൊതുചടങ്ങുകളില്‍ വന്ദേ മാതരം വരികള്‍ അച്ചടിച്ച് സദസില്‍ വിതരണം ചെയ്യണമെന്നും നിര്‍ദേശമുണ്ട്. സ്‌കൂളുകളില്‍ പ്രവര്‍ത്തി ദിനം വന്ദേ മാതരം ആലപിച്ചുകൊണ്ട് വേണം തുടങ്ങാന്‍. മന്ത്രിമാരടക്കം പങ്കെടുക്കുന്ന പരിപാടികളിലും വന്ദേ മാതരം ആലപിക്കാം.

വാദ്യോപകരണങ്ങളുടെ അകമ്പടിയോടെയോ അല്ലാതെയോ വന്ദേ മാതരം ആലപിക്കാമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. മാതൃരാജ്യത്തോടുള്ള അഭിവാദനം എന്ന നിലയിലാണ് വന്ദേ മാതരം ആലപിക്കുന്നതെന്നും ഉത്തരവില്‍ വിശദീകരിച്ചിട്ടുണ്ട്.

2025 ഡിസംബറില്‍ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിനിടെ വന്ദേ മാതരം ചൂടേറിയ ചര്‍ച്ചയായി മാറിയിരുന്നു. പത്ത് മണിക്കൂറോളം നീണ്ട ചര്‍ച്ചയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഭരണപക്ഷത്തെ നയിച്ചത്. ദേശീയ ഗാനത്തിലെ വരികള്‍ കോണ്‍ഗ്രസ് വെട്ടിമാറ്റിയെന്നും സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് വിമര്‍ശനമുണ്ടായി.

ദേശീയഗാനത്തെ തടസപ്പെടുത്തുകയോ മറ്റുള്ളവരെ ബഹുമാനിക്കുന്നതില്‍ നിന്ന് തടയുകയോ ചെയ്യുന്നവര്‍ക്ക് പരമാവധി മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കും.

Content Highlight: Central government makes it mandatory to sing Vande Mataram at official function

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more