| Saturday, 27th December 2025, 5:24 pm

ക്ഷേമ പെന്‍ഷന്‍കാരുടെ വയറ്റത്തടിച്ച് കേന്ദ്ര സര്‍ക്കാര്‍: സംസ്ഥാന ധനവകുപ്പ്

രാഗേന്ദു. പി.ആര്‍

തിരുവനന്തപുരം: ക്ഷേമ പെന്‍ഷന്റെ കേന്ദ്ര വിഹിതം മുന്‍കൂറായി നല്‍കിയിട്ടും കേന്ദ്രം പെൻഷൻ വിതരണം ചെയ്യുന്നില്ലെന്ന് സംസ്ഥാന ധനകാര്യവകുപ്പ്. ഡിസംബറിലെ കേന്ദ്ര വിഹിതമായി നല്‍കേണ്ട 24.75 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ മുന്‍കൂറായി അനുവദിച്ചിരുന്നു. ഈ തുക 8,46,456 പെന്‍ഷന്‍ ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് അയക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണെന്നും ധനകാര്യവകുപ്പ് ചൂണ്ടിക്കാട്ടി.

എന്നാല്‍ ഡിസംബര്‍ 15നുള്ളില്‍ മുഴുവന്‍ പേര്‍ക്കും തുക ലഭ്യമാക്കത്തക്ക രൂപത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കൈമാറിയ തുകയാണ് മാസാവസാനമായിട്ടും ഗുണഭോക്താക്കളുടെ അക്കൗണ്ടില്‍ എത്താത്തത്.

വാര്‍ധക്യകാല പെന്‍ഷന്‍, വികലാംഗ പെന്‍ഷന്‍, വിധവാ പെന്‍ഷന്‍ എന്നിവയിലാണ് 200 രൂപ മുതല്‍ 500 രൂപവരെ കേന്ദ്ര വിഹിതമുള്ളത്. ഈ തുകയാണ് മുടങ്ങിയത്. സംസ്ഥാന സര്‍ക്കാരിന്റെ ബാക്കി വിഹിതം എല്ലാ പെന്‍ഷന്‍കാര്‍ക്കും ലഭിച്ചിട്ടുണ്ട്.

നേരത്തെ കേന്ദ്ര വിഹിതവും ചേര്‍ത്തുള്ള മുഴുവന്‍ തുകയും സംസ്ഥാന സര്‍ക്കാരാണ് പെന്‍ഷന്‍കാരുടെ അക്കൗണ്ടിലേക്ക് അയച്ചിരുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ വിഹിത തുക ലഭിച്ചില്ലെങ്കിലും സംസ്ഥാനം മുഴുവന്‍ പെന്‍ഷന്‍ തുകയും അക്കൗണ്ടിലേക്ക് നല്‍കുമായിരുന്നു.

പിന്നീട് കേന്ദ്ര സര്‍ക്കാരില്‍ നിന്ന് തിരിച്ചുവാങ്ങുന്ന രീതിയാണ് സ്വീകരിച്ചിരുന്നത്. 2023 ഏപ്രില്‍ മുതല്‍ കേന്ദ്ര വിഹിതം തങ്ങള്‍ത്തന്നെ നേരിട്ട് ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്ക് നല്‍കിക്കൊള്ളാമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.

എന്നാല്‍ ഇത്തരത്തില്‍ കേന്ദ്ര വിഹിതം യഥാസമയം ഗുണഭോക്താക്കള്‍ക്ക് ഒരു മാസം പോലും നല്‍കിയില്ല. ഇതിനെത്തുടര്‍ന്നാണ് കേന്ദ്ര വിഹിതവും സംസ്ഥാന സര്‍ക്കാര്‍ തന്നെ മുന്‍കൂറായി നല്‍കാന്‍ തീരുമാനിച്ചത്. കേന്ദ്ര സര്‍ക്കാരിന്റെ പി.എഫ്.എം.എസ് എന്ന ഡയറക്ട് ബെനഫിറ്റ് ട്രാന്‍സ്ഫര്‍ സംവിധാനം വഴിയാണ് കേന്ദ്ര വിഹിതം ഗുണഭോക്താക്കള്‍ക്ക് നല്‍കേണ്ടത്.

ഇതനുസരിച്ച് അതാത് മാസത്തെ 8,46,456 പേരുടെ കേന്ദ്ര വിഹിത വിതരണത്തിന് ആവശ്യമായ തുകയായ 24.75 കോടി രൂപ സംസ്ഥാനത്തെ പി.എഫ്.എം.എസ് യൂണിറ്റിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് നല്‍കുകയാണ് ചെയ്യുന്നത്.

ഈ യൂണിറ്റുവഴി ഓരോ ഗുണഭോക്താവിന്റെയും അക്കൗണ്ടിലേയ്ക്ക് കേന്ദ്ര വിഹിത തുക നല്‍കും. ഇതനുസരിച്ച് ഡിസംബറിലെ തുകയും നേരത്തെ തന്നെ കൈമാറിയിരുന്നു. എന്നാല്‍ ഇത് കൃത്യമായി വിതരണം ചെയ്യാന്‍ പി.എഫ്.എം.എസിന്റെ ചുമതലക്കാര്‍ തയ്യാറായിട്ടില്ല.

മുന്‍കാലങ്ങളിലും ഇത്തരത്തില്‍ തുക വൈകിപ്പിക്കുന്ന നടപടി ഉണ്ടായിട്ടുണ്ട്. അപ്പോഴെല്ലാം സാങ്കേതിക തടസമെന്ന കാരണം പറഞ്ഞ് കൈയൊഴിയുന്ന സമീപനമാണ് പി.എഫ്.എം.എസിന്റെ ചുമതലക്കാര്‍ സ്വീകരിച്ചിട്ടുള്ളത്.

സംസ്ഥാനം മുന്‍കൂര്‍ നല്‍കുന്ന തുക കേന്ദ്ര സര്‍ക്കാര്‍ ഒരിക്കലും കൃത്യമായി മടക്കി നല്‍കാറില്ല. പലപ്പോഴും വര്‍ഷങ്ങള്‍ കഴിഞ്ഞാല്‍പ്പോലും ഈ തുക സംസ്ഥാനത്തിന് ലഭിക്കാറില്ല. ഇത്തരത്തില്‍ നിലവില്‍ കേരളത്തിന് ലഭിക്കാനുള്ളത് 265 കോടി രൂപയാണ്. വാര്‍ധക്യകാല പെന്‍ഷനില്‍ 200 രൂപയാണ് കേന്ദ്ര വിഹിതം.

80 വയസിന് മുകളിലുള്ളവര്‍ക്ക് 500 രൂപ ലഭിക്കും. വികലാംഗ പെന്‍ഷനില്‍ 80 ശതമാനത്തിന് മുകളില്‍ അംഗപരിമിതിയുള്ള 18 വയസിന് മുകളിലും 80 വയസിന് താഴെയുമുള്ളവര്‍ക്ക് 300 രൂപയും, 80 വയസിന് മുകളിലുള്ളവര്‍ക്ക് 500 രൂപയുമാണ് കേന്ദ്ര വിഹിതം.

വിധവാ പെന്‍ഷനില്‍ 300 രൂപ വീതമാണ് കേന്ദ്ര വിഹിതമുള്ളത്. ഇത് കൃത്യമായി കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നില്ല. എന്നാല്‍ സംസ്ഥാനം മുന്‍കൂറായി നല്‍കുന്ന കേന്ദ്ര വിഹിതം മുടക്കുന്നതിലൂടെ സംസ്ഥാന സര്‍ക്കാരിനെ പഴി കേള്‍പ്പിക്കുന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളതെന്നും ധനകാര്യവകുപ്പ് പറഞ്ഞു.

Content Highlight: Central government is slapping welfare pensioners: State Finance Department

രാഗേന്ദു. പി.ആര്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more