ഹൈദരാബാദ്: അമേരിക്കന്‍ സന്ദര്‍ശനത്തിന് കേന്ദ്രസര്‍ക്കാരിന്റെ അനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി ലണ്ടനില്‍ നിന്ന് ഹൈദരാബാദിലേക്ക് മടങ്ങുമെന്ന് റിപ്പോര്‍ട്ട്. രാഷ്ട്രീയ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് വിദേശകാര്യ മന്ത്രാലയം അമേരിക്കന്‍ സന്ദര്‍ശനത്തിന് അനുമതി നിഷേധിച്ചതെന്ന് തെലങ്കാന മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ലണ്ടന്‍ സന്ദര്‍ശനത്തിന് ശേഷം അമേരിക്കയിലെ വിവിധ നഗരങ്ങള്‍ സന്ദര്‍ശിക്കാനായിരുന്നു രേവന്ത് റെഡ്ഡിയുടെ പദ്ധതി.
‘മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തിലുള്ള ഔദ്യോഗിക തെലങ്കാന റെയിസിങ് പ്രതിനിധി സംഘത്തിന് വിദേശകാര്യ മന്ത്രാലയം അനുമതി നിഷേധിച്ചതിനെത്തുടര്‍ന്ന് അമേരിക്കയിലേക്കുള്ള സന്ദര്‍ശനം റദ്ദാക്കേണ്ടി വന്നു,’ മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
വിദ്യാഭ്യാസം, നൈപുണ്യ വികസനം, നിക്ഷേപം തുടങ്ങിയ മേഖലകളില്‍ സഹകരണം ഉറപ്പാക്കുകയായിരുന്നു സന്ദര്‍ശനത്തിന്റെ പ്രധാന ലക്ഷ്യം. തെലങ്കാനയിലേക്ക് പ്രമുഖ അന്താരാഷ്ട്ര വിദ്യാഭ്യാസ സ്ഥാപനങ്ങളെ എത്തിക്കുന്നതിനുള്ള ചര്‍ച്ചകളും നടത്താനായിരുന്നു തീരുമാനം.
എന്നാല്‍ കേന്ദ്രത്തിന്റെ അനുമതി ലഭിക്കാത്ത സാഹചര്യത്തില്‍ അമേരിക്കയിലേക്കുള്ള സന്ദര്‍ശനം റദ്ദാക്കുകയായിരുന്നു.
‘കേന്ദ്രത്തിന്റെ പുതിയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി ലോകത്തിലെ ഏറ്റവും മികച്ച സ്ഥാപനങ്ങളെ ഇന്ത്യയിലേക്കും തെലങ്കാനയിലേക്കും ഹൈദരാബാദിലേക്കും കൊണ്ടുവരിക എന്നതായിരുന്നു സന്ദര്‍ശനത്തിന്റെ ഏക ലക്ഷ്യം. മികച്ച ആഗോള സ്ഥാപനങ്ങളില്‍ നിന്ന് വിദ്യാഭ്യാസം, കഴിവുകള്‍, പരിശീലനം എന്നിവ നേടാനുള്ള നമ്മുടെ യുവാക്കളുടെ അഭിലാഷങ്ങള്‍ക്ക് അവ ഒരു ഉത്തരമാകുമായിരുന്നു,’ യാത്ര റദ്ദാക്കിയതിനെ തുടര്‍ന്ന് രേവന്ത് റെഡ്ഡി പറഞ്ഞു.
രാഷ്ട്രനിര്‍മാണത്തിന്റെയും യുവാക്കളുടെ ഭാവിയുടെയും കാര്യത്തില്‍ നാമെല്ലാവരും രാഷ്ട്രീയത്തിനും തെരഞ്ഞെടുപ്പിനും അപ്പുറം ചിന്തിക്കണമെന്നും രേവന്ത് കൂട്ടിച്ചേര്‍ത്തു.
ഓഗസ്റ്റ് 23ന് ലണ്ടനില്‍ നിന്ന് നേരിട്ട് ഹൈദരാബാദിലേക്ക് മടങ്ങാനാണ് രേവന്ത് റെഡ്ഡിയുടെ തീരുമാനം. മുഖ്യമന്ത്രിയുടെ അഭാവത്തിലും തെലങ്കാനയിലെ ഉദ്യോഗസ്ഥര്‍ അമേരിക്കന്‍ സന്ദര്‍ശനം തുടരുകയും വിവിധ ധാരണാപത്രങ്ങളും കരാറുകളും പൂര്‍ത്തിയാക്കുകയും ചെയ്യുമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടില്‍ പറയുന്നു.
Content Highlights: Central government denies permission for US visit; Revanth Reddy to return.