| Sunday, 3rd August 2025, 11:49 am

കന്യാസ്ത്രീകളുടെ മോചനത്തിൽ കേന്ദ്ര - ഛത്തീസ്ഗഡ് സർക്കാർ ഇടപെടൽ നടത്തിയില്ല; പള്ളികളിൽ ഇടയ ലേഖനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശൂർ: കന്യാസ്ത്രീകളുടെ അറസ്റ്റിലും ന്യൂനപക്ഷങ്ങൾക്കെതിരെ നടക്കുന്ന അതിക്രമങ്ങളിലും പ്രതിഷേധിച്ച് പള്ളികളിൽ ഇടയ ലേഖനം വായിച്ചു. ഇരിങ്ങാലക്കുട രൂപതയുടെ കീഴിലുള്ള 141 പള്ളികളിലാണ് ഇടയ ലേഖനം വായിച്ചത്. ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ ആണ് ഇടയലേഖനം തയ്യാറാക്കിയത്.

കന്യാസ്ത്രീകളുടെ മോചനത്തിൽ കേന്ദ്രസർക്കാരോ ഛത്തീസ്ഗഡ് സർക്കാരോ ഇടപെടലുകൾ നടത്തിയിട്ടില്ലെന്നത് നിരാശാജനകമാണെന്നാണ് ഇടയലേഖനത്തിലുള്ളത്.

ജാമ്യം ലഭ്യച്ചിട്ടും നിയമക്കുരുക്കിലൂടെ മുന്നോട്ട് പോകേണ്ടി വരുന്ന കന്യാസ്ത്രീകളുടെ അവസ്ഥ പ്രതിഷേധാർഹമാണെന്നും പാർലമെന്റിന് അകത്തും പുറത്തും പ്രതിഷേധമുണ്ടായിട്ടും കേന്ദ്രസർക്കാർ വിഷയത്തിൽ ഇടപെട്ടില്ലെന്നും ഇടയലേഖനത്തില്‍ പറയുന്നു.

രാജ്യത്തെ നിയമങ്ങൾക്കും മത സ്വാതന്ത്രത്തിനും എതിരായി വ്യക്തികളെ ഭീഷണിപ്പെടുത്തുന്നതും അന്യായമായി തടവിൽ വയ്ക്കുന്നതും എതിർക്കപ്പെടണമെന്നും ആൾക്കൂട്ട വിചാരണ നടത്തുന്നത് എതിർക്കപ്പെടണമെന്നും ഇടയ ലേഖനത്തിൽ പറയുന്നു.

ന്യൂനപക്ഷങ്ങൾക്കെതിരായ അടിച്ചമർത്തലുകളെ മുളയിലെ നിയന്ത്രിക്കണമെന്നും ലേഖനത്തിൽ പറയുന്നു.  മനുഷ്യകടത്തും മതപരിവര്ത്തനും ആരോപിച്ച് ഭാരതത്തിലെ മുഴുവന് ക്രൈസ്തവരെയും നിയന്ത്രിച്ച് നിര്ത്താനുള്ള രാഷ്ട്രീയ നിഗൂഢ അജണ്ടയുടെ ഭാഗമാണിതെന്നും ഇടയലേഖനത്തില് പറഞ്ഞു

കന്യാസ്ത്രീകളുടെ അറസ്റ്റിലും അതിക്രമങ്ങൾക്കും എതിരെ പ്രതിഷേധം തുടരാനാണ് തൃശൂർ, ഇരിങ്ങാലക്കുട എന്നീ രൂപതകളുടെ തീരുമാനം. ചാലക്കുടിയിൽ പ്രതിഷേധം സംഘടിപ്പിക്കാനും രൂപത തീരുമാനിച്ചിട്ടുണ്ട്.വൈദികരെയും സന്യാസി സമൂഹത്തെയും സഭാ ജനങ്ങളെയും പ്രതിഷേധത്തിൽ പങ്കടുപ്പിക്കും.

ജൂലൈ 25നാണ് മനുഷ്യക്കടത്തും നിര്‍ബന്ധിത മതപരിവര്‍ത്തനവും ആരോപിച്ച് ഛത്തീസ്ഗഡിലെ ദുര്‍ഗില്‍ രണ്ട് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത്. റെയില്‍വേ സ്റ്റേഷനിലെത്തിയ കന്യാസ്ത്രീകളെ ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകര്‍ തടയുകയായിരുന്നു. ഒമ്പത് ദിവസത്തെ ജയിൽ വാസത്തിന് ശേഷം വെള്ളിയാഴ്ചയാണ് എന്‍.ഐ.എ കോടതി കന്യാസ്ത്രീകള്‍ക്ക് കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ശനിയാഴ്ച ഇരുവരും ജയില്‍ മോചിതരാവുകയും ചെയ്തു.

Content Highlight: Central and Chhattisgarh governments did not intervene in the release of nuns

We use cookies to give you the best possible experience. Learn more