| Sunday, 18th January 2026, 6:02 pm

കേന്ദ്ര ഏജൻസികൾ പൗരന്മാരെ അപകീർത്തപ്പെടുത്തുന്നത് തടയണം; ജനാധിപത്യത്തെ സംരക്ഷിക്കണം: സുപ്രീം കോടതി ചീഫ് ജസ്റ്റിസിനോട് മമത

ശ്രീലക്ഷ്മി എ.വി.

കൊൽക്കത്ത: കേന്ദ്ര ഏജൻസികൾ പൗരന്മാരെ അപകീർത്തപ്പെടുത്തുന്നത് തടയണമെന്നും ജനാധിപധ്യത്തെ സംരക്ഷിക്കണമെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിനോട് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി.

കൊൽക്കത്ത ഹൈക്കോടതിയുടെ ജൽപായ്ഗുരിയിലുള്ള സർക്യൂട്ട് ബെഞ്ചിന്റെ പുതിയ കെട്ടിട ഉദ്ഘാടനത്തിനിടെ സംസാരിക്കുകയായിരുന്നു പശ്ചിമ ബംഗാൾ മുഖ്യമന്ത്രി.

ആരും നിങ്ങൾക്ക് മുകളിലല്ലെന്നും രാജ്യത്തിന്റെ ഭരണഘടന, ജനാധിപത്യം, നീതിന്യായം എന്നിവ സംരക്ഷിക്കണമെന്നും മമത ചീഫ് ജസ്റ്റിസിനോട് പറഞ്ഞു.

തെരഞ്ഞെടുപ്പ് കൺസൾട്ടൻസി സ്ഥാപനമായ ഐ.പാക്കിന്റെ ഓഫീസിൽ ഇ.ഡി നടത്തിയ റെയ്ഡിന്റെ പശ്ചാത്തലത്തിലാണ് മമതയുടെ പരാമർശം

‘നമ്മുടെ ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഞാൻ ചീഫ് ജസ്റ്റിസിനോടും എല്ലാ ജഡ്ജിമാരോടും അഭ്യർത്ഥിക്കുന്നു. നമ്മുടെ ചരിത്രം, ഭൂമിശാസ്ത്രം, അതിർത്തികൾ എന്നിവയെല്ലാ സംരക്ഷിക്കപ്പെടണം,’ മമത വ്യക്തമാക്കി.

കേസുകൾ അന്തിമമാകുന്നതിന് മുമ്പ് മാധ്യമ വിചാരണ നടത്തുന്നത് തടയണമെന്നും ഇത് ആളുകളെ അപകീർത്തിപ്പെടുത്താനുള്ള ഒരു പ്രവണതയ്ക്ക് കാരണമാകുമെന്നും അവർ പറഞ്ഞു.

കേന്ദ്ര ഏജൻസികൾ പൗരന്മാരെ മനപൂർവം അപകീർത്തിപ്പെടുത്തുന്നില്ലെന്ന് ഉറപ്പാക്കണമെന്നും തനിക്കുവേണ്ടിയല്ല, രാജ്യത്തെ ജനാധിപത്യം സംരക്ഷിക്കാനാണ് താൻ സംസാരിക്കുന്നതെന്നും മമത കൂട്ടിച്ചേർത്തു.

‘രാജ്യത്തെ ജനങ്ങളെയും ജനാധിപത്യത്തെയും ജുഡീഷ്യറിയെയും ഭരണഘടനയെയും സംരക്ഷിക്കാനാണ് ഞാൻ സംസാരിക്കുന്നത്. ആരും നിങ്ങൾക്ക് മുകളിലല്ല. നിങ്ങൾ ഭരണഘടനയുടെ കാവൽക്കാരാണ്,’ അവർ പറഞ്ഞു.

കൊൽക്കത്ത ഹൈക്കോടതിയുടെ ജൽപായ്ഗുരിയിലുള്ള സർക്യൂട്ട് ബെഞ്ചിന്റെ പുതിയ കെട്ടിട ഉദ്ഘാടന ചടങ്ങിൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, കൊൽക്കത്ത ഹൈക്കോടതി ചീഫ് ജസ്റ്റിസ്, കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്‌വാൾ എന്നിവർ പങ്കെടുത്തു.

ഈ മാസം എട്ടിനായിരുന്നു ഐ.പാക് ഓഫീസിലും ഡയറക്ടർ പ്രതിക് ജയ്‌നിന്റെ വീട്ടിലും ഇ.ഡി റെയ്ഡ് നടത്തിയത്. റെയ്ഡിനിടെ മമത സംഭവസ്ഥലത്ത് എത്തിയിരുന്നു.

തങ്ങളുടെ പാർട്ടി സ്ഥാനാർത്ഥികളുടെ വിവരങ്ങൾ ചോർത്താനാണ് ഇ.ഡിയുടെ ശ്രമമെന്നായിരുന്നു മമതയുടെ ആരോപണം.

Content Highlight: Central agencies should stop defaming citizens; Mamata to Supreme Court Chief Justice

ശ്രീലക്ഷ്മി എ.വി.

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാന്തര ബിരുദം.

We use cookies to give you the best possible experience. Learn more