തിരുവനന്തപുരം: സംസ്ഥാനത്തിന് അര്‍ഹതപ്പെട്ട എസ്.എസ്.കെ ഫണ്ടിന്റെ ആദ്യ ഗഡു സംസ്ഥാനത്തിന് കൈമാറി കേന്ദ്ര സര്‍ക്കാര്‍. 92.41 കോടി രൂപയുടെ ആദ്യ ഗഡുവാണ് വിദ്യാഭ്യാസ വകുപ്പിന്റെ അക്കൗണ്ടിലേക്ക് എത്തിയിരിക്കുന്നത്.
കേരളം ആവശ്യപ്പെട്ടിരുന്നത് 109 കോടി രൂപയായിരുന്നു. കേന്ദ്ര സര്‍ക്കാര്‍ വിദ്യാഭ്യാസ അവകാശ നിയമപ്രകാരമാണ് പണം അനുവദിച്ചിരിക്കുന്നത്.
ഇനി കേരളത്തിന് നോണ്‍ റക്കറിങ് ഇനത്തില്‍ ലഭിക്കാനുള്ളത് 17 കോടി രൂപയാണ്. അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമുള്ള ഫണ്ടാണ് നോണ്‍ റക്കറിങ് വിഭാഗത്തിലെ പണം.
പി.എം ശ്രീയില്‍ കേരളം ഒപ്പിട്ടാല്‍ ഫണ്ട് അനുവദിക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരുന്നു. എന്നാല്‍ ഒപ്പിട്ടതിന് പിന്നാലെ തന്നെ കേരളം പി.എം ശ്രീയില്‍ നിന്നും പിന്മാറാന്‍ ശ്രമിച്ചതോടെ കേന്ദ്രം ഫണ്ട് അനുവദിക്കാതെ ഒഴിഞ്ഞുമാറിയിരുന്നു.
ഒടുവില്‍ സുപ്രീംകോടതിയെ സമീപിച്ച് അനുകൂലമായ നടപടിക്ക് വഴിയൊരുക്കിയിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍.
നേരത്തെ, കേരളത്തിന് അര്‍ഹതപ്പെട്ട എസ്.എസ്.എ ഫണ്ട് ഉടനെ അനുവദിക്കാമെന്ന് ചൊവ്വാഴ്ച കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ ധരിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ മണിക്കൂറുകള്‍ പിന്നിടുമ്പോഴാണ് സര്‍ക്കാര്‍ പണം സംസ്ഥാനത്തിനായി അനുവദിച്ചിരിക്കുന്നതും.
തടഞ്ഞുവെച്ച കേരളത്തിന്റെ ഫണ്ട് വൈകാതെ കൈമാറുമെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യ ഭട്ടിയാണ് കേന്ദ്രത്തിന് വേണ്ടി സുപ്രീം കോടതിയെ അറിയിച്ചത്.
സ്പെഷ്യല്‍ അധ്യാപകരുടെ നിയമനവുമായി ബന്ധപ്പെട്ട് കേരളം സമര്‍പ്പിച്ച ഹരജിയിലായിരുന്നു കേന്ദ്രത്തിന്റെ മറുപടി.
സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ക്ക് അനുസൃതമായ ഫണ്ട് നല്‍കാതെ കേന്ദ്രം തടഞ്ഞുവെച്ചിരിക്കുകയാണ് എന്ന് സംസ്ഥാനം കോടതിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു.
സ്പെഷ്യല്‍ അധ്യാപകരുടെ നിയമനം നടത്താത്തത് കേന്ദ്രം ഫണ്ട് നല്‍കാത്തതുകൊണ്ടാണെന്നും സംസ്ഥാനം കോടതിയെ ധരിപ്പിച്ചിരുന്നു.
തുടര്‍ന്നാണ് കേരളത്തിന് അര്‍ഹതപ്പെട്ട ഫണ്ട് നല്‍കാമെന്ന് സുപ്രീം കോടതിയില്‍ കേന്ദ്രത്തിന് വേണ്ടി ഹാജരായ എ.എസ്.ജി ഉറപ്പ് നല്‍കിയത്.
ഇതോടൊപ്പം സ്പെഷ്യല്‍ അധ്യാപകരെ സ്ഥിരപ്പെടുത്താന്‍ ഉടനെ തന്നെ സംസ്ഥാനം നടപടികള്‍ സ്വീകരിക്കണമെന്ന് കോടതി കേരളത്തിന് നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍നടപടികള്‍ ജനുവരി 31നകം പൂര്‍ത്തിയാക്കി സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും നിര്‍ദേശിച്ചിരുന്നു.
Content Highlight: Center transfers first installment of withheld SSK funds; Rs 92.41 crore reaches state’s account