| Thursday, 7th February 2019, 6:48 pm

മമതാ ബാനര്‍ജിയുടെ ധര്‍ണ്ണയില്‍ പങ്കെടുത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്കൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; ആറ് ഐ.പി.എസ് ഉദ്യോഗസ്ഥരുടെ മെഡലുകള്‍ തിരിച്ചെടുക്കുമെന്ന് റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പശ്ചിമ ബംഗാളിലെ ഐ.പി.എസ് ഉദ്യോഗസ്ഥനായ രാജീവ് കുമാറിനെ അറസ്റ്റ് ചെയ്യാന്‍ സി.ബി.ഐ ഉദ്യോഗസ്ഥര്‍ എത്തിയതില്‍ പ്രതിഷേധിച്ച് മമതാ ബാനര്‍ജിയുടെ നേതൃത്തത്തില്‍ നടത്തിയ ധര്‍ണ്ണയില്‍ പങ്കെടുത്ത ആറ് ഐ.പി.എസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ നടപടിയെന്ന് റിപ്പോര്‍ട്ട്.

ധര്‍ണയില്‍ പങ്കെടുത്ത പശ്ചിമ ബംഗാള്‍ ഡി.ജി.പി വിരേന്ദ്ര, കൊല്‍ക്കത്ത കമ്മീഷണര്‍ രാജീവ് കുമാര്‍, എ.ഡി.ജി വിനീത് കുമാര്‍ ഗോയല്‍, എ.ഡി.ജി (ലോ ആന്റ് ഓഡര്‍) അനുജ് ശര്‍മ, ബിദ്ധന്നഗര്‍ പൊലീസ് കമ്മീഷണര്‍ ഗ്യാന്‍വന്ത് സിങ്ങ്, അഡീഷണല്‍ കമ്മീഷണര്‍ സുപ്രതിം സര്‍ക്കാര്‍ എന്നിവര്‍ക്കെതിരെ നടപടി ഉണ്ടാവുമെന്ന് ദി ഹിന്ദു റിപ്പോര്‍ട്ടു ചെയ്യുന്നു.

ഇവര്‍ക്ക് ലഭിച്ച മെഡലുകള്‍ തിരിച്ചെടുക്കുമെന്നും ഭാവിയില്‍ കേന്ദ്ര സര്‍ക്കാറിന്റെ കീഴില്‍ ഇവരെ ചുമതലകള്‍ ഏല്‍പ്പിക്കില്ലെന്നും ആഭ്യന്തരമന്ത്രാലയം തീരുമാനിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

Also Read കോടതിയെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അമിത് ഷാ അനുവദിക്കുന്നില്ല ; മൂന്ന് മാസത്തിനുള്ളില്‍ മോദിക്ക് യാഥാര്‍ത്ഥ്യം മനസിലാകുമെന്ന് രാഹുല്‍

“ഉദ്യോഗസ്ഥര്‍ പദവിയിലിരിക്കെ യൂണിഫോം ധരിച്ചു കൊണ്ട് ധര്‍ണ്ണയിലിരിക്കുന്നതിനെ കേന്ദ്ര ആഭ്യന്തരമ മന്ത്രാലയം ഗൗരവമായാണ് കാണുന്നത്. ആള്‍ ഇന്ത്യാ സര്‍വീസ് കണ്ടക്റ്റ് റൂള്‍ പ്രകാരം ധര്‍ണ്ണയില്‍ പങ്കെടുത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം പശ്ചിമ ബംഗാളിനോട് ആവശ്യപ്പെട്ടിട്ടുണ്ട്”- പേരു വെളിപ്പെടുത്താത്ത ഒരു വൃത്തത്തെ ഉദ്ധരിച്ച് ദി ഹിന്ദു റിപ്പോര്‍ട്ടു ചെയ്യുന്നു.

ശാരദാ ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട് കൊല്‍ക്കത്ത പോലീസ് കമ്മിഷണറെ ചോദ്യംചെയ്യാനുള്ള സി.ബി.ഐ. നീക്കത്തിനെതിരെ മുഖ്യമന്ത്രി മമതാ ബാനര്‍ജി ഞായറാഴ്ച രാത്രി കൊല്‍ക്കത്തയില്‍ ധര്‍ണയാരംഭിച്ചത്. ഭരണഘടനാ സംവിധാനത്തെയും ഫെഡറല്‍ വ്യവസ്ഥയെയും തകര്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതായും മമത ആരോപിച്ചിരുന്നു.

സംഭവത്തില്‍ സുപ്രീം കോടതി ഇടപെടുകയും കമ്മീഷണര്‍ രാജീവ് കുമാര്‍ സി.ബി.ഐയുടെ അന്വേഷണവുമായി സഹകരിക്കണമെന്നും എന്നാല്‍ കമ്മീഷണറെ അറസ്റ്റ് ചെയ്യരുതെന്നും കോടതി നിര്‍ദേശിച്ചിരുന്നു.

ശാരദാ ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ കൊല്‍ക്കത്ത പോലീസ് കമ്മിഷണര്‍ സി.ബി.ഐക്ക് മുന്നില്‍ ഹാജരാകണമെന്നും സുപ്രീം കോടതി പറഞ്ഞിരുന്നു.



We use cookies to give you the best possible experience. Learn more