| Wednesday, 30th July 2025, 10:55 am

ടിക് ടോക്കിലെ ഇസ്രഈല്‍ വിരുദ്ധ ഉള്ളടക്കങ്ങളുടെ സെന്‍സറിങ്; മുന്‍ ഇസ്രഈലി സൈനികന് നിയമനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടെല്‍ അവീവ്: സയണിസ്റ്റ് വിരുദ്ധ കണ്ടന്റുകള്‍ നിയന്ത്രിക്കാനായി ഇസ്രഈലുമായി ദീര്‍ഘകാല ബന്ധമുള്ള സൈനികനെ നിയമിച്ച് ടിക് ടോക്ക്. ഇസ്രഈല്‍ സൈന്യത്തില്‍ ഇന്‍സ്ട്രക്ടറായി സേവനമനുഷ്ഠിച്ച എറിക്ക മിന്‍ഡലിനെയാണ് നിയമിച്ചതെന്ന് കമ്പനി ജ്യൂയിഷ് ഇന്‍സൈഡറിനോട് പറഞ്ഞു.

ടിക് ടോക്കില്‍ വരുന്ന സയണിസ്റ്റ് വിരുദ്ധ ഉള്ളടക്കത്തില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച് വിദ്വേഷ പ്രസംഗത്തെക്കുറിച്ചുള്ള കമ്പനിയുടെ നിലപാടുകള്‍ ശക്തമായി മുന്നോട്ട് കൊണ്ടുപോകുക, പ്ലാറ്റ്‌ഫോമില്‍ വരുന്ന ഇത്തരം കണ്ടന്റുകളുടെ സ്വഭാവം പരിശോധിക്കുക, വിശകലനം നടത്തുക, നിയമത്തിന്റെ പരിധിയില്‍ നിന്ന് അതിനെതിരെ നടപടിയെടുക്കുക തുടങ്ങിയവയായിരിക്കും പുതുതായി നിയമിക്കപ്പെട്ട ജീവനക്കാരന്റെ ജോലിയെന്ന് കമ്പനി പറയുന്നു.

ഗസയിലെ ഫലസ്തീനികള്‍ക്കെതിരെ ഇസ്രഈല്‍ നടത്തുന്ന അതിക്രമം വര്‍ദ്ധിച്ച് വരുന്ന സാഹചര്യത്തില്‍ ടിക് ടോക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമില്‍ ഇസ്രഈലിനെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ നിയമനം. ഈ നിയമനം ടിക് ടോക്കിലെ ഫലസ്തീന്‍ അനുകൂല ഉള്ളടക്കത്തിന്റെ സെന്‍സര്‍ഷിപ്പിനെക്കുറിച്ചുള്ള ആശങ്കകള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

ടിക് ടോക്കിലെ തന്റെ പുതിയ റോളിനെ ‘പബ്ലിക് പോളിസി മാനേജര്‍, ഹേറ്റ് സ്പീച്ച്, അറ്റ് ടിക് ടോക്ക്’ എന്ന് എറിക്ക മിന്‍ഡ തന്റെ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

2023ല്‍ ജൂത ഫെഡറേഷന്‍സ് ഓഫ് നോര്‍ത്ത് അമേരിക്ക നടത്തിയ ഒരു സര്‍വേയില്‍, ടിക് ടോക്കില്‍ ഒരു ദിവസം 30 മിനിറ്റില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്ന ഉപയോക്താക്കള്‍ ഇസ്രഈലിനെ വിമര്‍ശനാത്മകമായി വീക്ഷിക്കുന്നതിനുള്ള സാധ്യത 17 ശതമാനം കൂടുതലാണെന്ന് പറയുന്നു.

എന്നാല്‍ ടിക് ടോക്കില്‍ ഇസ്രഈലി സൈനിക സഹായിയെ നിയമിച്ചതിനെതിരെ പ്രതിഷേധം കടുക്കുകയാണ്. സോഷ്യല്‍ മീഡിയയിലൂടെയുള്ള ഫലസ്തീന്‍ അനുകൂല ക്യാമ്പെയിനുകളെ നിശബ്ദമാക്കുകയാണ് ഇതുവഴി ലക്ഷ്യം വെക്കുന്നതെന്നാണ് വിമര്‍ശനം.

Content Highlight: Censorship of anti-Israel content on TikTok; Former Israeli soldier appointed

We use cookies to give you the best possible experience. Learn more