ഹോളിവുഡ് സിനിമാപ്രേമികള്‍ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് സൂപ്പര്‍മാന്‍. ഡി.സി. കോമിക്‌സിലെ എക്കാലത്തെയും ശക്തനായ സൂപ്പര്‍ഹീറോയുടെ റീബൂട്ട് വേര്‍ഷനാണ് പ്രദര്‍ശനത്തിനെത്തുന്നത്. മാര്‍വലിനായി ഒരുപാട് ഹിറ്റുകളൊരുക്കിയ ജയിംസ് ഗണ്ണാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രിവ്യൂ ഷോയില്‍ ഗംഭീര അഭിപ്രായമാണ് സൂപ്പര്‍മാന്‍ സ്വന്തമാക്കിയത്.
ഇന്ത്യക്ക് പുറത്ത് PG 13 സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിട്ടുള്ളത്. ഇപ്പോഴിതാ ഇന്ത്യയില്‍ ചിത്രത്തിന്റെ സെന്‍സറിങ് അവസാനിച്ചിരിക്കുകയാണ്. UA സര്‍ട്ടിഫിക്കറ്റ് ലഭിച്ച ചിത്രത്തിന് മൂന്ന് കട്ടുകളാണ് സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചത്. മോശം പദപ്രയോഗങ്ങള്‍ വരുന്ന ഭാഗങ്ങളെല്ലാം മ്യൂട്ട് ചെയ്യാന്‍ സി.ബി.എഫ്.സി ആവശ്യപ്പെട്ടിട്ടുണ്ട്.
മോശം ആംഗ്യം കാണിക്കുന്ന എട്ട് സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഷോട്ട് നീക്കം ചെയ്യണമെന്നും സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ട് സീനുകളിലായി കാണിക്കുന്ന സെന്‍ഷ്വലായിട്ടുള്ള 33 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഷോട്ടും ഒഴിവാക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ചിത്രത്തിന്റെ ട്രെയ്‌ലറില്‍ കാണിച്ച ചുംബനരംഗത്തെക്കുറിച്ച് ബോര്‍ഡ് പ്രത്യേകിച്ചൊന്നും മെന്‍ഷന്‍ ചെയ്തിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഈ നിര്‍ദേശങ്ങളെല്ലാം ചിത്രത്തിന്റെ നിര്‍മാതാക്കളായ വാര്‍ണര്‍ ബ്രോസ് അംഗീകരിച്ചെന്നും കേള്‍ക്കുന്നുണ്ട്. ഈ വര്‍ഷം പുറത്തിറങ്ങിയ മാര്‍വലിന്റെ തണ്ടര്‍ബോള്‍ട്‌സ് എന്ന ചിത്രത്തിലും മോശം പദപ്രയോഗങ്ങളെല്ലാം ഒഴിവാക്കാന്‍ സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചിരുന്നു. അതെല്ലാം പാലിച്ചുകൊണ്ടാണ് തണ്ടര്‍ബോള്‍ട്‌സ് പ്രദര്‍ശത്തിനെത്തിയത്.
തുടര്‍പരാജയങ്ങള്‍ക്ക് ശേഷം ഡി.സിയുടെ ഗംഭീര തിരിച്ചുവരവാകും സൂപ്പര്‍മാനെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ 12 വര്‍ഷമായി സൂപ്പര്‍മാനായി വേഷമിടുന്ന ഹെന്റി കാവില്‍ അടുത്തിടെ ഡി.സിയില്‍ നിന്ന് പിന്മാറിയിരുന്നു. ചെറിയ വേഷങ്ങളിലൂടെ ശ്രദ്ധേയനായ ഡേവിഡ് കൊറെന്‍സ്വെറ്റാണ് പുതിയ സൂപ്പര്‍മാന്‍.
അടിമുടി മാറ്റങ്ങളുമായെത്തുന്ന ചിത്രം ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയമാകുമെന്നാണ് സിനിമാലോകം കരുതുന്നത്. ജോക്കറിന് ശേഷം വണ്‍ ബില്യണ്‍ ക്ലബ്ബില്‍ ഇടം പിടിക്കാന്‍ സൂപ്പര്‍മാന് സാധിക്കുമെന്നാണ് പ്രതീക്ഷ. ഐമാക്‌സ് ഫോര്‍മാറ്റിലടക്കം പ്രദര്‍ശനത്തിനെത്തുന്ന ചിത്രം ജൂലൈ 11ന് തിയേറ്ററുകളിലെത്തും.
Content Highlight: Censor Board suggests three cuts for Superman movie