തമിഴ് സിനിമ കണ്ട ഏറ്റവും മികച്ച സംവിധായകരിലൊരാളായ വെട്രിമാരന്‍ തന്റെ പുതിയ സിനിമയായ മനുഷിക്ക് വേണ്ടി തമിഴ്‌നാട് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ചിത്രത്തിലെ 36 ഭാഗങ്ങള്‍ കട്ട് ചെയ്യണമെന്ന സെന്‍സര്‍ ബോര്‍ഡിന്റെ ആവശ്യത്തിനെതിരെയാണ് വെട്രിമാരന്‍ കോടതിയെ സമീപിച്ചത്. സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദേശങ്ങള്‍ അനുസരിച്ചാല്‍ മാത്രമേ ചിത്രത്തിന് പ്രദര്‍ശനാനുമതി ലഭിക്കുകയുള്ളൂ.
സെന്‍സര്‍ ബോര്‍ഡിന് ഹാലിളകാന്‍ വേണ്ടി എന്താണ് ചിത്രത്തിലുള്ളതെന്നറിയാന്‍ വെറുതേ ട്രെയ്‌ലര്‍ വെച്ചുനോക്കി. ഇന്നത്തെ ഇന്ത്യന്‍ പൊലീസ് വ്യവസ്ഥിതിയെ പച്ചക്ക് അവതരിപ്പിച്ച ചിത്രമാണ് മനുഷിയെന്ന് ട്രെയ്‌ലറില്‍ നിന്ന് വ്യക്തമാണ്. തീവ്രവാദിയാണെന്ന സംശയത്തില്‍ ഒരു അച്ഛനെയും മകളെയും കസ്റ്റഡിയിലെടുക്കുന്നതായി കാണിച്ചുകൊണ്ടാണ് ട്രെയ്‌ലര്‍ തുടങ്ങുന്നത്.
രണ്ട് പേരെയും വെവ്വേറെ സ്ഥലത്ത് വെച്ചാണ് ചോദ്യം ചെയ്യുന്നത്. മനുഷി എന്ന പെണ്‍കുട്ടിയെ ഇരുട്ടുമുറിയില്‍ അടച്ചിടുകയും അച്ഛനായ രാമസ്വാമിയെ അര്‍ദ്ധനഗ്നനാക്കിയുമാണ് ചോദ്യം ചെയ്യുന്നത്. ചോദ്യം ചെയ്യുന്ന സമയത്ത് മനുഷിയോട് ബാത്ത്‌റൂമില്‍ ഇരിക്കുന്നതുപോലെ നിലത്ത് ഇരിക്കാനാണ് പൊലീസ് ആവശ്യപ്പെടുന്നത്.
കുറ്റവാളിയാണെന്ന ചിന്ത ഒരിക്കലും വിടരുതെന്ന് മേലുദ്യോഗസ്ഥന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്ന നാസര്‍ മറ്റ് പൊലീസുകാര്‍ക്ക് നിര്‍ദേശം നല്‍കുന്ന രംഗവും ട്രെയ്‌ലറിലുണ്ട്. അച്ഛന്റെ പേര് രാമസാമിയാണെന്ന് മനുഷി പറയുമ്പോള്‍ ജാതി തിരിച്ചറിയാന്‍ വേണ്ടി ‘സാമിയെന്നാണോ സ്വാമിയെന്നാണോ’ എന്ന് ചോദിക്കുന്ന പൊലീസുകാരനും ഇന്നത്തെ ഇന്ത്യയുടെ ഭാഗമാണ്.
‘ഞങ്ങളുടെ പേര് ഞങ്ങളുടെ ഇഷ്ടത്തിന് എഴുതാനുള്ള സ്വാതന്ത്ര്യം പോലും ഞങ്ങള്‍ക്കില്ലേ’ എന്ന മനുഷിയുടെ ചോദ്യവും ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. ജാതി, മതം, വര്‍ഗം, നിറം എന്നിവയാല്‍ സമൂഹത്തിലുണ്ടാക്കി വെച്ച അതിര്‍ത്തികളെ ഇല്ലാതാക്കാന്‍ പുതിയ തലമുറയെ പഠിപ്പിക്കുന്ന സംഘടനയിലുള്ള ആളാണ് താനെന്ന് മനുഷി പറയുന്നുണ്ട്.
‘ഇത് ജനാധിപത്യ രാജ്യമാണ്’ എന്ന് നാസറിന്റെ കഥാപാത്രം പറയുമ്പോള്‍ ‘ജാതിയാല്‍ ഉണ്ടാക്കപ്പെട്ട ജനാധിപത്യമല്ലേ’ എന്ന് നായിക ചോദിക്കുന്നുണ്ട്. ‘ഇന്ത്യ എന്ന രാജ്യമുണ്ടാകുന്നതിന് മുമ്പ് ഇവിടെ ജാതിയുണ്ടായിരുന്നു’ എന്ന നാസറിന്റെ ഡയലോഗിന് ‘ജാതി ഉണ്ടാക്കിയവരാണ് ഇന്ത്യ എന്ന രാജ്യം ഉണ്ടാക്കിയത്’ എന്ന് മനുഷി മറുപടി നല്‍കുന്നുണ്ട്.
ഇന്ത്യ എന്ന രാജ്യം ഉണ്ടാകുന്നതിന് മുമ്പ് ഇവിടെ ഞങ്ങളെല്ലാവരും ഉണ്ടായിരുന്നു എന്ന് നായിക പറയുന്നത് ദ്രാവിഡവാദം ഉയര്‍ത്തുന്ന ഒന്നാണ്. മറ്റ് ഭാഷകളുടെ മേല്‍ ഹിന്ദി അടിച്ചേല്പിച്ച് സംസ്‌കാരങ്ങളെ ഇല്ലാതാക്കാന്‍ കേന്ദ്ര ഭരണകൂടം ശ്രമിക്കുന്ന ഈ സമയത്ത് മനുഷി പറയുന്ന രാഷ്ട്രീയം പലരെയും പൊള്ളിക്കുമെന്ന് ഉറപ്പാണ്.
‘ഏകാധിപതികളുടെ ഏറ്റവും വലിയ ഉയര്‍ച്ച തന്റെ ജനങ്ങളെ സ്വതന്ത്രരായി ചിന്തിക്കാന്‍ പോലും അനുവദിക്കാത്തതാണ്’ എന്ന ഡയലോഗ് ഇപ്പോഴത്തെ സെന്‍സര്‍ ബോര്‍ഡിനെ തീര്‍ച്ചയായും ഹാലിളക്കിയിട്ടുണ്ടാകും. എമ്പുരാനില്‍ ഗുജറാത്ത് കലാപം കാണിച്ചപ്പോള്‍ പൊള്ളിയ, സാവിത്രി ഫൂലേയുടെ ബയോപിക്കില്‍ അന്നത്തെ ബ്രാഹ്‌മണ സമൂഹം കാണിച്ച നെറികേടുകള്‍ ചിത്രീകരിച്ചത് കട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട സെന്‍സില്ലാത്ത ബോര്‍ഡ് മനുഷിയെ ഇത്രയും വെട്ട് വെട്ടാതിരുന്നില്ലെങ്കിലേ അത്ഭുതമുള്ളൂ.
Content Highlight: Censor Board suggested 36 cuts for Manushi movie produced by Vetrimaaran