സിനിമ റിലീസ് പ്രതിസന്ധിയിലാക്കി വീണ്ടും സെന്‍സര്‍ ബോര്‍ഡിന്റ വിചിത്ര ഇടപെടല്‍. ഷെയ്ന്‍ നിഗം ചിത്രം ഹാലില്‍ നിന്ന് രാഖി, ധ്വജപ്രണാമം, സംഘം കാവലുണ്ട്, ഗണപതി വട്ടം തുടങ്ങിയ ഡയലോഗുകള്‍ നീക്കം ചെയ്യാനാണ് സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശം. കഥാപാത്രങ്ങള്‍ ബീഫ് ബിരിയാണി കഴിക്കുന്ന രംഗങ്ങള്‍ ഒഴിവാക്കണമെന്നുമുള്ള വിചിത്ര നിര്‍ദേശവുമുണ്ട്. ഉണ്ട്.
സെപ്റ്റംബര്‍ ഒന്നിനാണ് ഹാല്‍ സിനിമ സെന്‍സറിങ്ങിന് അയച്ചത്. രണ്ടാഴ്ച്ച കൊണ്ട് കിട്ടേണ്ട സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നീണ്ടുപോയതിനാല്‍ മുമ്പ് മൂന്ന് തവണ നിശ്ചയിച്ച റിലീസ് മാറ്റി വെച്ചിരുന്നു.
മൂന്ന് മ്യൂട്ടുകളോടെ സെന്‍സര്‍ പൂര്‍ത്തിയായെന്ന് അറിയിച്ചത് പ്രകാരം വീണ്ടും ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചെങ്കിലും റിവൈസിങ്ങ് കമ്മിറ്റിയുടെ അനുമതിക്കായി സിനിമ അയക്കുകയാണെന്ന് അറിയിച്ചതോടെ വീണ്ടും റിലീസ് മുടങ്ങി. ഒടുവില്‍ റിവൈസിങ്ങ് കമ്മിറ്റിയുടെ സെന്‍സര്‍ പൂര്‍ത്തിയായതോടെയാണ് വിചിത്രമായ നിര്‍ദേശങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ക്ക് കിട്ടുന്നത്.
ചിത്രത്തിന്റെ കഥാഗതിയെ അട്ടിമറിക്കുന്ന ഏഴ് വെട്ടുകളാണ് സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചിരിക്കുന്നത്. ഞങ്ങളുടെ സംഘം കാവലുണ്ട്, ധ്വജപ്രണാമം എന്നീ ഡയലോഗ് വെട്ടണം. കഥാപാത്രങ്ങള്‍ കയ്യില്‍ കെട്ടിയ രാഖി ബ്ലര്‍ ചെയ്ത് നീക്കണം. സിനിമയിലെ കഥാപാത്രങ്ങള്‍ ബീഫ് ബിരിയാണി കഴിക്കുന്ന രംഗം ഒഴിവാക്കണം എന്നീ നിര്‍ദേശങ്ങളാണ് സെന്‍സര്‍ ബോര്‍ഡ് പറയുന്നത്.
എന്നാല്‍ സിനിമയിലെ കഥാപാത്രങ്ങള്‍ എവിടെയും ബീഫ് ബിരിയാണി കഴിക്കുന്നതായി പറയുന്നില്ലെന്നും സീനിലുള്ളത് ബീഫ് ബിരിയാണി ആണെന്ന് സെന്‍സര്‍ ബോര്‍ഡ് അനുമാനിക്കുകയാണ് ചെയ്തതെന്നും സംവിധായകന്‍ വീര പറഞ്ഞു.
ഒരിക്കലും നീതി പൂര്‍ണ്ണമല്ലാത്ത നിര്‍ദേശങ്ങളാണ് സെന്‍സര്‍ ബോര്‍ഡ് തങ്ങള്‍ക്ക് നല്‍കിയതെന്നും സംവിധായകന്‍ പറഞ്ഞു. തങ്ങളുടെ സിനിമയില്‍ ഒരു തരത്തിലുള്ള വയലന്‍സോ ന്യൂഡിറ്റിയോ ഒന്നും ഇല്ലെന്നും അദ്ദേഹം പറഞ്ഞു. അതേസയം സെന്‍സര്‍ ബോര്‍ഡിനെതിരെ ഹാല്‍ ചിത്രത്തിന്റെ അണിയറപ്രവത്തകര്‍ ഹൈക്കോടതിയില്‍ ഹരജി നല്‍കിയിട്ടുണ്ട്.
Content highlight: Censor board’s strange directive to the movie Hal