വലത് രാഷ്ട്രീയത്തിനെതിരെ സംസാരിക്കുന്ന സിനിമകളില്‍ യാതൊരു മടിയും കൂടാതെ സെന്‍സര്‍ കട്ടുകള്‍ നടപ്പിലാക്കുന്നത് ഇന്നത്തെക്കാലത്ത് പുതുമയുള്ള കാര്യമല്ല. മലയാളത്തില്‍ ഷെയ്ന്‍ നിഗം നായകനായ ഹാല്‍ എന്ന ചിത്രത്തില്‍ ബാലിശമായ കാര്യങ്ങളില്‍ സെന്‍സര്‍ കട്ടുകള്‍ ചെയ്തത് അടുത്തിടെ വലിയ വാര്‍ത്തയായിരുന്നു.
പരാശക്തി.
സുധ കൊങ്കര സംവിധാനം ചെയ്ത് ശിവകാര്‍ത്തികേയന്‍ നായകനായെത്തുന്ന പരാശക്തിക്കുമേല്‍ നടത്തിയ സെന്‍സര്‍ കട്ടുകളാണ് ഇപ്പോള്‍ സിനിമാ മേഖലയില്‍ ചര്‍ച്ചയാകുന്നത്. 1960 കാലഘട്ടത്തില്‍ മദ്രാസ് സ്‌റ്റേറ്റില്‍ ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതിനെതിരെ സമരം ചെയ്ത് രക്തസാക്ഷിയായ വിദ്യാര്‍ത്ഥി നേതാവ് രാജേന്ദ്രന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
ന്യൂസ് 18 ചാനല്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതിനെ ചോദ്യം ചെയ്യുന്ന പ്രധാനപ്പെട്ട സംഭാഷണങ്ങളും രംഗങ്ങളും ചിത്രത്തില്‍ നിന്നും നീക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 1960 കാലഘട്ടത്തിലെ സമൂഹിക രാഷ്ട്രീയ സ്ഥിതിഗതികള്‍ സൂചിപ്പിക്കുന്ന രംഗങ്ങളാണ് ഇതില്‍ ഭൂരിഭാഗവുമെന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം സെന്‍സര്‍ ബോര്‍ഡിന്റെ പ്രവര്‍ത്തിയില്‍ ചിത്രത്തിന്റെ സംവിധായകയും അണിയറപ്രവര്‍ത്തകരും അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. സാധാരണ കൊമേഷ്യല്‍ ചിത്രമല്ല പരാശക്തിയെന്നും ഒരു പ്രത്യേക കാലഘട്ടത്തില്‍ നടക്കുന്ന സോഷ്യോ പൊളിറ്റിക്കല്‍ ഡ്രാമയാണെന്നും ചില ഭാഗങ്ങള്‍ മാത്രമായി കട്ട് ചെയ്യുന്നത് സത്യം ജനങ്ങളിലേക്കെത്തിക്കുന്നത് ഇല്ലാതാക്കുമെന്നും സംവിധായക പറഞ്ഞു.
ഈ സാഹചര്യത്തിലാണ് സെന്‍സര്‍ ബോര്‍ഡിന്റെ തീരുമാനം പുനപരിശോധിക്കുന്നതിനായി ചിത്രം റിവൈസിങ്ങ് കമ്മറ്റിക്ക് അയച്ചത്. വിജയ് നായകനായെത്തുന്ന അവസാന ചിത്രം ജന നായകനൊപ്പം ക്ലാഷായി ജനുവരി 10 നാണ് പരാശക്തിയുടെ റിലീസ് തീരുമാനിച്ചിരിക്കുന്നത്.
പരാശക്തി, ജനനായകന്‍. Photo: parallax cinemas/ x.com
സെന്‍സര്‍ ബോര്‍ഡിന്റെ ഇടപെടലിനെ തുടര്‍ന്ന് ചിത്രത്തിന്റെ റിലീസ് വൈകുമോയെന്ന ആശങ്കയും ഇതോടെ ആരാധകര്‍ക്കുണ്ട്. ശിവകാര്‍ത്തികേയന്റെ കരിയറിലെ 25ാമത്തെ ചിത്രവും സംഗീത സംവിധായകന്‍ ജി.വി പ്രകാശിന്റെ കരിയറിലെ നൂറാമത്തെ ചിത്രവുമെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
ആകാശ് ഭാസ്‌കരന്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ രവി മോഹന്‍, ശ്രീലാല, അഥര്‍വ്വ തുടങ്ങിയവരും പ്രധാനവേഷത്തിലെത്തുന്നു. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ഒരുക്കിയ സെറ്റ് പ്രേക്ഷകര്‍ക്കായി തുറന്ന് കൊടുത്തിരുന്നു. വലിയ പ്രതികരണമാണ് ഈ എക്‌സിബിഷന് ലഭിച്ചത്.
Content Highlight: censor board issue edit for parasakthi movie