| Friday, 20th March 2026, 9:24 pm

ഇന്ത്യ-ഇസ്രഈല്‍ ബന്ധം തകര്‍ക്കും; 'ദി വോയിസ് ഓഫ് ഹിന്ദ് റജബി'ന് പ്രദര്‍ശനാനുമതി നിഷേധിച്ച് സെന്‍സര്‍ ബോര്‍ഡ്

അനിത സി

ന്യൂദല്‍ഹി: ഇസ്രഈലുമായുള്ള ഇന്ത്യയുടെ ബന്ധം വഷളാകുമെന്ന് ചൂണ്ടിക്കാണിച്ച് ‘ദി വോയിസ് ഓഫ് ഹിന്ദ് റജബി’ന് ഇന്ത്യയില്‍ പ്രദര്‍ശനത്തിനുള്ള അനുമതി നിഷേധിച്ച് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ (സി.ബി.എഫ്.സി).

ഗസയിലെ ഫലസ്തീനികള്‍ക്കെതിരായ ഇസ്രഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട അഞ്ചുവയസുകാരി ഹിന്ദ് റജബിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രമാണ് ദി വോയിസ് ഓഫ് ഹിന്ദ് റജബ്. മികച്ച അന്താരാഷ്ട്ര ചിത്രത്തിനുള്ള ഓസ്‌കാര്‍ നോമിനേഷന്‍ ലഭിച്ച ചിത്രമാണിത്.

ചിത്രത്തിന് അനുമതി നല്‍കാന്‍ സെന്‍സര്‍ ബോര്‍ഡ് വിസമ്മതിച്ചതായി ഇന്ത്യയില്‍ ചിത്രം വിതരണത്തിനെടുത്ത ജയ് വിരാത്ര എന്റര്‍ടെയ്‌ന്മെന്റിലെ മനോജ് നന്ദ്‌വാന അറിയിച്ചു. സി.ബി.എഫ്.സി ചിത്രത്തിന് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ വിസമ്മതിച്ചു. കൂടാതെ, ഈ ചിത്രം റിലീസ് ചെയ്താല്‍ അത് ഇന്ത്യ-ഇസ്രഈല്‍ ബന്ധം തകര്‍ക്കുമെന്ന് ഒരു സി.ബി.എഫ്.സി അംഗം പറഞ്ഞതായും നന്ദ്‌വാന വെളിപ്പെടുത്തി.

ഇന്ത്യ- ഇസ്രഈല്‍ ബന്ധം ശക്തമാണ്. ഈ സിനിമ കാരണം ആ ബന്ധം തകരുമെന്ന് കരുതുന്നത് മണ്ടത്തരമാണെന്നും താന്‍ അവരെ അറിയിച്ചതായും അദ്ദേഹം പ്രതികരിച്ചു. വോയ്‌സ് ഓഫ് ഹിന്ദ് റജബിന് യു.എസ്, യു.കെ, ഇറ്റലി, ഫ്രാന്‍സ് തുടങ്ങിയ ഇസ്രഈലുമായി ബന്ധമുള്ള നിരവധി രാജ്യങ്ങളില്‍ പ്രദര്‍ശനാനുമതി ലഭിച്ചിട്ടുണ്ട്. എന്നാലും അവര്‍ അത് സെന്‍സര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഇസ്രഈല്‍ സൈന്യം ക്രൂരമായി കൊലപ്പെടുത്തിയ അഞ്ച് വയസുകാരിയായ ഫലസ്തീന്‍ പെണ്‍കുട്ടി ഹിന്ദ് റജബിന്റെ യഥാര്‍ത്ഥ ജീവിതത്തെ കുറിച്ച് പറയുന്ന ചിത്രം അന്താരാഷ്ട്ര തലത്തില്‍ വലിയ നിരൂപക പ്രശംസ നേടിയിരുന്നു.

ഇന്ത്യയില്‍ മാര്‍ച്ചില്‍ തന്നെ റിലീസ് ചെയ്യാനായിരുന്നു അണിയറ പ്രവര്‍ത്തകരുടെ തീരുമാനം, എന്നാല്‍, സെന്‍സര്‍ ബോര്‍ഡ് അനുമതി ലഭിക്കാത്തതിനാല്‍ ചിത്രത്തിന്റെ റിലീസ് സംബന്ധിച്ച അപ്‌ഡേറ്റുകള്‍ ലഭ്യമല്ല. ചിത്രം ഇന്ത്യയില്‍ പ്രദര്‍ശിപ്പിക്കാന്‍ സാധിക്കില്ലെന്നാണ് നിലവിലെ സൂചനകള്‍.

ഇസ്രഈല്‍ പ്രതിരോധ സേനയുടെ വെടിവെയ്പ്പിനിടയില്‍ കുടുങ്ങിയ ഫലസ്തീന്‍ പെണ്‍കുട്ടിയെ രക്ഷിക്കാന്‍ ഫലസ്തീന്‍ റെഡ് ക്രസന്റ് സൊസൈറ്റി അംഗങ്ങള്‍ നടത്തുന്ന ശ്രമങ്ങളാണ് വോയിസ് ഓഫ് ഹിന്ദ് റജബ് എന്ന ഡോക്യുഡ്രാമയില്‍ പറയുന്നത്.

ഹിന്ദ് റജബെന്ന ഫലസ്തീന്‍ പെണ്‍കുട്ടിയുടെ കൊലപാതകത്തെ ആസ്പദമാക്കിയെടുത്ത ഡോക്യുഡ്രാമ ഫ്രഞ്ച്-ടുണീഷ്യന്‍ സംവിധായിക കൗഥര്‍ ബെന്‍ ഹാനിയയാണ് സംവിധാനം ചെയ്തിരിക്കുന്നത്. സജ കിലാനി, നോട്ടോസ് മല്‍ഹീസ്, അമര്‍ ഹ്‌ലെഹെല്‍, ക്ലാര ഖൗറി തുടങ്ങിയവര്‍ അഭിനയിച്ച ചിത്രം 2025 നവംബറിലാണ് റിലീസ് ചെയ്തത്.

ഈ വര്‍ഷത്തെ ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ്‌സില്‍ മികച്ച ഇംഗ്ലീഷ് ഇതര ഭാഷാ ചിത്രത്തിനുള്ള നോമിനേഷന്‍, ഓസ്‌കാറിലെ മികച്ച അന്താരാഷ്ട്ര ഫീച്ചര്‍ ചിത്രത്തിനുള്ള നോമിനേഷന്‍ തുടങ്ങിയവയ്ക്ക് ചിത്രം അര്‍ഹമായിരുന്നു.

2024 ജനുവരി 29നാണ് മനുഷ്യ മനസാക്ഷിയെ മരവിപ്പിക്കുന്ന തരത്തില്‍ ക്രൂരമായി ഇസ്രഈല്‍ സേന ഹിന്ദ് റബജിനെയും കുടുംബാംഗങ്ങളെയും കൊലപ്പെടുത്തിയത്. ഗസ സിറ്റിയില്‍ നിന്നും കാറില്‍ പാലായനം ചെയ്യുകയായിരുന്ന ഹിന്ദ് റജബും ബന്ധുക്കളും ഇസ്രഈല്‍ സേനയുടെ വെടിവെപ്പിനിരകളായിരുന്നു.

ആക്രണത്തിനിടെ സഹായം അഭ്യര്‍ത്ഥിച്ച് റെഡ് ക്രസന്റിനെ ഹിന്ദിന്റെ ബന്ധുക്കള്‍ ഫോണില്‍ വിളിച്ചിരുന്നു. ഹിന്ദിനൊപ്പമുണ്ടായിരുന്ന അഞ്ച് ബന്ധുക്കളും കൊല്ലപ്പെട്ടതോടെ കാറില്‍ ഒറ്റപ്പെട്ട പെണ്‍കുട്ടിയെ റെഡ് ക്രസന്റ് മൂന്ന് മണിക്കൂറോളം ഫോണിലൂടെ ആശ്വസിപ്പിച്ചിരുന്നു. പിന്നീട് റെഡ് ക്രസന്റ് ഇടപെടലില്‍ ഹിന്ദ് റജബിന്റെ മാതാവിനെ ഫോണില്‍ കണക്ട് ചെയ്തും നല്‍കിയിരുന്നു.

വൈകാതെ തന്നെ പെണ്‍കുട്ടിയെ രക്ഷിക്കാനായി പാരാമെഡിക്കല്‍ സംഘത്തെ അയക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് രക്ഷാപ്രവര്‍ത്തനത്തിനായി പോയ ആംബുലന്‍സ് സംഘത്തെയും പെണ്‍കുട്ടിയെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു.

കത്തിനശിച്ച നിലയിലുള്ള ആംബുലന്‍സില്‍ നിന്നാണ് പാരാമെഡിക്കല്‍ അംഗങ്ങളുടെ മൃതദേഹം പത്ത് ദിവസത്തിന് ശേഷം കണ്ടെത്തിയത്. ഹിന്ദ് റബജ് കാറില്‍ വെടിയേറ്റനിലയിലുമായിരുന്നു. പിന്നീട്, ഹിന്ദ് റജബ് മാതാവിനോട് സഹായത്തിനായി അപേക്ഷിച്ച് സംസാരിക്കുന്നതിന്റെ ഓഡിയോ റെക്കോര്‍ഡുകള്‍ പുറത്തെത്തിയിരുന്നു. ലോകമനസാക്ഷിയെ ഞെട്ടിച്ച ഇസ്രഈലി സേനയുടെ ക്രൂരതയ്ക്കെതിരെ വലിയ പ്രതിഷേധങ്ങളും ഉയര്‍ന്നിരുന്നു.

Content Highlight: Will destroy India-Israel relations; Censor Board denies screening permission to ‘The Voice of Hind Rajab’

അനിത സി

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more