| Thursday, 26th June 2025, 7:54 pm

ജാനകിയെന്ന പേര് മാറ്റാതെ പ്രദര്‍ശനാനുമതി നല്‍കില്ല; സുരേഷ് ഗോപി ചിത്രത്തിനെതിരെ വീണ്ടും സെന്‍സര്‍ ബോര്‍ഡ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പേര് മാറ്റാതെ സുരേഷ് ഗോപി ചിത്രം ജാനകി വേഴ്‌സസ് സ്‌റ്റേറ്റ് ഓഫ് കേരളയ്ക്ക് പ്രദര്‍ശനാനുമതി നല്‍കില്ലെന്ന് കേന്ദ്ര സെന്‍സര്‍ ബോര്‍ഡ്. സെന്‍സര്‍ ബോര്‍ഡ് റിവൈസ് കമ്മറ്റിയാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകരോട് ഇക്കാര്യം വ്യക്തമാക്കിയത്.

സിനിമയ്ക്ക് പ്രദര്‍ശനനാനുമതി നിഷേധിച്ചതിനെത്തുടര്‍ന്ന് അണിയറ പ്രവര്‍ത്തകര്‍ നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ റിവൈസ് കമ്മറ്റിയുടെ തീരുമാനം കൂടി വന്നതിന് ശേഷം ഹരജി പരിഗണിക്കാം എന്ന നിലപാടാണ് ഹൈക്കോടതി സ്വീകരിച്ചത്. റിവൈസ് കമ്മറ്റി അനുമതി നിഷേധിച്ചതോടെ ഹൈക്കോടതി  നാളെ ഹരജി പരിഗണിക്കും.

ഇന്നലെ മാധ്യമങ്ങളെ കണ്ട സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ഒരു കാരണവശാലും പേര് മാറ്റാന്‍ കഴിയില്ലെന്നും അത് സിനിമയുടെ അവിഭാജ്യഘടകമാണെന്നും വ്യക്തമാക്കിയിരുന്നു.

കേന്ദ്ര മന്ത്രി സുരേഷ് ഗോപി, അനുപമ പരമേശ്വരന്‍ എന്നിവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന് സീതയുടെ പേരായ ജാനകി എന്ന പേര് നല്‍കിയതിനാലാണ് അനുമതി നിഷേധിച്ചതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സ്റ്റേറ്റ്‌ സെന്‍സര്‍ ബോര്‍ഡ് ക്ലീന്‍ ചീറ്റ് നല്‍കിയ സിനിമയായിരുന്നു ഇത്.

പേര് മാറ്റണമെന്ന സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദേശം നിര്‍മാതാക്കള്‍ നിരസിച്ചതോടെ ചിത്രത്തിന്റെ പ്രദര്‍ശന അനുമതി നിഷേധിക്കുകയായിരുന്നു. ഈ മാസം 27നായിരുന്നു ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരളയുടെ റിലീസ് തീരുമാനിച്ചിരുന്നത്.

പ്രവീണ്‍ നാരായണന്‍ രചിച്ച് സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ സുരേഷ് ഗോപിക്കും അനുപമ പരമേശ്വരനും പുറമെ ദിവ്യ പിള്ള, ശ്രുതി രാമചന്ദ്രന്‍, അസ്‌കര്‍ അലി, മാധവ് സുരേഷ് ഗോപി, ബൈജു സന്തോഷ്, ജയന്‍ ചേര്‍ത്തല, ജോയ് മാത്യു, അഭിലാഷ് രവീന്ദ്രന്‍ തുടങ്ങി നീണ്ട താരനിരയാണ് ഉള്ളത്.

സെന്‍സര്‍ ബോര്‍ഡിന്റെ ഈ തീരുമാനത്തിനെതിരെ കഴിഞ്ഞ ദിവസം നിര്‍മാതാക്കളുടെ സംഘടനയായ ഫെഫ്ക രംഗത്ത് വന്നിരുന്നു. ഇത്തരം നിര്‍ദേശങ്ങള്‍ ആവിഷ്‌ക്കാര സ്വാതന്ത്രത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് സംഘടന പറഞ്ഞിരുന്നു.

Content Highlight: Censor Board again opposes Suresh Gopi’s film Janaki vs state of Kerala, says it will not release it without changing the name 

We use cookies to give you the best possible experience. Learn more