| Thursday, 24th September 2026, 3:51 pm

48 മണിക്കൂറിനുള്ളില്‍ ഗ്യാനേഷ് കുമാര്‍ രാജിവെച്ചില്ലെങ്കില്‍ രാജ്യവ്യാപകസമരം: സി.ജെ.പി

ദേവിക ജയചന്ദ്രന്‍

ന്യൂദല്‍ഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ 48 മണിക്കൂറിനുള്ളില്‍ രാജി വെച്ചില്ലെങ്കില്‍ രാജ്യവ്യാപകസമരം തുടങ്ങുമെന്ന് സി.ജെ.പി. ഗ്യാനേഷ് കുമാര്‍ രാജ്യദ്രോഹിയാണെന്നും ജനാധിപത്യത്തിന് വെല്ലുവിളിയാണെന്നും സി.ജെ.പി ആവശ്യപ്പെട്ടു. ദല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കവേയാണ് ഗ്യാനേഷ് കുമാര്‍ രാജിവെക്കാത്ത പക്ഷം രാജ്യവ്യാപകസമരം നടത്തുമെന്ന് സി.ജെ.പി നേതാക്കള്‍ പറഞ്ഞത്.

ജനങ്ങള്‍ സര്‍ക്കാരിനെ തെരഞ്ഞടുക്കുന്നതാണ് ജനാധിപത്യം. എന്നാല്‍ ഗ്യാനേഷ് കുമാര്‍ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ആയതിനുശേഷം ആര് വോട്ട് ചെയ്യണമെന്ന് സര്‍ക്കാര്‍ തീരുമാനിക്കുകയാണ്. ജനാധിപത്യത്തിന്റെ അര്‍ഥം തന്നെ മാറ്റിയിരിക്കുകയാണെന്ന് അഭിജീത് ദീപ്‌കെ പറഞ്ഞു.

മൂന്ന് പ്രധാന ആവശ്യങ്ങളാണ് സി.ജെ.പി ഉന്നയിച്ചത്. ഗ്യാനേഷ് കുമാറിന്റെ രാജിക്ക് പുറമെ ഇനി വരാനിരിക്കുന്ന് തെരഞ്ഞെടുപ്പുകളെല്ലാം നിര്‍ത്തിവെക്കണം, തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ നിയമനം സംബന്ധിച്ച 2023ലെ നിയമം റദ്ദാക്കണം എന്നിവയാണ് അവരുടെ ആവശ്യങ്ങള്‍.

ഗ്യാനേഷ് കുമാറിന്റെ പേരില്‍ ക്രിമിനല്‍ കേസെടുക്കണമെന്നും ആരാണ് ഇങ്ങനെ പ്രവര്‍ത്തിക്കാന്‍ ഗ്യാനേഷ് കുമാറിന് നിര്‍ദേശം നല്‍കിയതെന്ന് കണ്ടത്തെണമെന്നും പാര്‍ട്ടി കോ-കണ്‍വീനര്‍ സൗരവ് ദാസ് പറഞ്ഞു.

എസ്.ഐ.ആര്‍ നടപടികള്‍ നിര്‍ത്തിവെക്കണമെന്നും 2025 ജനുവരിയിലെ വോട്ടേഴ്‌സ് ലിസ്റ്റ് തിരികെക്കൊണ്ടുവരണമെന്നും സി.ജെ.പി ആവശ്യപ്പെട്ടു. ഒരു അന്വേഷണ കമ്മീഷന്‍ രൂപീകരിക്കുകയും എസ്.ഐ.ആറുമായി ബന്ധപ്പെട്ട എല്ലാ തീരുമാനങ്ങളും പരിശോധിക്കണമെന്നും പാര്‍ട്ടി പറഞ്ഞു.

2024 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒറ്റക്ക് ഭൂരിപക്ഷം ലഭിക്കാതെ വന്നപ്പോള്‍ രാജ്യത്ത് മാറ്റം സംഭവിക്കുകയാണെന്നും പ്രാദേശിക ശക്തികള്‍ വളര്‍ന്നുവരികയാണെന്നും തിരിച്ചറിഞ്ഞ ബി.ജെ.പി പാനിക് ബട്ടണ്‍ അമര്‍ത്തുകയായിരുന്നെന്ന് സൗരവ് ദാസ് പറഞ്ഞു. ഇലക്ഷന്‍ കമ്മീഷന്‍ ഇലക്ഷന്‍ കോംപ്രമൈസ്ഡ് കമ്മീഷന്‍ ആയിമാറിയെന്നും വോട്ടേഴ്‌സ് ലിസ്റ്റില്‍ മാറ്റം വരുത്താന്‍ സുപ്രീംകോടതി നിയമസാധുത കൊടുക്കുകയാണെന്നും സൗരവ് പറഞ്ഞു.

സി.ജെ.പി രൂപീകരിച്ചപ്പോള്‍ ഇറക്കിയ മാനിഫെസ്റ്റോയിലെ രണ്ടാമത്തെ ആവശ്യം ഏതൊരു സംസ്ഥാനത്തും ആര് ഭരിച്ചാലും, നിയമപരമായ ഒരു വോട്ട് ഇല്ലാതായാല്‍ ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ക്കുമേല്‍ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്യും എന്നതാണ്.

ഇപ്പോള്‍ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കെതിരെ ജന്തര്‍ മന്ദറില്‍ നടത്തയതുപോലെ സമരം ആവര്‍ത്തിക്കാനൊരുങ്ങുകയാണ് സി.ജെ.പി.

സ്‌കൂള്‍ ഠീക്ക് കരോ കാംപെയ്‌ന്റെ ഭാഗമായി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ സ്‌കൂളുകള്‍ സന്ദര്‍ശനത്തിലായിരുന്നു സി.ജെ.പി സ്ഥാപകന്‍ അഭിജീത് ദീപ്‌കെ.

Content Highlight: CEC Gyanesh Kumar should resign within 48 hours or CJP will start nationwide protest, says CJP leaders.

ദേവിക ജയചന്ദ്രന്‍

ഡൂള്‍ന്യൂസില്‍ ജേണലിസ്റ്റ് ട്രെയിനി. മാതൃഭൂമി മീഡിയ സ്‌കൂളില്‍ നിന്നും പി.ജി. ഡിപ്ലോമ. പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയില്‍ നിന്നും ചരിത്രത്തില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more