| Sunday, 27th September 2026, 2:25 pm

ഇന്ത്യന്‍ ജനാധിപത്യത്തിന് വധശിക്ഷ വിധിച്ച ഗ്യാനേഷ് കുമാറിന് സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ല: വി.ഡി സതീശന്‍

ദേവിക ജയചന്ദ്രന്‍

തിരുവനന്തപുരം: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ ഇന്ത്യന്‍ ജനാധിപത്യത്തിന് വധശിക്ഷ വിധിച്ചയാളാണെന്നും സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നും മുഖ്യമന്ത്രി വി.ഡി.സതീശന്‍.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ മുന്‍ കേരളം ചീഫ് സെക്രട്ടറി ജിജി തോംസന്റെ വെളിപ്പെടുത്തല്‍ അതീവ ഗൗരവമുള്ളതാണെന്നും ഗ്യാനേഷ് കുമാര്‍ ബി.ജെ.പി ഏജന്റായി പ്രവര്‍ത്തിച്ചു എന്നതിന് ഇനിയും തെളിവുകള്‍ വേണ്ടെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

‘ജനാധിപത്യത്തെ ബിജെപിക്ക് വേണ്ടി അട്ടിമറിക്കുന്ന ഏജന്റായിരുന്നു ഗ്യാനേഷ് കുമാറെന്ന് തെളിഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യതയെ ബി.ജെ.പിക്ക് കച്ചവടം നടത്തിയ ഗ്യാനേഷ് കുമാറിനെ ഇന്ത്യന്‍ ജനാധിപത്യത്തിന് വധശിക്ഷ വിധിച്ചയാളെന്ന് ചരിത്രം രേഖപ്പെടുത്തും’, മുഖ്യമന്ത്രി പറഞ്ഞു.

തെരഞ്ഞെടുപ്പ് പ്രകിയയുടെ ശുദ്ധിയെ പറ്റി ഭരണഘടന തന്നെ വ്യക്തമാക്കുന്നുണ്ടെന്നും രാജ്യത്തെ ഏറ്റവും ഉയര്‍ന്ന ഭരണഘടനാ പദവിയില്‍ ഇരുന്ന് ജനാധിപത്യത്തെ അട്ടിമറിച്ച ഗ്യനേഷ് കുമാര്‍ ഒരു നിമിഷം പോലും സ്ഥാനത്ത് തുടരരുതെന്ന് വി.ഡി.സതീശന്‍ വ്യക്തമാക്കി.

അങ്ങേയറ്റം സ്വതന്ത്രമായി പ്രവര്‍ത്തിക്കേണ്ട തെരഞ്ഞെടുപ്പ് കമ്മിഷനെ സംഘ്പരിവാറിന്റെ തൊഴുത്തില്‍ കെട്ടിയ ക്രിമിനല്‍ ബുദ്ധിയുള്ള ഉദ്യോഗസ്ഥനാണ് ഗ്യാനേഷ് കുമാറെന്നും ഗ്യാനേഷ് കുമാര്‍ സ്ഥാനത്ത് തുടരുന്നത് ഇന്ത്യന്‍ ജനാധിപത്യത്തെ അങ്ങേയറ്റം അപകടത്തിലാക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

‘തെരഞ്ഞെടുപ്പ് കമ്മിഷന്റെ സുതാര്യത, സത്യസന്ധത, നിഷ്പക്ഷത, ഉയര്‍ന്ന ജനാധിപത്യ ബോധം ഇവയെല്ലാം ഗ്യാനേഷ്‌കുമാര്‍ അട്ടിമറിച്ചു. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നേരത്തെ പറഞ്ഞതെല്ലാം ഇപ്പോള്‍ സത്യമായി’, മുഖ്യമന്ത്രി പറഞ്ഞു.

ബി.ജെ.പിയുമായി പരസ്പര സഹകരണത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാക്കി തെരഞ്ഞെടുപ്പ് കമ്മീഷനെ അധ:പതിപ്പിച്ച ഗ്യാനേഷ് കുമാര്‍ ഇനിയും സ്ഥാനത്ത് തുടരുന്നത് ഇന്ത്യന്‍ ജനാധിപത്യത്തെ കളങ്കപ്പെടുത്തുമെന്ന് പറഞ്ഞാണ് മുഖ്യമന്ത്രി കുറിപ്പ് അവസാനിപ്പിക്കുന്നത്.

Content Highlight: CEC Gyanesh Kumar murdered Indian democracy and is not eligible to continue in the position says CM VD Satheesan.

ദേവിക ജയചന്ദ്രന്‍

ഡൂള്‍ന്യൂസില്‍ ജേണലിസ്റ്റ് ട്രെയിനി. മാതൃഭൂമി മീഡിയ സ്‌കൂളില്‍ നിന്നും പി.ജി. ഡിപ്ലോമ. പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയില്‍ നിന്നും ചരിത്രത്തില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more