| Wednesday, 8th April 2026, 3:02 pm

ഇറാനുമായുള്ള വെടിനിര്‍ത്തല്‍ രാഷ്ട്രീയ ദുരന്തം; നെതന്യാഹു യുദ്ധത്തിന്റെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ പരാജയപ്പെട്ടു: ഇസ്രഈല്‍ പ്രതിപക്ഷം

നിഷാന. വി.വി

ടെല്‍അവീവ്: അമേരിക്കയും ഇറാനും രണ്ടാഴ്ചത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് യെയര്‍ ലാപിഡ്.

നെതന്യാഹു യുദ്ധത്തിന്റെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന് ലാപിഡ് ആരോപിച്ചു.

‘നമ്മുടെ ചരിത്രത്തില്‍ ഇങ്ങനെയൊരു രാഷ്ട്രീയ ദുരന്തമുണ്ടായിട്ടില്ല. നമ്മുടെ ദേശീയ സുരക്ഷയുടെ കാതലായ കാര്യത്തെക്കുറിച്ച് തീരുമാനമെടുക്കുമ്പോള്‍ ഇസ്രഈല്‍ മേശയുടെ അടുത്ത് പോലും ഉണ്ടായിരുന്നില്ല,’ അദ്ദേഹം പറഞ്ഞു.

സൈന്യം ആവശ്യപ്പെട്ടതെല്ലാം നടപ്പാക്കി പൊതുജനങ്ങള്‍ ശ്രദ്ധേയമായ പ്രതിരോധ ശേഷി കാണിച്ചു. പക്ഷേ നെതന്യാഹു രാഷ്ട്രീയപരമായും തന്ത്രപരമായും പരാജയപ്പെട്ടുവെന്നും സ്വയം നിശ്ചയിച്ച ലക്ഷ്യങ്ങളൊന്നും നേടിയില്ലെന്നും ലാപിഡ് പറഞ്ഞു.

‘അഹങ്കാരം, അശ്രദ്ധ, തന്ത്രപരമായ ആസൂത്രണത്തിന്റെ അഭാവം എന്നിവ മൂലം നെതന്യാഹു വരുത്തിയ രാഷ്ട്രീയവും തന്ത്രപരവുമായ നാശനഷ്ടങ്ങള്‍ പരിഹരിക്കാന്‍ ഞങ്ങള്‍ക്ക് വര്‍ഷങ്ങളെടുക്കും,’ അദ്ദേഹം പറഞ്ഞു.

ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ ശേഷികള്‍ നീര്‍വീര്യമാക്കുക, ഇറാന്‍ ഭരണകൂടത്തെ അട്ടിമറിക്കുക എന്നിവയാണ് യുദ്ധത്തിന്റെ പ്രധാന ലക്ഷ്യങ്ങളായി നെതന്യാഹു കണ്ടിരുന്നത്.

ഒരു സംസ്‌കാരത്തെ തന്നെ പൂര്‍ണമായി തകര്‍ത്ത് കളയുമെന്ന് ട്രംപ് പ്രഖ്യാപിച്ചതിന്റെ അവസാന മണിക്കൂറിലാണ് ഇറാനെതിരായ വെടിനിര്‍ത്തല്‍ രണ്ടാഴ്ചത്തേക്ക് താത്കാലികമായി നിര്‍ത്തിവെക്കുന്നതായുളള ട്രംപിന്റെ അടുത്ത അറിയിപ്പ്.

ഇറാനും ഇത് അംഗീകരിച്ചിരുന്നു. അമേരിക്കയുടെ വെടിനിര്‍ത്തല്‍ തീരുമാനത്തെ അംഗീകരിക്കുന്നുവെന്നും എന്നാല്‍ വെടിനിര്‍ത്തലില്‍ ലെബനാന്‍ ഉള്‍പ്പെടില്ലെന്നുമായിരുന്നു ഇസ്രഈലിന്റെ പ്രതികരണം.

മാര്‍ച്ചില്‍ ഇസ്രഈല്‍ സായുധ സംഘമായ ഹിസ്ബുല്ല ഇസ്രഈലിന് നേരെ റോക്കറ്റ് ആക്രമണം നടത്തിയതുമുതല്‍ ഇസ്രഈല്‍ ഇറാനുമായി യുദ്ധം ചെയ്യുകയാണ്.

Content Highlight: Ceasefire with Iran a political disaster; Netanyahu failed to achieve war goals: Israeli opposition

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more