വാഷിങ്ടണ്‍: ഇറാന്‍-ഇസ്രഈല്‍ സംഘര്‍ഷത്തില്‍ വേണ്ടത് വെടിനിര്‍ത്തല്‍ കരാര്‍ അല്ലെന്നും ശാശ്വതമായ പരിഹാരമാണെന്നും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. എയര്‍ ഫോഴ്‌സ് വണ്ണില്‍വെച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇസ്രഈലിന്റെ സൈനിക നടപടികള്‍ക്കുള്ള ശക്തമായ പിന്തുണ ആവര്‍ത്തിച്ച ട്രംപ് ഇറാന്‍ ആണവ പദ്ധതി പൂര്‍ണമായും ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ടതായി പൊളിറ്റിക്കോ റിപ്പോര്‍ട്ട് ചെയ്തു.
‘ഞാന്‍ ഒരു വെടിനിര്‍ത്തല്‍ ആഗ്രഹിക്കുന്നില്ല, ഒരു വെടിനിര്‍ത്തലിനേക്കാള്‍ മികച്ചതാണ് ഞങ്ങള്‍ പരിശോധിക്കുന്നത്,’ ട്രംപ് പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷത്തിനുള്ള പരിഹാരം എങ്ങനെയായിരിക്കുമെന്ന മാധ്യമപ്രവ്രര്‍ത്തകരുടെ ചോദ്യത്തിന് അടുത്ത രണ്ട് ദിവസങ്ങളിലെ സംഭവവികാസങ്ങള്‍ ആശ്രയിച്ചിരിക്കും തന്റെ തീരുമാനമെന്ന് ട്രംപ് മറുപടി നല്‍കി.
ഇസ്രഈലിന്റെ ആക്രമണം ഒഴിവാക്കാന്‍ യഥാസമയം ആണവ കരാറില്‍ ഏര്‍പ്പെടാത്തതിന് ട്രംപ് ഇറാനെ കുറ്റപ്പെടുത്തുന്നത് തുടരുകയും ചെയ്തു. ഇറാന്‍ കരാറില്‍ ഒപ്പുവെക്കണമായിരുന്നെന്നും ഇതിന്റെ ഫലമായി ഇറാന്റെ നഗരങ്ങള്‍ തകര്‍ക്കപ്പെട്ടുവെന്നും ധാരാളം ജനങ്ങളുടെ ജീവന്‍ നഷ്ടപ്പെട്ടുവെന്നും ട്രംപ് പറയുകയുണ്ടായി.
ഇറാനിയന്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്താന്‍ വൈസ് പ്രസിഡന്റ് ജെ. ഡി വാന്‍സിനെയും മിഡില്‍ ഈസ്റ്റ് പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫിനെയും അയക്കുന്നത് പരിഗണിക്കുന്നുണ്ടെന്ന് ട്രംപ് പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്.
ഇസ്രഈല്‍-ഇറാന്‍ വെടിനിര്‍ത്തലിനായാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ജി-7 ഉച്ചകോടിയില്‍ നിന്ന് നേരത്തെ പിന്‍വാങ്ങിയതെന്ന ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ പരാമര്‍ശം തള്ളിയതിന് പിന്നാലെയാണ് ട്രംപിന്റെ പരാമര്‍ശം. ജനശ്രദ്ധ പിടിച്ച് പറ്റാന്‍ വേണ്ടിയുള്ളതാണെന്ന് മാക്രോണിന്റെ പരാമര്‍ശമെന്ന് ട്രംപ് ട്രൂത്ത് സേഷ്യലിലൂടെ പ്രതികരിച്ചിരുന്നു.
അതേസമയം പടിഞ്ഞാറന്‍ ഇറാനില്‍ ഇസ്രഈല്‍ വ്യോമാക്രമണം ശക്തമാക്കിയിരിക്കുകയാണ്. അഞ്ച് ദിവസമായി തുടരുന്ന സംഘര്‍ഷത്തില്‍ 224 പേര്‍ മരിച്ചതായാണ് ഇറാന്റെ ആരോഗ്യമന്ത്രാലയത്തിന്റ കണക്ക്. 1200ല്‍ അധികം പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്.
ഇസ്രഈലി ചാരസംഘടനയായ മൊസാദിന്റെ ആസ്ഥാനം ആക്രമിച്ചതായി ഇറാന്‍ അവകാശപ്പെട്ടിട്ടുണ്ട്. ഇസ്‌ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സിനെ(ഐ.ആര്‍.ജി.സി) ഉദ്ധരിച്ച് ടെഹ്റാന്‍ ടൈംസ് ആണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
Content Highlight: Ceasefire not a real end for Iran-Israel conflict says Trump