റഫ: വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതോടെ 500,000ത്തിലധികം ഫലസ്തീനികള്‍ ഗസയിലേക്ക് മടങ്ങിയതായി സിവില്‍ ഡിഫന്‍സ് ഏജന്‍സി. ഇന്നലെ (വെളളി) മുതല്‍ അര ദശലക്ഷത്തിലധികം ആളുകള്‍ ഗസയിലേക്ക് മടങ്ങിയതായി സിവില്‍ ഡിഫന്‍സ് വക്താവ് മഹ്‌മൂദ് ബസാല്‍ പറഞ്ഞു.
മേഖലയിലെ മെഡിക്കല്‍ സംവിധാനങ്ങള്‍ പുനഃസ്ഥാപിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായും മഹ്‌മൂദ് ബസാല്‍ അറിയിച്ചു. ഏകദേശം 17,000 രോഗികളെ ഗസയില്‍ നിന്ന് അടിയന്തിര ചികിത്സക്കായി വിദേശത്തേക്ക് മാറ്റണമെന്നാണ് ഫലസ്തീന്‍ ആരോഗ്യമന്ത്രാലയം പറയുന്നത്.
ഗസയിലെ ബാങ്കിങ് സേവനങ്ങള്‍ ഉടന്‍ പുനഃസ്ഥാപിക്കുമെന്ന് ഫലസ്തീന്‍ മണി അതോറിറ്റിയും അറിയിച്ചു. ഇത് ഗസയിലേക്ക് മാനുഷിക സഹായം ഉള്‍പ്പെടെ എത്തിക്കുന്നത് വേഗത്തിലാക്കുമെന്നും അതോറിറ്റി പ്രതികരിച്ചു.
ഹാരെറ്റ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത് പ്രകാരം, വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി ഇസ്രഈല്‍ മോചിപ്പിക്കാന്‍ തീരുമാനിച്ച ഫലസ്തീന്‍ ബന്ദികളെ ഓഫര്‍, കെറ്റ്‌സിയോട്ട് ജയിലുകളിലേക്ക് മാറ്റാന്‍ തുടങ്ങിയിട്ടുണ്ട്.
ഗസയിലെ യുദ്ധം അവസാനിപ്പിക്കുക, ഫലസ്തീന്റെ പ്രതിരോധ സംഘടനകളെ പ്രത്യേകിച്ചും ഹമാസിനെ നിരായുധീകരിക്കുക, ഗസയില്‍ നിന്നും ഇസ്രഈല്‍ സൈന്യം പിന്മാറുക, കരാര്‍ അംഗീകരിച്ച് 72 മണിക്കൂറിനുള്ളില്‍ ബന്ദികളെ മോചിപ്പിക്കുക തുടങ്ങിയവയാണ് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നോട്ടുവെച്ച വെടിനിര്‍ത്തല്‍ കരാറിലെ പ്രധാനപ്പെട്ട വ്യവസ്ഥകള്‍.
നിലവില്‍ ഗസയില്‍ തിരിച്ചെത്തിയ രണ്ട് ലക്ഷത്തോളം ആളുകള്‍ ഭവനരഹിതരാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം 2023 ഒക്ടോബര്‍ ഏഴ് മുതല്‍ ഇസ്രഈല്‍ നടത്തിയ ആക്രമണങ്ങളില്‍ 67,682 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. മരിച്ചവരില്‍ 18460 കുട്ടികളും ഉള്‍പ്പെടുന്നു.170,033 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
Content Highlight: Ceasefire; More than 500,000 people return to Gaza: Civil Defense Agency