| Sunday, 30th November 2025, 3:00 pm

അതിജീവിത രാഹുലിന്റെ ഫ്‌ളാറ്റില്‍ എത്തിയ ദൃശ്യങ്ങള്‍ ലഭിച്ചില്ല; ബാക്കപ്പ് കുറവെന്ന് വിശദീകരണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ലൈംഗിക പീഡനക്കേസില്‍ രാഹുല്‍ മാങ്കൂട്ടം എം.എല്‍.എയുടെ ഫ്‌ളാറ്റില്‍ യുവതി എത്തിയെന്ന് കരുതപ്പെടുന്ന ദിവസത്തെ ദൃശ്യങ്ങള്‍ ലഭിച്ചില്ല.

അന്വേഷണ സംഘം ഫ്‌ളാറ്റില്‍ നടത്തിയ പരിശോധനയില്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും സംഭവ ദിവസത്തെ ദൃശ്യങ്ങള്‍ ലഭ്യമായില്ല. ഡി.വി.ആറിന്റെ ബാക്കപ്പ് കുറവായതിനാലാണ് ദൃശ്യങ്ങള്‍ ലഭിക്കാത്തതെന്നാണ് വിവരം.

തുടര്‍ന്ന് സമീപത്തെ സി.സി.ടി.വികള്‍ പരിശോധിക്കാനൊരുങ്ങുകയാണ് പ്രത്യേക അന്വേഷണസംഘം.

എസ്.ഐ.ടി നേരത്തെ പരാതിക്കാരിയായ യുവതിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് രാഹുലിന്റെ ഫ്‌ളാറ്റില്‍ പരിശോധന നടത്തിയത്. രണ്ട് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണസംഘത്തിന്റെ പരിശോധന. രാഹുലിന്റെ ഓഫീസിലും എസ്.ഐ.ടി പരിശോധന നടത്തും.

നേരത്തെ, പാലക്കാട് ക്രൈം ബ്രാഞ്ച് ഓഫീസില്‍ എസ്.ഐ.ടി സംഘം യോഗം ചേര്‍ന്നിരുന്നു. കേസില്‍ രാഹുല്‍ ഒളിവിലായതിനാല്‍ തന്നെ എസ്.ഐ.ടി വ്യാപകമായ തെരച്ചിലിന് തയ്യാറെടുക്കുകയാണ്. പരിശോധനയ്ക്കായി കൂടുതല്‍ പൊലീസ് സംഘത്തെയും ആവശ്യപ്പെട്ടിട്ടുണ്ട്.

ഇതിനിടെ, സോഷ്യല്‍മീഡിയയില്‍ രാഹുല്‍ അനുകൂലികള്‍ നടത്തുന്ന സൈബര്‍ ആക്രമണത്തിനെതിരെയും യുവതി പൊലീസില്‍ പരാതി നല്‍കി. ഇതുസംബന്ധിച്ചും യുവതി മൊഴി നല്‍കിയെന്നാണ് വിവരം.

അതേസമയം, കോണ്‍ഗ്രസ് നേതാക്കള്‍ രാഹുലിനെ സംരക്ഷിക്കുന്ന നിലപാട് ആവര്‍ത്തിച്ച് രംഗത്തെത്തി. രാഹുലിനെ ആരും ഒളിവില്‍ താമസിപ്പിച്ചിട്ടില്ലെന്നും കണ്ടെത്തേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും കെ. മുരളീധരന്‍ പ്രതികരിച്ചു.

രാഹുലിന്റെ വിഷയത്തില്‍ കോണ്‍ഗ്രസിന് രണ്ട് അഭിപ്രായമില്ലെന്ന് പ്രതികരിച്ച കെ.സി വേണുഗോപാല്‍ പാര്‍ട്ടിയിലെ ഭിന്നതയില്‍ മൗനം പാലിച്ചു.

കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍ അതിജീവിതയുടെ വ്യക്തി വിവരങ്ങളും ചിത്രവും പ്രസിദ്ധപ്പെടുത്തിയതിനെതിരെയും വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. രാഹുല്‍ ഈശ്വറിന്റെ പോസ്റ്റുകള്‍ പങ്കുവെച്ചാണ് സന്ദീപ് അതിജീവിതയെ സൈബര്‍ ആക്രമണത്തിലേക്ക് വലിച്ചിഴച്ചത്.

Content Highlight: CCTV  Footage from Rahul Mamkootathil’s Flat not received; there is not enough backup, Report

We use cookies to give you the best possible experience. Learn more