ന്യൂദൽഹി : കോൺഗ്രസ് വിഭാഗം മേധാവി സൽമാൻ ഖുർഷിദുമായി കൂടിക്കാഴ്ച നടത്തി ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി പ്രതിനിധി സംഘം.
സന്ദർശക സംഘത്തിന്റെ അഭ്യർത്ഥന പ്രകാരവും കേന്ദ്ര സർക്കാരിന്റെ മുൻകൂർ അനുമതിയോടും കൂടിയാണ് ചൊവ്വാഴ്ച കൂടിക്കാഴ്ച നടന്നതെന്ന് കോൺഗ്രസ് വ്യക്തമാക്കി.
സി.സി.പി ഇന്റർനാഷണൽ ഡിപ്പാർട്മെന്റ് വൈസ് മിനിസ്റ്റർ സുൻ ഹയാന്റെ നേതൃത്ത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസം ബി.ജെ.പി ആസ്ഥാനം സന്ദർശിച്ചിരുന്നു.
ഇതിനുപിന്നാലെയാണ് ഖുർഷിദുമായുള്ള സന്ദർശനം. കൂടാതെ ആർ.എസ്.എസ് ജനറൽ സെക്രട്ടറി ദത്താത്രേ ഹൊസബാലയുമായും സംഘം കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്.
സി.സി.പി സംഘം കൂടികാഴ്ചയ്ക്ക് മുൻകൂറായി അനുമതി തേടിയിരുന്നെന്നും സർക്കാർ അനുമതി നൽകിയതോടുകൂടിയാണ് കൂടിക്കാഴ്ച നടന്നതെന്നും എ.ഐ.സി.സി വക്താവ് പവൻ ഖേര പറഞ്ഞു.
ചൈനീസ് സംഘത്തിന്റെ സന്ദർശനത്തെ ചൊല്ലി ബി.ജെ.പിയും കോൺഗ്രസും തമ്മിലുള്ള രാഷ്ട്രീയ പോര് മുറുകുകയാണ്.
ചൈനീസ് കടന്നു കയറ്റവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ബി.ജെ.പി ഉന്നയിച്ചിട്ടുണ്ടോയെന്നും ബി .ജെ. പിയുടെ സമീപനത്തിലുള്ള ഇരട്ടത്താപ്പാണ് ഇവിടെ വ്യക്തമാവുന്നതെന്നും കോൺഗ്രസ് ആരോപിച്ചു.
‘വർഷങ്ങളായി കോൺഗ്രസ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുമായി രഹസ്യ ധാരണപത്രം ഒപ്പുവെച്ചുവെന്ന് ആരോപണം ഉന്നയിച്ചവരാണ് ഇപ്പോൾ അവർക്ക് ചുവന്ന പരവതാനി വിരിക്കുന്നത്. ചൈനീസ് പ്രതിനിധികളുമായി നടത്തിയ ചർച്ചയുടെ അജണ്ട സർക്കാർ പരസ്യപ്പെടുത്തണം. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെട്ട സാഹചര്യത്തിലാണ് ചൈനയുമായി നടന്ന ചർച്ച,’ ബി.ജെ.പി വക്താവ് തുഹിൻ സിൻഹ പറഞ്ഞു.
കോൺഗ്രസിനെ പോലെ തങ്ങൾ രഹസ്യ ചർച്ചകൾ നടത്താറില്ല പരസ്യമായാണ് ചർച്ചകൾ നടന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ – ചൈന വിമാന സർവീസുകൾ പുനരാംഭിച്ചതും വ്യാപാര ചർച്ചകൾ നടക്കുന്നതും ബി.ജെ.പി പറഞ്ഞു.കോൺഗ്രസ് ഭരണകാലത്തെ നയങ്ങളാണ് അതിർത്തിയിലെ പ്രശ്ങ്ങൾക്ക് അടിസ്ഥാനമായതെന്നും ബി.ജെ.പി കുറ്റപ്പെടുത്തി.
Content Highlight: CCP delegation meets Salman Khurshid Congress says visit was with government permission