സൗത്ത് ആഫ്രിക്ക എ-യ്‌ക്കെതിരായ ഇന്ത്യ എ ടീം പ്രഖ്യാപിച്ച് ബി.സി.സി.ഐ. സൗത്ത് ആഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനത്തിലെ മൂന്ന് ഏകദിനങ്ങള്‍ക്കുള്ള സ്‌ക്വാഡാണ് അപെക്‌സ് ബോര്‍ഡ് പ്രഖ്യാപിച്ചിരിക്കുന്നത്.
തിലക് വര്‍മയെ ക്യാപ്റ്റനാക്കിയും ഋതുരാജ് ഗെയ്ക്വാദിനെ താരത്തിന്റെ ഡെപ്യൂട്ടിയാക്കിയും ചുമതലപ്പെടുത്തിയാണ് ബി.സി.സി.ഐ 15 അംഗ സ്‌ക്വാഡ് പ്രഖ്യാപിച്ചിരിക്കുന്നത്. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. നവംബര്‍ 13നാണ് പരമ്പരയിലെ ആദ്യ മത്സരം.
സൂപ്പര്‍ താരം സഞ്ജു സാംസണെ വീണ്ടും തഴഞ്ഞാണ് ബി.സി.സി.ഐ ഇന്ത്യ എ സ്‌ക്വാഡും പ്രഖ്യാപിച്ചിരിക്കുന്നത്. ഏകദിനത്തില്‍ മികച്ച ട്രാക്ക് റെക്കോഡ് ഉണ്ടായിരുന്നിട്ടും എ സ്‌ക്വാഡിലേക്ക് പോലും അപെക്‌സ് ബോര്‍ഡ് വിക്കറ്റ് കീപ്പര്‍ ബാറ്ററെ പരിഗണിക്കുന്നില്ല.
നേരത്തെ നടന്ന ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ബാക്ക് അപ്പ് വിക്കറ്റ് കീപ്പറായി പോലും ബി.സി.സി.ഐ സഞ്ജുവിനെ പരിഗണിച്ചിരുന്നില്ല. കെ.എല്‍. രാഹുലും ധ്രുവ് ജുറെലുമായിരുന്നു ടീമിലെ വിക്കറ്റ് കീപ്പര്‍മാര്‍.
സ്‌ക്വാഡില്‍ സഞ്ജുവിന്റെ അഭാവം മുന്‍ താരങ്ങളടക്കം ചോദ്യം ചെയ്ത് രംഗത്തുവന്നിരുന്നു. ഏകദിനത്തിലെ താരത്തിന്റെ മികച്ച പ്രകടനം ചൂണ്ടിക്കാട്ടിയാണ് ഇവര്‍ അപെക്‌സ് ബോര്‍ഡിന്റെ തീരുമാനത്തിനെതിരെ രംഗത്തുവന്നത്.
14 ഇന്നിങ്‌സില്‍ നിന്നും 56.66 എന്ന മികച്ച ശരാശരിയില്‍ 510 റണ്‍സാണ് സഞ്ജുവിന്റെ പേരിലുള്ളത്. 99.60 എന്ന തകര്‍പ്പന്‍ സ്‌ട്രൈക് റേറ്റും താരത്തിനുണ്ട്. ഏകദിനത്തില്‍ മൂന്ന് അര്‍ധ സെഞ്ച്വറിയും ഒരു സെഞ്ച്വറിയുമാണ് സഞ്ജു സ്വന്തമാക്കിയത്. ഈ സെഞ്ച്വറി പിറന്നതാകട്ടെ ഒടുവില്‍ കളിച്ച ഏകദിനത്തിലും.
2023 ഡിസംബര്‍ 21ന് പാളില്‍ നടന്ന മത്സരത്തില്‍ ആതിഥേയരായ സൗത്ത് ആഫ്രിക്കയ്‌ക്കെതിരെയായിരുന്നു സഞ്ജു തകര്‍ത്തടിച്ചത്. 114 പന്തില്‍ 108 റണ്‍സ് സഞ്ജു ടീം ടോട്ടലിലേക്ക് ചേര്‍ത്തുവെച്ചത്.
സഞ്ജുവിന്റെ കരുത്തില്‍ ഇന്ത്യ 296 റണ്‍സ് നേടുകയും നിര്‍ണായകമായ സീരീസ് ഡിസൈഡര്‍ മത്സരത്തില്‍ 78 റണ്‍സിന്റെ വിജയം സ്വന്തമാക്കുകയും ചെയ്തു. ഇന്ത്യയ്ക്ക് പരമ്പര നേടിക്കൊടുക്കുന്നതില്‍ താരത്തിന്റെ പങ്കും ഏറെ വലുതായിരുന്നു. സഞ്ജു തന്നെയായിരുന്നു കളിയിലെ താരവും.
ഈ മത്സരത്തിന് ശേഷം സഞ്ജു ഇതുവരെ ഒറ്റ ഏകദിനത്തില്‍ പോലും ഇന്ത്യന്‍ ജേഴ്‌സി ധരിച്ചിട്ടില്ല എന്നതാണ് ഏറ്റവും വലിയ വിരോധാഭാസം.
സഞ്ജുവിന് പുറമെ സൂപ്പര്‍ താരം രജത് പാടിദാറിനെയും ഇന്ത്യ എ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
തിലക് വര്‍മ (ക്യാപ്റ്റന്‍), ഋതുരാജ് ഗെയ്ക്വാദ് (വൈസ് ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, റിയാന്‍ പരാഗ്, പ്രഭ്‌സിമ്രാന്‍ സിങ് (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ആയുഷ് ബദോണി, നിഷാന്ത് സിന്ധു, വിപ്രജ് നിഗം, മാനവ് സുതര്‍, ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിങ്, പ്രസിദ്ധ് കൃഷ്ണ, ഖലീല്‍ അഹമ്മദ്.
ഇന്ത്യ എ vs സൗത്ത് ആഫ്രിക്ക എ
ആദ്യ ഏകദിനം – നവംബര്‍ 13, രാജ്‌കോട്ട്
രണ്ടാം ഏകദിനം – നവംബര്‍ 16, രാജ്‌കോട്ട്
അവസാന ഏകദിനം – നവംബര്‍ 19, രാജ്‌കോട്ട്
Content Highlight: BCCI announced India A squad against South Africa A, Sanju Samson excluded