| Wednesday, 14th April 2021, 2:44 pm

കൊവിഡ് രണ്ടാം തരംഗം; സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷ റദ്ദാക്കി; പന്ത്രണ്ടാം ക്ലാസ് പരീക്ഷ മാറ്റി വെച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കൊവിഡ് 19 രണ്ടാം തരംഗം രാജ്യത്ത് ശക്തമായതോടെ സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷകള്‍ റദ്ദാക്കി. പന്ത്രണ്ടാം ക്ലാസ് പരീക്ഷകള്‍ മാറ്റി വെയ്ക്കാനും തീരുമാനമായി. സി.ബി.എസ്.ഇ 10, 12 ബോര്‍ഡ് പരീക്ഷകള്‍ മെയ് 4 മുതല്‍ നടക്കേണ്ടതായിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാല്‍ നിഷാങ്ക്, പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി, കാബിനറ്റ് സെക്രട്ടറി, സ്‌കൂള്‍, ഉന്നത വിദ്യാഭ്യാസ സെക്രട്ടറിമാര്‍, മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

രാജ്യത്തെ നിലവിലെ സാഹചര്യത്തിലാണ് നിര്‍ണ്ണായക തീരുമാനം.പന്ത്രണ്ടാം ക്ലാസിനുള്ള ബോര്‍ഡ് പരീക്ഷകള്‍ 21 ജൂണ്‍ 1 ന് ബോര്‍ഡ് അവലോകനം ചെയ്ത ശേഷം തീരുമാനിക്കും. പരീക്ഷ ആരംഭിക്കുന്നതിന് മുമ്പ് കുറഞ്ഞത് 15 ദിവസമെങ്കിലും നോട്ടീസ് നല്‍കും.

പത്താം ക്ലാസിനുള്ള ബോര്‍ഡ് പരീക്ഷകള്‍ റദ്ദാക്കും. സി.ബി.എസ്.ഇയുടെ നിരന്തര മൂല്യ നിര്‍ണയ മാനദണ്ഡത്തിന്റെ അടിസ്ഥാനത്തില്‍ പത്താം ക്ലാസ് ബോര്‍ഡിന്റെ ഫലങ്ങള്‍ തയ്യാറാക്കും.

ഈ അടിസ്ഥാനത്തില്‍ അനുവദിച്ച മാര്‍ക്കില്‍ സംതൃപ്തരല്ലാത്ത കുട്ടികള്‍ക്ക് ഒരു പരീക്ഷയില്‍ പങ്കെടുക്കാന്‍ അവസരം നല്‍കും, കൂടാതെ പരീക്ഷകള്‍ നടത്താന്‍ വ്യവസ്ഥകള്‍ അനുയോജ്യമാകുമ്പോള്‍ പരീക്ഷയില്‍ പങ്കെടുക്കാനും സാധിക്കും.

രാജ്യത്ത് 24 മണിക്കൂറിനിടെ റെക്കോര്‍ഡ് നമ്പര്‍ കേസുകളാണ്  റിപ്പോര്‍ട്ട് ചെയ്തത്. പുതുതായി 1.84 ലക്ഷം കേസുകളാണ് രാജ്യത്ത് പുതുതായി റിപ്പോര്‍ട്ട് ചെയ്തത്.

രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിലെ ഏറ്റവും വലിയ പ്രതിദിന വര്‍ദ്ധനയാണിത്. കഴിഞ്ഞ ദിവസം മാത്രം 1027 പേരാണ് രാജ്യത്ത് മരിച്ചത്. നിലവില്‍ 13,65,704 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more