| Friday, 24th May 2013, 2:24 pm

സി.ബി.എസ്.ഇ പരീക്ഷ പാസായവര്‍ക്ക് ഇനി പ്ലസ് വണ്‍ പ്രവേശനം ലഭിക്കില്ല

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]കൊച്ചി: സി.ബി.എസ്.ഇ സ്‌കൂള്‍തല പരീക്ഷ പാസായവര്‍ക്കും പ്ലസ് വണ്‍ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള മുന്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി.

ഈ അധ്യയന വര്‍ഷത്തില്‍ പ്ലസ്‌വണ്‍ പ്രവേശനത്തിന് സി.ബി.എസ്.ഇ. സ്‌കൂള്‍തല പരീക്ഷ ജയിച്ചവരെ ആദ്യഘട്ടത്തില്‍ പരിഗണിക്കില്ലെന്ന് സര്‍ക്കാര്‍ പുറപ്പെടുവിച്ച പ്രവേശന മാനദണ്ഡത്തിന് ഹൈക്കോടതി അംഗീകാരം നല്‍കി. []

സി.ബി.എസ്ഇ ബോര്‍ഡ് പരീക്ഷ പാസായവര്‍ക്ക് മാത്രമേ സംസ്ഥാന സിലബസില്‍ പ്ലസ് വണ്‍ പ്രവേശനത്തിന് അര്‍ഹതയുള്ളൂവെന്ന പ്രോസ്‌പെക്ടസ് വ്യവസ്ഥ സ്റ്റേ ചെയ്ത ഹൈക്കോടതിയുടെ മുന്‍ ഉത്തരവിനെതിരേ പൊതുവിദ്യാഭ്യാസ വകുപ്പാണ് കോടതിയെ സമീപിച്ചിരുന്നത്.

ഈ ഹരജിയിലാണ് ചീഫ് ജസ്റ്റീസ് മഞ്ജുള ചെല്ലൂരും ജസ്റ്റീസ് കെ. വിനോദ് ചന്ദ്രനും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ വിധി.

നേരത്തെ ഈ മാനദണ്ഡം ഹൈക്കോടതി സ്‌റ്റേ ചെയ്തിരുന്നു. അടിമാലി മുസ്‌ലിം സര്‍വീസ് സൊസൈറ്റി പ്രസിഡന്റ് പി.എസ്. നൗഷാദും വിദ്യാര്‍ഥികളായ അഡില ജസ്‌നിയും രശ്മ ഗോപനും പി.എ. നൗഷായ്ബയും നല്‍കിയ പൊതുതാല്പര്യ ഹര്‍ജികളിലായിരുന്നു സ്‌റ്റേ.

പ്ലസ് വണ്‍ പ്രവേശനത്തിനുളള നടപടികള്‍ സര്‍ക്കാരിന് തുടരാമെന്നും കോടതി വ്യക്തമാക്കി. സി.ബി.എസ്.ഇ സ്‌കൂള്‍തല പരീക്ഷ പാസായവര്‍ക്ക് പ്ലസ് വണ്‍ പ്രവേശനത്തിന് വിലക്കേര്‍പ്പെടുത്തിയത് നയപരമായ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണെന്നും സി.ബി.എസ്.ഇ ബോര്‍ഡ് പരീക്ഷ പാസായവര്‍ക്ക് വിലക്കില്ലെന്നും അഡ്വക്കേറ്റ് ജനറല്‍ കെ.പി ദണ്ഡപാണി കോടതിയെ അറിയിച്ചു.

ഇന്ത്യയില്‍ 41 ബോര്‍ഡുകളും നടത്തുന്ന പരീക്ഷകള്‍ ജയിക്കുന്നവര്‍ക്കും പ്ലസ് വണ്‍ പ്രവേശനത്തിന് അര്‍ഹതയുണ്ടെന്ന പൊതു മാനദണ്ഡം മറികടന്നുകൊണ്ടാണ് സര്‍ക്കാര്‍ നടപടി എന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം.

നിലവില്‍ പ്ലസ് വണ്ണിന് 3,35,000 ത്തോളം സീറ്റുകളാണ് ഉള്ളത്. എന്നാല്‍ നാലര ലക്ഷത്തിലധികം പേര്‍ പ്ലസ് വണ്‍ പ്രവേശനത്തിന് യോഗ്യത നേടിയിട്ടുണ്ട്.

ഈ സാഹചര്യത്തില്‍ സി.ബി.എസ്ഇ സ്‌കൂള്‍തല പരീക്ഷയെഴുതിയവര്‍ക്ക് കൂടി പ്രവേശനത്തിന് അവസരം നല്‍കുന്നത് സര്‍ക്കാര്‍ സ്‌കൂളില്‍ പഠിച്ച വിദ്യാര്‍ഥികളുടെ ഉപരിപഠനത്തെ ബാധിക്കുമെന്നും സര്‍ക്കാര്‍ ബോധിപ്പിച്ചു.

Latest Stories

We use cookies to give you the best possible experience. Learn more