| Tuesday, 30th July 2019, 8:38 am

ഉന്നാവോ അപകടം: സി.ബി.ഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്ത് യു.പി സര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്നൗ: ഉന്നാവോ ലൈംഗികാതിക്രമക്കേസിലെ  പെണ്‍കുട്ടിയും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ട സംഭവത്തില്‍ സി.ബി.ഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്ത് യു.പി സര്‍ക്കാര്‍. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിന് യു.പി സര്‍ക്കാര്‍ കത്ത് നല്‍കി.

വാഹനം അപകടത്തില്‍പ്പെട്ടതിന് പിന്നാലെ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണം ഉയര്‍ന്നിരുന്നു. കേസില്‍ സമാജ് വാദി പാര്‍ട്ടിയും കോണ്‍ഗ്രസും സി.ബി.ഐ അന്വേഷണവും ആവശ്യപ്പെട്ടിരുന്നു. സംഭവം ആസൂത്രിതമാണെന്ന് യുവതിയുടെ കുടുംബവും ആരോപിച്ചു.

അതിനിടെ പെണ്‍കുട്ടിയും കുടുംബവും സഞ്ചരിച്ച കാറിലിടിച്ച ട്രക്കിന് നമ്പര്‍ പ്ലേറ്റ് ഇല്ലായിരുന്നുവെന്ന റിപ്പോര്‍ട്ടും പുറത്തുവന്നിരുന്നു. നമ്പര്‍ പ്ലേറ്റ് കറുത്ത പെയിന്റടിച്ച് മായ്ച്ച നിലയിലാരുന്നുവെന്നും പെണ്‍കുട്ടിയ്ക്ക് നല്‍കിപ്പോന്ന പൊലീസ് സുരക്ഷ കഴിഞ്ഞ ദിവസം പിന്‍വലിച്ചിരുന്നെന്നും ആക്ഷേപമുണ്ട്.

കോടതി അനുവദിച്ചിരുന്ന പൊലീസ് സുരക്ഷ രണ്ടുദിവസം മുന്‍പ് യു.പി പൊലീസ് അകാരണമായി പിന്‍വലിച്ചെന്നാണ് ആക്ഷേപം. എന്നാല്‍ കുടുംബം പറഞ്ഞതിനെ തുടര്‍ന്നാണ് സുരക്ഷ പിന്‍വലിച്ചതെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തില്‍ ഡ്രൈവറും വാഹന ഉടമയും അറസ്റ്റിലായിട്ടുണ്ട്.

Latest Stories

We use cookies to give you the best possible experience. Learn more