| Tuesday, 24th February 2015, 12:10 am

വാളകം: അധ്യാപകന്‍ ആക്രമിക്കപ്പെട്ടിട്ടില്ല, പരിക്ക് അപകടം മൂലമെന്ന് സി.ബി.ഐ റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: വാളകത്ത് അധ്യാപകന്‍ കൃഷ്ണകുമാര്‍ ആക്രമിക്കപ്പെട്ടില്ലെന്നും പരിക്ക് അപകടം മൂലമാണെന്നും സി.ബി.ഐ. അന്വേഷണം അവസാനിപ്പിക്കുന്നതായി കാണിച്ച് എറണാകുളം സി.ജെ.എം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് സി.ബി.ഐ ഇക്കാര്യം പറയുന്നത്. ഇത് ശരിവയ്ക്കുന്ന ശാസ്ത്രീയ പരിശോധനാ റിപ്പോര്‍ട്ടുകളും ഒപ്പം ചേര്‍ത്തിട്ടുണ്ട്.

മുന്‍ മന്ത്രി ആര്‍. ബാലകൃഷ്ണ പിള്ളയുടെ ഉടമസ്ഥതയിലുള്ള വാളകം രാമവിലാസം സ്‌കൂളിലെ അധ്യാപകനായ കൃഷ്ണകുമാര്‍ ആക്രമിക്കപ്പെട്ടതാണെന്നായിരുന്നു  അന്വേഷണത്തിന്റെ തുടക്കത്തില്‍ സി.ബി.ഐ കണ്ടെത്തിയിരുന്നത്.

എന്നാല്‍ അധ്യാപകന്റെ ശരീരത്തിലുള്ള പരുക്കുകള്‍ മാരകായുധം കൊണ്ട് മുറിവേല്‍പ്പിച്ചതുമൂലമോ ശാരീരിക ഉപദ്രവം മൂലമോ ഉള്ളതല്ലൈന്നാണ് സി.ബി.ഐയുടെ കണ്ടെത്തല്‍. ഉയരത്തില്‍ നിന്നു താഴേക്കു വീണതുകൊണ്ടോ വാഹനാപകടം മൂലമോ ആണ് പരുക്കേറ്റതെന്നും സി.ബി.ഐ റിപ്പോര്‍ട്ടില്‍ പറയുന്നു.

അധ്യാപകനെ പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ സ്ഥലം അപകടമേഖലയാണ്. ദല്‍ഹി ഓള്‍ ഇന്ത്യ മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടിലെ ഡോക്ടര്‍മാരെ ഉള്‍പ്പെടുത്തി രൂപവത്കരിച്ച മെഡിക്കല്‍ ബോര്‍ഡിന്റെ നിഗമനങ്ങളുടെ കൂടി അടിസ്ഥാനത്തിലാണ് അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.

കേസില്‍ ദൃക്‌സാക്ഷിയെന്ന് അവകാശപ്പെട്ട കൊട്ടാരക്കര സ്വദേശി ജാക്‌സണിന്റെ മൊഴി തീര്‍ത്തും കളവായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ജാക്‌സണിനെയും അക്രമിയെന്ന് ജാക്‌സണ്‍ ആരോപിച്ച ശിവസേന പ്രവര്‍ത്തകന്‍ മനോജിനെയും തിരുവനന്തപുരത്ത് ഫോറന്‍സിക് ലാബില്‍ പോളിഗ്രാഫ് ടെസ്റ്റിനും ഗുജറാത്തിലെ ഫോറന്‍സിക് ലാബില്‍ ബ്രെയിന്‍ മാപ്പിംഗിനും വിധേയരാക്കിയതിന്റെ റിപ്പോര്‍ട്ടാണ് ഇതില്‍ പ്രധാനം.

അന്വേഷണവുമായി അധ്യാപകന്‍ സഹകരിക്കുന്നില്ലെന്നും സി.ബി.ഐ റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നുണ്ട്. വാളകത്ത് നിന്ന് എം.എല്‍.എ റോഡില്‍ എത്തിയതെങ്ങനെ എന്നതിനും യാത്ര ചെയ്ത മാര്‍ഗവും സംബന്ധിച്ച് പോലീസിനും ഡോക്ടര്‍ക്കും നല്‍കിയിരിക്കുന്ന മൊഴികളില്‍ വൈരുദ്ധ്യമുണ്ട്. സംഭവം ഓര്‍ത്തെടുക്കാനാവില്ലെന്നായിരുന്നു അധ്യാപകന്‍ പറഞ്ഞത്.

തന്നോടൊപ്പം കാറിലുണ്ടായിരുന്നവര്‍ വഴിയിലേക്ക് ഇട്ടുവെന്നാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോക്ടറോട് പറഞ്ഞത്. കെ.എസ്.ആര്‍.ടി.സി ബസ്സില്‍ വാളകത്ത് എത്തിയതാണെന്നാണ് പോലീസിനു നല്‍കിയ മൊഴി. വീട്ടിലേക്ക് പോകും വഴി അജ്ഞാതര്‍ ആക്രമിച്ചുവെന്നായിരുന്നു തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരോട് പറഞ്ഞതെന്നും സി.ബി.ഐ പറയുന്നു.

2011 സെപ്തംബര്‍ 27ന് രാത്രി വാളകം എം.എല്‍.എ ജംഗ്ഷനില്‍ പരിക്കേറ്റ നിലയില്‍ കൃഷ്ണകുമാറിനെ കണ്ടെത്തുകയായിരുന്നു. സ്‌കൂള്‍ മാനേജരായ പിള്ളയ്‌ക്കെതിരെ കൃഷ്ണകുമാര്‍ നിയമ യുദ്ധം നടത്തിവരുന്നതിനിടയിലായിരുന്നു സംഭവം. അതിനാല്‍ പിള്ളയ്ക്ക് ബന്ധമുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ അടക്കം ആരോപണം ഉന്നയിച്ചതോടെ  കേസിന് രാഷ്ട്രീയ പ്രാധാന്യം കൈവന്നു. പിള്ളയെയും ഗണേശിനെയും ചോദ്യം ചെയ്യുകയുമുണ്ടായി.

57 സാക്ഷികളില്‍ നിന്ന് മൊഴിയെടുക്കുകയും 47 രേഖകള്‍ പരിശോധിക്കുകയും ചെയ്താണ് റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്ന് സി.ബി.ഐ പറയുന്നു. കേസുമായി ബന്ധപ്പെട്ട് 15 പേരെ തിരുവനന്തപുരം ഫോറന്‍സിക് ലാബില്‍ പോളിഗ്രാഫ് പരിശോധനയ്ക്കും രണ്ടുപേരെ ഗുജറാത്തിലെ ഡയറക്ടറേറ്റ് ഓഫ് ഫോറന്‍സിക് സയന്‍സില്‍ ബ്രെയിന്‍ മാപ്പിങ്ങിനും വിധേയരാക്കിയിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more