മുംബൈ: അനില്‍ അംബാനിയുടെ മുംബൈയിലെ വസതിയില്‍ സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (സി.ബി.ഐ) റെയ്ഡ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് കോടിക്കണക്കിന് രൂപയുടെ നഷ്ടം ഉണ്ടാക്കിയ ബാങ്ക് തട്ടിപ്പിലാണ് നടപടി. ശനിയാഴ്ച രാവിലെ ഏഴ് മണിയോടെയാണ് സി.ബി.ഐ ഉദ്യോഗസ്ഥര്‍ അനില്‍ അംബാനിയുടെ വസതിയിലെത്തിയത്.
വഞ്ചനാക്കുറ്റം ആരോപിച്ച് എസ്.ബി.ഐ നല്‍കിയ പരാതിയില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെയാണ് സി.ബി.ഐയുടെ റെയ്ഡ്. നേരത്തെ അനില്‍ അംബാനിയുമായി ബന്ധമുള്ള 50 സ്ഥാപനങ്ങളിലും 35ഓളം കമ്പനികളിലും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) റെയ്ഡ് നടത്തിയിരുന്നു.
നാഷണല്‍ ഹൗസിങ് ബാങ്ക്, സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി), നാഷണല്‍ ഫിനാന്‍ഷ്യല്‍ റിപ്പോര്‍ട്ടിങ് അതോറിറ്റി (എന്‍.എഫ്.ആര്‍.എ), ബാങ്ക് ഓഫ് ബറോഡ അടക്കമുള്ള ഒന്നിലധികം റെഗുലേറ്ററി, ഫിനാന്‍ഷ്യല്‍ സ്ഥാപനങ്ങളില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെയും സി.ബി.ഐ ഫയല്‍ ചെയ്ത രണ്ട് എഫ്.ഐ.ആറുകളുടെയും അടിസ്ഥാനത്തിലാണ് ഇ.ഡി റെയ്ഡ് നടത്തിയത്.
അതേസമയം റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിന് ലഭിച്ച 31,000 കോടി രൂപയുടെ വായ്പ തന്റെ നിയന്ത്രണത്തിലുള്ള മറ്റു കമ്പനികള്‍ ഉപയോഗിച്ച് അനില്‍ അംബാനി ദുരുപയോഗം ചെയ്തുവെന്നാണ് എസ്.ബി.ഐയുടെ വാദം. അനില്‍ അംബാനി പ്രൊമോട്ടര്‍ ഡയറക്ടറായിക്കുന്ന സ്ഥാപനമാണ് റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ്.
2227.64 കോടി രൂപയാണ് അനില്‍ അംബാനിക്ക് എസ്.ബി.ഐ വായ്പയായി നല്‍കിയത്. കൂടാതെ 786 കോടി രൂപ ഗ്യാരണ്ടിയായും നല്‍കിയിരുന്നു. എക്സ്ചേഞ്ച് ഫയലിങ് പ്രകാരം, മറ്റ് ബാങ്കുകളില്‍ നിന്ന് റിലയന്‍സ് കമ്മ്യൂണിക്കേഷന് ലഭിച്ച വായ്പകളുടെ ആകെ തുക 31,580 കോടി രൂപയുമാണ്.
എന്നാല്‍ ഇതില്‍ നിന്ന് 13,667 കോടിസ്റ്റേറ്റ് ബാങ്കിലെ പഴയ വായ്പ തിരിച്ചടിക്കുന്നതിനായാണ് അനില്‍ അംബാനി ഉപയോഗിച്ചത്. 12,692 കോടി രൂപ അനില്‍ അംബാനിയുടെ കീഴിലുള്ള മറ്റു കമ്പനികളിലേക്കും അയച്ചു.
നിയമപരമായ കടം വീട്ടാന്‍ ദേനാ ബാങ്ക് നല്‍കിയ 250 കോടി അനില്‍ അംബാനി മറ്റു അക്കൗണ്ടുകളിലേക്ക് തിരിച്ചുവിട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. ഏകദേശം 41,683 കോടി രൂപ ഇത്തരത്തില്‍ കൈമാറ്റം ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. കൂടാതെ 28,422 കോടി രൂപയുടെ കൈമാറ്റം സംബന്ധിച്ച വിവരങ്ങള്‍ആഭ്യന്തര അന്വേഷണത്തിലൂടെ എസ്.ബി.ഐ കണ്ടെത്തിയിരുന്നു.
Content Highlight: CBI raids Anil Ambani’s Mumbai residence