| Sunday, 26th May 2019, 1:16 pm

മോദിയുടെ രണ്ടാംവരവില്‍ ആദ്യ ഉന്നം മമത; കൊല്‍ക്കത്ത കമ്മീഷണര്‍ക്കെതിരേ ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ച് സി.ബി.ഐ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷം ലഭിച്ചതിനു പിന്നാലെ രാഷ്ട്രീയ എതിരാളികള്‍ക്കെതിരേ കരുനീക്കങ്ങളുമായി ബി.ജെ.പി. ബംഗാളിലെ ശാരദാ ചിട്ടിഫണ്ട് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ അടുത്തയാളായി വിലയിരുത്തപ്പെടുന്ന കൊല്‍ക്കത്ത സിറ്റി പൊലീസ് കമ്മീഷണര്‍ രാജീവ് കുമാറിനെതിരേ സി.ബി.ഐ ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറത്തിറക്കിയതാണ് ഏറ്റവും പുതിയ നീക്കം.

രാജീവിനെ കസ്റ്റഡിയില്‍ വെച്ചു ചോദ്യം ചെയ്യണമെന്നതാണ് സി.ബി.ഐയുടെ ആവശ്യം. അന്വേഷണത്തോടു സഹകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. വോട്ടെണ്ണല്‍ ദിനമായ മെയ് 23-നാണ് സര്‍ക്കുലര്‍ പുറത്തിറക്കിയതെന്നാണ് ഇന്ത്യ ടുഡേ ടി.വി റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഇപ്പോഴാണ് ഇക്കാര്യം പുറത്തുവരുന്നത്. വിമാനത്താവളങ്ങളിലും അതിര്‍ത്തിയിലെ സുരക്ഷാ ഏജന്‍സികളിലും സര്‍ക്കുലര്‍ എത്തിക്കഴിഞ്ഞു. രാജീവ് കുമാര്‍ രാജ്യം വിടുന്നതു തടയുന്നതിനു വേണ്ടിയാണിത്.

നേരത്തേ രാജീവിന് അറസ്റ്റില്‍ നിന്ന് സുപ്രീംകോടതി സുരക്ഷ നല്‍കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ നിയമപ്രകാരം അദ്ദേഹത്തെ കസ്റ്റഡിയില്‍ വെച്ച് ചോദ്യം ചെയ്യാമെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്.

ശാരദാ, റോസ് വാലി ചിട്ടി തട്ടിപ്പ് കേസുകളില്‍ തെളിവുകള്‍ നശിപ്പിച്ചെന്നും രാഷ്ട്രീയരംഗത്തെ ഉന്നതവ്യക്തികളെ സംരക്ഷിച്ചെന്നുമാണ് രാജീവിനെതിരേ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍. ഇതുപ്രകാരം നേരത്തേ കോടതി ഉത്തരവ് വാങ്ങി സി.ബി.ഐ രാജീവിനെ ചോദ്യംചെയ്യലിനു ഹാജരാകാന്‍ വിളിച്ചിരുന്നെങ്കിലും അദ്ദേഹം എത്തിയിരുന്നില്ല.

രാജീവ് കുമാറിനെ ചോദ്യം ചെയ്യാനായി സി.ബി.ഐ ഉദ്യോഗസ്ഥര്‍ കൊല്‍ക്കത്തയില്‍ എത്തിയതിനെത്തുടര്‍ന്ന് ബംഗാളില്‍ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത് ഏറെ വിവാദങ്ങള്‍ ഉണ്ടാക്കിയിരുന്നു. സി.ബി.ഐ ഉദ്യോഗസ്ഥരെ കൊല്‍ക്കത്ത പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയും സംസ്ഥാന സര്‍ക്കാരിനെതിരെ കേന്ദ്രസര്‍ക്കാര്‍ വൈരാഗ്യപൂര്‍വം പ്രവര്‍ത്തിക്കുന്നെന്ന് ആരോപിച്ച് മുഖ്യമന്ത്രി മമതാ ബാനര്‍ജി സത്യാഗ്രഹം ഇരിക്കുകയും ചെയ്തിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more