ചെന്നൈ: വി.കെ. ശശികലക്കെതിരെ കേസെടുത്ത് സി.ബി.ഐ. നിരോധിച്ച നോട്ടുകള്‍ ഉപയോഗിച്ച് പഞ്ചസാര മില്ല് വാങ്ങിയതിനാണ് കേസ്. മദ്രാസ് ഹൈക്കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ശശികലക്കെതിരെ നടപടിയെടുത്തത്.
നിരോധിച്ച 450 കോടി രൂപയ്ക്കാണ് ശശികല മില്ല് വാങ്ങിയത്. നോട്ട് നിരോധനത്തിന് പിന്നാലെയാണ് മില്ലിന്റെ വില്‍പന നടന്നത്. കാഞ്ചീപുരത്തെ പദ്മദേവി മില്ല് ആണ് ശശികല വാങ്ങിയത്. മില്ലിന്റെ കൈമാറ്റം സംബന്ധിച്ച് മില്ല് മാനേജരായ ഹിതേഷ് പട്ടേല്‍ 2017ല്‍ മൊഴി രേഖപ്പെടുത്തിയിരുന്നു.
2020ല്‍ നടന്ന റെയ്ഡില്‍ പിടിച്ചെടുത്ത രേഖകള്‍ കൂടി അടിസ്ഥാനമാക്കിയാണ് കേസ്. നിരോധിത കറന്‍സി ഉപയോഗിച്ച് ശശികല പലയിടത്തും സ്ഥലം വാങ്ങിയെന്നും ആരോപണമുണ്ട്.
നിലവില്‍ പദ്മദേവി മില്ല് 120 കോടി രൂപയുടെ ബാങ്ക് തട്ടിപ്പ് നടത്തിയ കേസില്‍ ശശികലക്കെതിരെ അന്വേഷണം നടക്കുന്നുണ്ട്. ഈ അന്വേഷണത്തിലാണ് നിരോധിച്ച നോട്ട് ഉപയോഗിച്ചാണ് മില്ല് വാങ്ങിയതെന്ന വിവരം കണ്ടെത്തിയത്.
അതേസമയം എ.ഐ.എ.ഡി.എം.കെയുമായി ഐക്യ ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് ശശികലക്കെതിരെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നത്.
2026ലെ തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ അധികാരത്തില്‍ തിരിച്ചെത്തണമെങ്കില്‍ പാര്‍ട്ടിയില്‍ ഐക്യമുണ്ടാകണമെന്നും പുറത്തുപോയ നേതാക്കളെ തിരിച്ചു കൊണ്ടുവരണമെന്നും മുതിര്‍ന്ന എ.ഐ.എ.ഡി.എം.കെ നേതാവും മുന്‍ മന്ത്രിയുമായ കെ.എ. സെങ്കോട്ടയ്യന്‍ പറഞ്ഞിരുന്നു.
10 ദിവസത്തിനകം ശശികല ഉള്‍പ്പെടെയുള്ളവരെ തിരിച്ചെടുക്കണമെന്നും പാര്‍ട്ടി ജനറല്‍ സെക്രട്ടറി എടപ്പാടി കെ. പളനിസ്വാമിയോട് സെങ്കോട്ടയ്യന്‍ ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ പരസ്യ അഭിപ്രായപ്രകടനത്തെ തുടര്‍ന്ന് സെങ്കോട്ടയ്യനെ എ.ഐ.എ.ഡി.എം.കെ എല്ലാ പാര്‍ട്ടി പദവികളില്‍ നിന്നും നീക്കി. എടപ്പാടി പളനിസ്വാമിയും മുതിര്‍ന്ന നേതാക്കളും യോഗം ചേര്‍ന്നാണ് തീരുമാനമെടുത്തത്.
നിലവില്‍ ജയലളിതയുടെ വിശ്വാസിയായിരുന്ന ശശികല, മുന്‍ മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വം, ടി.ടി.വി. ദിനകരന്‍ എന്നിവരെല്ലാം പാര്‍ട്ടിക്ക് പുറത്താണ്.
Content Highlight: CBI files case against Sasikala for buying sugar mill using banned notes