| Friday, 22nd April 2022, 7:49 pm

കള്ളന്‍ വരം ചോദിച്ചാല്‍ കള്ളനും പൊലീസ് വരം ചോദിച്ചാല്‍ പൊലീസിനും വരം കൊടുക്കും ദൈവത്തിന് അങ്ങനെ വിവേചനമൊന്നുമില്ല; ത്രില്ലടിപ്പിച്ച് സി.ബി.ഐ 5 ട്രെയ്‌ലര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മമ്മൂട്ടി നായകനായെത്തുന്ന സി.ബി.ഐ സീരീസിലെ അഞ്ചാം ചിത്രം സി.ബി.ഐ 5 ദി ബ്രെയ്‌നിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. സൈന മൂവീസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ട്രെയ്‌ലര്‍ പുറത്തുവിട്ടിരിക്കുന്നത്.

മാസിനും മാസും ക്ലാസിന് ക്ലാസും ചേര്‍ന്ന ചിത്രമാവും സി.ബി.ഐ 5 എന്നടിവരയിടുന്ന ട്രെയ്‌ലറാണ് പുറത്തുവിട്ടിരിക്കുന്നത്. സി.ബി.ഐ ചിത്രത്തിലെ ഐക്കോണിക് മ്യൂസിക്കും അതിന്റെ റീ മസ്റ്റാര്‍ഡ് വേര്‍ഷനും ചേര്‍ന്നൊരുക്കുന്ന സസ്‌പെന്‍സാണ് ട്രെയ്‌ലറിന്റെ മറ്റൊരു പ്രത്യേകത.

ഇവക്കെല്ലാം പുറമെ ജഗതി ശ്രീകുമാറിനേയും ട്രെയ്‌ലറില്‍ കാണിക്കുന്നുണ്ട്. അപകടത്തിന് ശേഷം ജഗതി ശ്രീകുമാര്‍ വെള്ളിത്തിരയിലേക്ക് തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

മമ്മൂട്ടി, മുകേഷ്, സായ് കുമാര്‍, സന്തോഷ് കീഴാറ്റൂര്‍, രമേശ് പിഷാരടി, രണ്‍ജി പണിക്കര്‍, ആശാ ശരത്ത്, സുദേവ് നായര്‍ തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

സ്വര്‍ഗചിത്ര അപ്പച്ചനാണ് ചിത്രം നിര്‍മിക്കുന്നത്. അഖില്‍ ജോര്‍ജാണ് ഛായാഗ്രാഹകന്‍.

ഇന്ത്യയിലെ തന്നെ എക്കാലത്തേയും മികച്ച സീക്വല്‍ ചിത്രങ്ങളുടെ ഗണത്തില്‍ ഉള്‍പ്പെടുത്താവുന്ന ചിത്രമാണ് മമ്മൂട്ടി – കെ. മധു – എസ്. എന്‍. സ്വാമി കൂട്ടുകെട്ടിലിറങ്ങിയ സി.ബി.ഐ സീരീസ്. മലയാള സിനിമയ്ക്ക് തന്നെ പുത്തന്‍ ഭാവുകത്വം നല്‍കിയ ചിത്രങ്ങളായിരുന്നു സി.ബി.ഐ സീരീസിലേത്.

1988ല്‍ പുറത്തിറങ്ങിയ ഒരു സി.ബി.ഐ ഡയറിക്കുറിപ്പായിരുന്നു സി.ബി.ഐ സീരീസിലെ ആദ്യ ചിത്രം. തൊട്ടടുത്ത വര്‍ഷം തന്നെ രണ്ടാം ചിത്രമായ ജാഗ്രതയും പുറത്തിറങ്ങി.

ഈ രണ്ട് ചിത്രങ്ങളുടേയും വന്‍ വിജയത്തിന് ശേഷം 2004ല്‍ സേതുരാമയ്യര്‍ സി.ബി.ഐയും 2005ല്‍ നേരറിയാന്‍ സി.ബി.ഐയും പുറത്തിറങ്ങി. ഈ കൂട്ടത്തിലെ ഏറ്റവും പുതിയ ചിത്രമാണ് തിയേറ്റര്‍ റിലീസിനൊരുങ്ങുന്ന സി.ബി.ഐ 5 ദി ബ്രെയിന്‍.

ആദ്യ നാല് സി.ബി.ഐ ചിത്രങ്ങള്‍ക്കും ഈണമൊരുക്കിയ ശ്യാമിന് പകരം ജേക്‌സ് ബിജോയ് ആണ് അഞ്ചാം ഭാഗത്തിനായി സംഗീതസംവിധാനം നിര്‍വഹിക്കുന്നത്.

Content highlight: CBI 5 The Brain Trailer Released

Latest Stories

We use cookies to give you the best possible experience. Learn more