| Sunday, 27th July 2025, 12:46 pm

ഛത്തീസ്‌ഗഢിൽ മനുഷ്യക്കടത്ത് ആരോപിച്ച് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം കെട്ടിച്ചമച്ചതെന്ന് സി.ബി.സി.ഐ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഛത്തീസ്‌ഗഢിൽ രണ്ട് മലയാളി കന്യാസ്ത്രീകളെ മനുഷ്യക്കടത്ത് ആരോപിച്ച് അറസ്റ്റ് ചെയ്ത കേസ് കെട്ടിച്ചമച്ചതെന്ന് സി.ബി.സി.ഐ. ഭരണഘനടക്കെതിരെയും രാജ്യത്തിനെതിരെയും ചില സംഘടനകൾ പ്രവർത്തിക്കുന്നവെന്നും വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് നിവേദനം നൽകിയെന്നും സി.ബി.സി.ഐ വക്താവ് റോബിൻസൺ റോഡ്രിഗസ് പറഞ്ഞു.

‘ഈ കേസ് കെട്ടിച്ചമച്ചതാണ്. കന്യാസ്ത്രീകൾക്കെതിരെ ഉണ്ടായത് കെട്ടിച്ചമച്ച കേസാണ്. ചിലർ അവരെ പിന്തുടരുകയും അവർക്കെതിരെ കുറ്റങ്ങൾ ആരോപിക്കുകയും ചെയ്യുകയായിരുന്നു. മനുഷ്യക്കടത്തും മതപരിവർത്തനവുമാണ് കന്യാസ്ത്രീകൾക്കെതിരെ ആരോപിക്കുന്നത്,’ റോബിൻസൺ റോഡ്രിഗസ് പറഞ്ഞു.

കന്യാസ്ത്രീകൾ ഛത്തീസ്‌ഗഢിൽ നിന്നും കൂട്ടിക്കൊണ്ടുവരാൻ പോയ മൂന്ന് പെൺകുട്ടികളും ക്രിസ്ത്യൻ വിഭാഗത്തിൽ പെട്ടവരാണെന്ന് സി.ബി.സി.ഐ വനിതാ കൗൺസിൽ സെക്രട്ടറി സിസ്റ്റർ ആശ പോൾ പറയുന്നു. കൃത്യമായ യാത്ര രേഖകളും കന്യാസ്ത്രീകളുടെ പക്കൽ ഉണ്ടായിരുന്നെന്നും മതപരിവർത്തനം നടത്തിയിട്ടില്ലെന്നും തിങ്കളാഴ്‌ച കോടതിയിൽ ജാമ്യാപേക്ഷ നൽകുമെന്നും സിസ്റ്റർ ആശ പോൾ വ്യക്തമാക്കി.

‘ഞങ്ങളുടെ പക്കൽ എല്ലാ തെളിവുകളുണ്ട്. ഞങ്ങൾ ആരെയും നിർബന്ധപൂർവം കൊണ്ടുവരാൻ ശ്രമിച്ചിട്ടില്ല. മതപരിവർത്തനം നടത്തിയിട്ടുമില്ല. അവരുടെ ആധാർ കാർഡ് നോക്കിയാൽ മനസിലാകും ആ കുട്ടികൾ ഒക്കെയും പ്രായപൂർത്തിയായവർ ആണ്. അവർ സ്വന്തം ഇഷ്ടത്തോടുകൂടി വന്നവരാണ്. കുട്ടികൾ നൽകിയ സ്റ്റേറ്റ്മെന്റ് മാറ്റാൻ വേണ്ടി അവരെ നിർബന്ധിച്ചു എന്നും ഞങ്ങൾ അറിഞ്ഞു,’ സിസ്റ്റർ പറഞ്ഞു.

കന്യാസ്ത്രീകളുടെ അറസ്റ്റ് നിയമവാഴ്ച്ചയോടുളള വെല്ലുവിളിയാണെന്ന് സിറോ മലബാര്‍ സഭ പറഞ്ഞു. സഭാവസ്ത്രം ധരിച്ച് യാത്ര ചെയ്യാന്‍ ഭയപ്പെടുന്ന സ്ഥിതിയാണെന്നും നിയമസംവിധാനങ്ങള്‍ പക്ഷപാതപരമായി പെരുമാറുകയാണെന്നും സിറോ മലബാര്‍ സഭ പറഞ്ഞു. ‘സിസ്റ്റര്‍ വന്ദനയും സിസ്റ്റര്‍ പ്രീതിയും യാത്ര ചെയ്തിരുന്നത് ആവശ്യമായ രേഖകളോടെയാണ്. ആള്‍ക്കൂട്ട വിചാരണയും ദുരാരോപണവുമാണ് നടക്കുന്നത്. ആള്‍ക്കൂട്ടവും സംഘടനകളും ഭരണഘടനയ്ക്ക് മീതേ പോലും വളരുന്നു. സുരക്ഷ ഉറപ്പാക്കാന്‍ ഇടപെടല്‍ വേണം,’ സിറോ മലബാര്‍ സഭ ആവശ്യപ്പെട്ടു.

ഛത്തീസ്‌ഗഢിലെ ദുര്‍ഗിലാണ് മനുഷ്യക്കടത്തും മതപരിവർത്തനവും ആരോപിച്ച് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത്. അസീസി സിസ്റ്റേഴ്‌സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സമൂഹത്തിലെ അംഗങ്ങളായ സിസ്റ്റർ പ്രീതി, സിസ്റ്റർ വന്ദന എന്നിവരാണ് അറസ്റ്റിലായത്. റെയില്‍വെ പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്.

നാരായന്‍പുര്‍ ജില്ലയില്‍ നിന്നുള്ള മൂന്ന് പെണ്‍കുട്ടികളോടൊപ്പമായിരുന്നു കന്യാസ്ത്രീകള്‍ സഞ്ചരിച്ചിരുന്നത്. 19 മുതല്‍ 22 വയസള്ള പെൺകുട്ടികളായിരുന്നു കൂടെയുണ്ടായിരുന്നത്. സഭയുടെ കീഴിലുള്ള ആശുപത്രികളിലേക്കും ഓഫിസുകളിലേക്കും ജോലിക്കായിരുന്നു പെൺകുട്ടികൾ വന്നത്. പെൺകുട്ടികളിലൊരാളുടെ സഹോദരനും കൂടെയുണ്ടായിരുന്നു.

റെയില്‍വെ സ്റ്റേഷനിലെത്തിയ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ നിര്‍ബന്ധിത മതപരിവര്‍ത്തനവും മനുഷ്യക്കടത്തും നടത്തുകയാണെന്ന് ആരോപിക്കുകയായിരുന്നു. കന്യാസ്ത്രീകളെ തടഞ്ഞുവെക്കുകയും ചെയ്തു.

Content Highlight: CBCI says the incident of nuns arrested on charges of human trafficking in Chhattisgarh was fabricated

We use cookies to give you the best possible experience. Learn more