| Friday, 20th November 2026, 3:11 pm

കാവേരി ജലതർക്കം: തമിഴ്‌നാടിന്റെ ഹരജി തള്ളി സുപ്രീം കോടതി

ശ്രീലക്ഷ്മി പി.പി

ന്യൂദൽഹി: കാവേരി നദീജല തർക്കത്തിൽ തമിഴ്‌നാട് സർക്കാരിന് കനത്ത തിരിച്ചടി. ബാക്കിയുള്ള 11 ടി.എം.സി വെള്ളം ഉടൻ വിട്ടുനൽകാൻ കർണാടകയ്ക്ക് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട് സമർപ്പിച്ച ഹരജി സുപ്രീം കോടതി തള്ളി.

പതിറ്റാണ്ടുകൾ പഴക്കമുള്ള തർക്കത്തിൽ വീണ്ടും പുതിയ അപേക്ഷകൾ നൽകിയതിനെ രൂക്ഷമായി വിമർശിച്ച കോടതി, അഭിഭാഷകർക്കായി പാഴാക്കാൻ തമിഴ്‌നാട് സർക്കാരിന്റെ പക്കൽ ധാരാളം പണമുണ്ടെന്ന് തോന്നുന്നുവെന്നും പരിഹസിച്ചു.

ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് അപരേഷ് സിങ് എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചാണ് വെള്ളിയാഴ്ച തുറന്ന കോടതിയിൽ ഉത്തരവ് പുറപ്പെടുവിച്ചത്.

കർഷകർക്ക് വേണ്ടി വാദിക്കാൻ ഡി.എം.കെ എം.പിയും മുതിർന്ന അഭിഭാഷകനുമായ പി. വിൽസൺ അനുമതി തേടിയെങ്കിലും ഇരു സംസ്ഥാന സർക്കാരുകളും ഇതിനകം വാദങ്ങൾ ഉന്നയിക്കുന്നുണ്ടെന്ന് നിരീക്ഷിച്ച് ബെഞ്ച് അത് നിരസിച്ചു.

സുപ്രീം കോടതിയുടെ മുൻ വിധി ലംഘിച്ച് ഈ വർഷം അർഹതപ്പെട്ട കാവേരി ജലവിഹിതം നൽകുന്നതിൽ കർണാടക പരാജയപ്പെട്ടുവെന്നായിരുന്നു തമിഴ്‌നാടിന്റെ ആരോപണം. കാവേരി വാട്ടർ മാനേജ്‌മെന്റ് അതോറിറ്റിയും കാവേരി വാട്ടർ റെഗുലേഷൻ കമ്മിറ്റിയും രണ്ടാഴ്ചയിലൊരിക്കൽ യോഗം ചേരുന്നുണ്ടെങ്കിലും ബാക്കി വെള്ളം വിട്ടുനൽകാൻ ഉത്തരവിടുന്നില്ലെന്ന് തമിഴ്‌നാട് ചൂണ്ടിക്കാട്ടി.

മഴക്കുറവ് കൃഷിയെ ബാധിച്ചതായും വിളകൾ സംരക്ഷിക്കാൻ ജൂലൈ മുതൽ കുടിശികയുള്ള 11 ടി.എം.സി വെള്ളം അടിയന്തരമായി വിട്ടുനൽകണമെന്നും തമിഴ്‌നാടിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗി വാദിച്ചു.

സാധാരണ വർഷങ്ങളിൽ നൽകേണ്ട 177 ടി.എം.സിയിൽ മഴക്കുറവ് കണക്കിലെടുത്ത് കുറവ് വരുത്തിയാൽ പോലും 11 ടിഎംസി വെള്ളം കർണാടക നൽകാനുണ്ടെന്നും, പ്രതിദിനം 1 ടിഎംസി വീതം അധികമായി വിട്ടുനൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എന്നാൽ കർണാടകയിലെ പല ജില്ലകളും വരൾച്ചാ ഭീഷണി നേരിടുകയാണെന്നും ജലസേചനത്തിനുള്ള വെള്ളം പോലും കുറയ്ക്കാൻ നിർബന്ധിതരായിരിക്കുകയാണെന്നും കർണാടകയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ ശ്യാം ദിവാൻ വ്യക്തമാക്കി. വരാനിരിക്കുന്ന വടക്കുകിഴക്കൻ മൺസൂണിന്റെ പ്രയോജനം തമിഴ്‌നാടിന് ലഭിക്കുമെന്നും എന്നാൽ കർണാടകയ്ക്ക് അതിൽ നിന്ന് മഴ ലഭിക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കാവേരി വാട്ടർ മാനേജ്‌മെന്റ് അതോറിറ്റിയും കാവേരി വാട്ടർ റെഗുലേഷൻ കമ്മിറ്റിയും വിഷയം കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്നും അതിനാൽ സുപ്രീം കോടതിയുടെ ഇടപെടൽ ആവശ്യമില്ലെന്നുമുള്ള കർണാടകയുടെ വാദം അംഗീകരിച്ചാണ് കോടതി ഹരജി തള്ളിയത്.

Content Highlight:Cauvery Water Dispute: Supreme Court Dismisses Tamil Nadu’s Plea.

ശ്രീലക്ഷ്മി പി.പി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കണ്ണൂര്‍ സര്‍വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more