| Monday, 6th July 2026, 4:57 pm

കറുത്ത ഹെലന്‍ ഓഫ് സ്പാര്‍ട്ടയും വെളുത്ത രാമനും സീതയും.... ഒഡീസിക്ക് കിട്ടുന്ന പകുതി വിമര്‍ശനം പോലും കിട്ടാതെ രക്ഷപ്പെടുന്ന രാമായണ

അമര്‍നാഥ് എം.

സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ഏറ്റവും വലിയ വിമര്‍ശനം നേരിടുന്ന രണ്ടുപേരാണ് ഹോളിവുഡ് സംവിധായകന്‍ ക്രിസ്റ്റഫര്‍ നോളനും ഹോളിവുഡ് നടി ലുപിത ന്യോങ് ഓയും. സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദി ഒഡീസിയുടെ ട്രെയ്‌ലര്‍ റിലീസിന് പിന്നാലെയാണ് ഒരുകൂട്ടമാളുകള്‍ നോളന് നേരെ വിമര്‍ശനവുമായി രംഗത്തെത്തിയത്.

ഗ്രീക്ക് ഇതിഹാസമായ ഒഡീസിക്ക് നോളന്‍ ചലച്ചിത്രഭാഷ്യമൊരുക്കുന്നു എന്നറിഞ്ഞപ്പോള്‍ സിനിമാപ്രേമികള്‍ ആവേശഭരിതരായിരുന്നു. എന്നാല്‍ ചിത്രത്തിന്റെ കാസ്റ്റിങ്ങിന്റെ പേരില്‍ പലരും നോളനെ ‘എയറിലാക്കി’യിരിക്കുകയാണ്. ട്രോയ് യുദ്ധത്തിന് ശേഷം ഇത്താകയിലേക്ക് മടങ്ങാന്‍ ശ്രമിക്കുന്ന ഒഡീസിയസ് രാജാവിന്റെ യാത്രയാണ് ചിത്രത്തിന്റെ കഥ. തന്റേതായ വിഷനില്‍ പൂര്‍ണമായും ഐമാക്‌സ് ക്യാമറയിലാണ് നോളന്‍ ഒഡീസി ഒരുക്കിയത്.

ഒഡീസി Photo: Screen grab/ Universal Pictures

എന്നാല്‍ ഒഡീസി എന്ന ഇതിഹാസത്തിലെ പ്രധാന കഥാപാത്രങ്ങളിലൊന്നായ ഹെലന്‍ ഓഫ് സ്പാര്‍ട്ടയായി നോളന്‍ കാസ്റ്റ് ചെയ്തത് കെനിയന്‍ വംശജയായ ലുപിത ന്യോങ് ഓയെയാണ്. കറുത്ത നിറമുള്ള നടിയെ ലോകത്തെ ഏറ്റവും സുന്ദരിയെന്നറിയപ്പെടുന്ന ഹെലന്‍ ഓഫ് സ്പാര്‍ട്ടയായി കാസ്റ്റ് ചെയ്തതിനെ പലരും ചോദ്യം ചെയ്യുകയാണ്. ‘വോക്ക് സംസ്‌കാരം’ നോളനെയും റാഞ്ചിയോ എന്നാണ് പലരും ചോദിക്കുന്നത്.

മലയാളം പേജുകളിലും നോളന്റെ ഈ കാസ്റ്റിങ്ങിനെ വിമര്‍ശിക്കുന്നുണ്ട്. എന്നാല്‍ കറുത്ത നടിയെ ഹെലന്‍ ഓഫ് സ്പാര്‍ട്ടയാക്കുന്നതിനെ എതിര്‍ക്കുന്ന ഇന്ത്യന്‍ സിനിമാപ്രേമികള്‍ മനപൂര്‍വം വിട്ടുകളയുന്ന ഒന്നാണ് ബോളിവുഡില്‍ ഒരുങ്ങുന്ന രാമായണ എന്ന ബ്രഹ്‌മാണ്ഡചിത്രം. 3000 കോടി ബജറ്റില്‍ നിതേഷ് തിവാരി അണിയിച്ചൊരുക്കുന്ന ഈ ചിത്രത്തില്‍ രാമനും സീതയുമായി വേഷമിടുന്നത് രണ്‍ബീര്‍ കപൂറും സായ് പല്ലവിയുമാണ്.

പുരാണത്തില്‍ പറയുന്നതിനനുസരിച്ച് കറുത്ത നിറമാണ് രാമനും സീതക്കും. എന്നാല്‍ കറുത്ത ദൈവങ്ങളെ ആരാധിക്കാന്‍ ബുദ്ധിമുട്ടുള്ള ‘സോ കോള്‍ഡ് ഭക്തര്‍’ രാമന് നീലനിറം നല്‍കി. പഴയകാല സിനിമകളിലെല്ലാം രാമനെ കാണുമ്പോള്‍ കാമറൂണിന്റെ അവതാറിലുള്ള പാണ്ടോറയിലാണോ രാമന്റെ ജനനം എന്ന് തോന്നിപ്പോകും. ഇപ്പോഴും നീലം മുക്കിയ രാമനെ കാണിച്ചാല്‍ എയറിലാകുമെന്ന് ഉറപ്പുള്ളതുകൊണ്ട് പുതിയ സംവിധായകരെല്ലാം വെളുത്ത രാമനെയും സീതയെയുമാണ് പ്രേക്ഷകരിലേക്കെത്തിക്കുന്നത്.

നിറത്തിന്റെ രാഷ്ട്രീയം സിനിമാലോകത്ത് ചര്‍ച്ചയാകുന്നത് ഇതാദ്യമായല്ല. എന്നാല്‍ ഇന്ത്യയിലുള്ള ഹോളിവുഡ് സിനിമാപ്രേമികളെല്ലാം നോളന് നേരെ കത്തിയും വടിയുമായി പാഞ്ഞടുക്കുമ്പോള്‍ അതില്‍ കുറച്ച് ലോജിക് ആവശ്യമാണ്. മഹാഭാരതം എന്ന വിഖ്യാത സീരിയലില്‍ പോലും വെളുത്തുതുടുത്ത നിതേഷ് ഭരദ്വാജിനെയാണ് കൃഷ്ണനായി കാസ്റ്റ് ചെയ്തത്. സ്റ്റാന്‍ഡ് അപ് കൊമേഡിയനായ സായ് കിരണ്‍ അടുത്തിടെ തന്റെ ഷോയില്‍ ഇതിനെ പരിഹസിച്ചിരുന്നു.

‘നെല്‍സണ്‍ മണ്ഡേലയുടെ ബയോപിക് എടുക്കുമ്പോള്‍ ആ വേഷത്തിലേക്ക് ലിയോനാര്‍ഡോ ഡി കാപ്രിയോയെ കാസ്റ്റ് ചെയ്യുന്നത് പോലെ’ എന്നാണ് സായ് പരിഹസിച്ചത്. നിറത്തിന്റെ രാഷ്ട്രീയം എക്കാലവും സിനിമാലോകത്ത് ചര്‍ച്ചയാണ്. കറുത്തവര്‍ എന്നും അവര്‍ക്ക് പറ്റുന്ന വേഷം മാത്രം ചെയ്യുക എന്ന് പറയുന്നതിനെ ഒരിക്കലും അംഗീകരിക്കാനാകില്ല. നോളന്റെ ഹെലന്‍ ഓഫ് സ്പാര്‍ട്ടക്കും ഇവിടെ സ്ഥാനം നല്‍കണം.

Content Highlight: Casting of Ramayana comparing with Lupita Nyong o’s casting in The Odyssey movie

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more