‘പാലും പഴവും കൈകളിലേന്തി’ എന്ന പാട്ടും പാടിക്കൊണ്ട് സിനിമാലോകത്തേക്ക് കടന്നുവന്ന ഗണപതിയെ ആരും മറക്കാനിടയില്ല. ബാലതാരത്തില്‍ യുവതാരത്തിലേക്ക് വളര്‍ന്ന ഗണപതിയാണ് ഇന്ന് സിനിമാപ്രേമികള്‍ക്കിടയിലെ ചര്‍ച്ച. എന്നാല്‍ ക്യാമറക്ക് മുന്നിലെ പ്രകടനമല്ല, ക്യാമറയുടെ പിന്നില്‍ നിന്ന് ഗണപതി നടത്തിയ നീക്കങ്ങളാണ് ചര്‍ച്ചയായത്.
ഈ വര്‍ഷത്തെ ഏറ്റവും മികച്ച സിനിമയെന്ന് നിസംശയം പറയാന്‍ കഴിയുന്ന ബാലനില്‍ ഗണപതിയും ഭാഗമാണ്. ചിദംബരം സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കാസ്റ്റിങ് ഡയറക്ടറാണ് ഗണപതി. ഒരുകൂട്ടം പുതുമുഖങ്ങളെയാണ് ബാലനിലൂടെ ഗണപതി ക്യാമറക്ക് മുന്നിലെത്തിച്ചത്. പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഫര്‍സാന പാലത്തിങ്കല്‍, ആദിശേഷന്‍, മുഹമ്മദ് സിയാന്‍, ഡോളി ജൂണ്‍ തുടങ്ങിയവരുടെ പ്രകടനം ഗംഭീരമാണ്.
മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന സെന്‍സേഷണല്‍ ഹിറ്റിന് ശേഷം ഏത് സൂപ്പര്‍താരത്തിന്റെയും ഡേറ്റ് ലഭിക്കാനുള്ള സാധ്യതയുണ്ടായിരുന്നിട്ടും പുതുമുഖങ്ങളെ അണിനിരത്തി സിനിമ ചെയ്യാന്‍ ചിദംബരം കാണിച്ച ധൈര്യം അപാരമാണ്. അതിന്റെ കൂടെ കട്ടക്ക് നിന്ന് ഓരോ ആര്‍ട്ടിസ്റ്റുകളെയും തേടിപ്പിടിച്ച ഗണപതിയെ പ്രത്യേകം അഭിനന്ദിക്കണം.
കാസ്റ്റിങ് ഡയറക്ടറെന്ന രീതിയില്‍ വലിയ കൈയടി ഗണപതി അര്‍ഹിക്കുന്നുണ്ട്. ഓരോ കഥാപാത്രത്തിനും ചേരുന്ന ആര്‍ട്ടിസ്റ്റുകളെ തേടിപ്പിടിക്കുക എന്നത് എളുപ്പമുള്ള ജോലിയല്ല. ആയിരത്തിലധികം ആളുകളെ ഓഡിഷന്‍ ചെയ്തതില്‍ നിന്ന് ഓരോരുത്തരെയും തെരഞ്ഞെടുക്കുക എന്ന വലിയ ടാസ്‌ക് ഗണപതി ഗംഭീരമായി ചെയ്തുവെച്ചിട്ടുണ്ട്.
ബാലന്റെ കാസ്റ്റിങ്ങില്‍ എടുത്തുപറയേണ്ടത് ഡോളി ജൂണ്‍ അവതരിപ്പിച്ച വല്യമ്മച്ചിയുടെ കഥാപാത്രമാണ്. 90 വയസിലേറെ പ്രായമുള്ള ഒരു കഥാപാത്രത്തിനായി ഗണപതി കണ്ടെത്തിയ ഡോളി ഡൂണ്‍ ഗംഭീര പ്രകടനമായിരുന്നു. ലാല്‍ ജൂനിയര്‍, ഗിരീഷ് എ.ഡി, ടൊവിനോ എന്നിങ്ങനെ കണ്ട് ശീലിച്ച പലരെയും ഇതുവരെ കാണാത്ത കഥാപാത്രത്തിലേക്ക് പ്ലെയ്‌സ് ചെയ്തതും എടുത്തുപറയണം.
ഹോളിവുഡിലും ബോളിവുഡിലും ഒരുപാട് പ്രശംസകള്‍ കിട്ടുന്ന മേഖലയാണ് കാസ്റ്റിങ് ഡയറക്ഷന്‍. ഇതിനായി പ്രത്യേക ഏജന്‍സികള്‍ വരെയുണ്ട്. എന്നാല്‍ മലയാളത്തില്‍ കാസ്റ്റിങ് ഡയറക്ഷന്‍ എന്ന ഡിപ്പാര്‍ട്ട്‌മെന്റിന് അര്‍ഹിക്കുന്ന അംഗീകാരം ലഭിക്കാറില്ല. ദിനേശ് പ്രഭാകര്‍, വിശാഖ് നായര്‍ (ആനന്ദത്തിലെ കുപ്പി), ഗണപതി എന്നിങ്ങനെ ഈ മേഖലയില്‍ ശ്രദ്ധിക്കപ്പെട്ടവര്‍ വളരെ കുറവാണ്. ബാലന്‍ ഒരുപാട് അംഗീകാരങ്ങള്‍ നേടുമ്പോള്‍ അതില്‍ ഗണപതിയുടെ പേര് എടുത്തപറയണം.
Content Highlight: Casting direction of Ganapathi in Balan getting appreciations
സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അംഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ