ന്യൂദല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷനും രാജ്യസഭാ പ്രതിപക്ഷ നേതാവുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രസംഗിച്ച വേദി ശുദ്ധീകരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസിലെ പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട എം.പിമാര്‍ നടത്തിയ സമരത്തിനൊടുവില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. സംഭവത്തില്‍ ഉത്തരവാദികളായവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടായിരുന്നു എം.പിമാരുടെ പ്രതിഷേധം.
ഓഗസ്റ്റ് എട്ടിന് ഉത്തരാഖണ്ഡിലെ ഹല്‍ദ്വനി രാംലീല മൈതാനിയില്‍ ഖാര്‍ഗെ പങ്കെടുത്ത പൊതുസമ്മേളനത്തിന് പിന്നാലെയാണ് വേദിയില്‍ ശുദ്ധീകരണ ചടങ്ങുകള്‍ നടന്നത്.
ശ്രീരാം സേന ഉള്‍പ്പെടെയുള്ള സംഘടനകളുടെ നേതൃത്വത്തിലായിരുന്നു ചടങ്ങുകള്‍. ഖാര്‍ഗെ ദളിത് വിഭാഗത്തില്‍പ്പെട്ട നേതാവായതിനാലാണ് വേദി ശുദ്ധീകരിച്ചതെന്ന ആരോപണം ഉയര്‍ന്നതോടെ സംഭവം വലിയ രാഷ്ട്രീയ വിവാദമായി.
ഇതിനെതിരെ രാജ്യസഭയിലും പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. പിന്നീട് നടപടിയെടുക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നെങ്കിലും ദിവസങ്ങള്‍ കഴിഞ്ഞിട്ടും കേസെടുക്കാത്തതില്‍ ഖാര്‍ഗെ പ്രതിഷേധിച്ചിരുന്നു.
വിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് രാജ്യസഭാ നേതാവ് ജെ.പി. നദ്ദയ്ക്ക് ഖാര്‍ഗെ കത്തയക്കുകയും ചെയ്തു. വിഷയത്തില്‍ നടപടി ആവശ്യപ്പെട്ട ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുക്കാന്‍ ഉത്തരാഖണ്ഡ് പൊലീസ് ശ്രമിച്ചുവെന്ന ആരോപണവും കോണ്‍ഗ്രസ് ഉന്നയിച്ചു.
തുടര്‍ന്നാണ് കോണ്‍ഗ്രസിന്റെ എസ്.സി-എസ്.ടി വിഭാഗം എം.പിമാര്‍ നേരിട്ട് പ്രതിഷേധവുമായി രംഗത്തെത്തിയത്. ലോക്സഭയിലെ കോണ്‍ഗ്രസ് ചീഫ് വിപ്പ് കൊടിക്കുന്നില്‍ സുരേഷ്, മല്ലു രവി, എ.ഐ.സി.സി സെക്രട്ടറി കെ. രാജു എന്നിവരുടെ നേതൃത്വത്തില്‍ എം.പിമാര്‍ ദല്‍ഹിയിലെ പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി.
പരാതി സ്വീകരിച്ചെങ്കിലും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പൊലീസ് തയ്യാറാകാത്തതിനെ തുടര്‍ന്ന് എം.പിമാര്‍ പൊലീസ് സ്റ്റേഷനില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഏകദേശം മൂന്നര മണിക്കൂര്‍ നീണ്ട പ്രതിഷേധത്തിന് പിന്നാലെ ദല്‍ഹിയിലും സീറോ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു.
തുടര്‍ന്ന് പരാതി നൈനിറ്റാള്‍ പൊലീസ് സ്റ്റേഷനിലേക്ക് കൈമാറി അവിടെയും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
Content Highlights: Casteist slur against Kharge: Police register FIR following protest by MPs.