ഹൈദരാബാദ്: ഹൈദരാബാദ് സർവകലാശാലയിലെ അധ്യാപകൻ വിദ്യാർത്ഥിക്കെതിരെ ജാതീയവും വംശീയവുമായ അധിക്ഷേപം നടത്തിയതായി സ്റ്റുഡന്റ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ (എസ്.എഫ്.ഐ
സർവകലാശാലയിലെ ചരിത്രവിഭാഗം അസോസിയേറ്റ് പ്രൊഫസറായ ഡോ. വിജയ രാമദാസ് മണ്ഡലക്കെതിരെയാണ് മുൻ വിദ്യാർത്ഥിയെ അധിക്ഷേപിച്ചെന്ന ആരോപണം ഉയർന്നിരിക്കുന്നത്. സംഭവത്തിൽ എസ്.എഫ്.ഐയുടെ യു.കെ, ഹൈദരാബാദ് യൂണിറ്റുകൾ പ്രതിഷേധം രേഖപ്പെടുത്തി.
മുൻ വിദ്യാർത്ഥിക്ക് അധ്യാപകൻ അയച്ചതായി പറയപ്പെടുന്ന ഇമെയിലിലെ പരാമർശങ്ങളാണ് വിവാദത്തിന് കാരണം. ഉന്നതപഠനത്തിനായി യു.കെയിലെത്തുന്ന പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് സംസ്കാരവും അന്തസ്സുമില്ലെന്ന് പറഞ്ഞ് അധ്യാപകൻ അധിക്ഷേപിച്ചതായി എസ്.എഫ്.ഐ യു.കെ ആരോപിച്ചു.
ബീഹാറിൽ നിന്നും ജാർഖണ്ഡിൽ നിന്നുമുള്ള സാമ്പത്തികമായി പിന്നാക്കം വിദ്യാർത്ഥികൾക്ക് ഇനി അക്കാദമിക് സഹായം നൽകില്ലെന്ന് അധ്യാപകൻ പറഞ്ഞതായും പ്രസ്താവനയിൽ പറയുന്നു.
സർവകലാശാലാ അധികൃതർ വിശദീകരണം തേടിയപ്പോൾ വൈകാരികമായി നടത്തിയ പ്രതികരണമാണെന്ന് പറഞ്ഞ് അധ്യാപകൻ ആരോപണങ്ങളെ നിസാരവൽക്കരിച്ചതായും എസ്.എഫ്.ഐ യു.കെ വ്യക്തമാക്കി. നേരത്തെ ഗവേഷണ പ്രസിദ്ധീകരണങ്ങളിൽ ഒരുമിച്ച് പ്രവർത്തിച്ചിരുന്ന കാലത്ത് അധ്യാപകൻ വിദ്യാർത്ഥിക്ക് ആവശ്യമായ നിർദേശങ്ങൾ നൽകിയിരുന്നു. എന്നാൽ, അദ്ദേഹത്തിന്റെ നിലപാടുകളോട് വിയോജിപ്പ് പ്രകടിപ്പിച്ചതോടെയാണ് അധിക്ഷേപം തുടങ്ങിയതെന്നും യൂണിയൻ വിമർശിച്ചു.
ഗവേഷണത്തിനും പ്രസിദ്ധീകരണങ്ങൾക്കും ശുപാർശ കത്തുകൾക്കും വിദ്യാർത്ഥികൾ മുതിർന്ന അധ്യാപകരെ ആശ്രയിക്കേണ്ടിവരുന്നു. ഈ സാഹചര്യം വിദ്യാർത്ഥികളെ സമ്മർദത്തിലാക്കാനും നിയന്ത്രിക്കാനും ചിലർ ഉപയോഗിക്കുന്നുണ്ടെന്നും എസ്.എഫ്.ഐ ചൂണ്ടിക്കാട്ടി.
ഇന്ത്യയിലെയും യു.കെയിലെയും സർവകലാശാലകളിൽ ദലിത്, ആദിവാസി, ബഹുജൻ വിദ്യാർത്ഥികൾ ജാതിവിവേചനവും അവഗണനയും നേരിടുന്നുണ്ടെന്നും പ്രസ്താവനയിൽ പറയുന്നു. യു.കെയിലെ ഇക്വാലിറ്റി ആക്ട് 2010 പ്രകാരം പ്രത്യേക പരിരക്ഷ ലഭിക്കുന്ന വിഭാഗത്തിൽ ജാതി ഉൾപ്പെട്ടിട്ടില്ലെങ്കിലും, വിദേശത്ത് പഠിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളും ജാതിവിവേചനം നേരിടുന്നുണ്ടെന്ന് സംഘടന ചൂണ്ടിക്കാട്ടി.
സംഭവത്തിൽ സുതാര്യമായ അന്വേഷണം നടത്തി കണ്ടെത്തലുകൾ പുറത്തുവിടണമെന്നും ഡോ. മണ്ഡലയെ സർവകലാശാലയിലെ എല്ലാ പദവികളിൽ നിന്നും നീക്കണമെന്നും എസ്.എഫ്.ഐ യു.കെ ആവശ്യപ്പെട്ടു. പട്ടികജാതി-പട്ടികവർഗ അതിക്രമങ്ങൾ തടയൽ നിയമം, 1989 പ്രകാരം കേസെടുക്കണമെന്നും ആവശ്യപ്പെട്ടു.
ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ അധ്യാപകനുമായുള്ള സഹകരണം അവസാനിപ്പിക്കാൻ യു.കെയിലെ അക്കാദമിക് സമൂഹത്തോടും അദ്ദേഹവുമായുള്ള കരാറുകൾ പുനപരിശോധിക്കാൻ പ്രസാധകരോടും എസ്.എഫ്.ഐ അഭ്യർത്ഥിച്ചു.
ഒരു പുസ്തകത്തിന്റെ അധ്യായം തിരുത്തുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഭവത്തിന്റെ തുടക്കമെന്ന് ഹൈദരാബാദ് സർവകലാശാലയിലെ എസ്.എഫ്.ഐ യൂണിറ്റ് വ്യക്തമാക്കി. ഗവേഷണത്തിൽ ഉൾപ്പെട്ട വ്യക്തികളുടെ വിവരങ്ങൾ പുറത്തുവിടാൻ കഴിയില്ലെന്ന ധാർമിക നിലപാട് വിദ്യാർത്ഥി അറിയിച്ചതോടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചതെന്നും യൂണിറ്റ് പറഞ്ഞു.
അക്കാദമിക് സ്ഥാപനങ്ങളിൽ ആർക്കാണ് അംഗീകാരവും അവസരങ്ങളും അന്തസും ലഭിക്കേണ്ടതെന്ന് തീരുമാനിക്കുന്ന ജാതീയവും വംശീയവുമായ മനോഭാവമാണ് അധ്യാപകന്റെ പരാമർശങ്ങളിലൂടെ പുറത്തുവന്നതെന്ന് എസ്.എഫ്.ഐ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ വ്യക്തമാക്കി.
വിദ്യാർത്ഥിയുടെ ദലിത് സ്വത്വം, പ്രാദേശിക പശ്ചാത്തലം, സാമ്പത്തിക സ്ഥിതി എന്നിവയുടെ പേരിൽ അധിക്ഷേപിക്കുന്നത് പൊതുസർവകലാശാലകൾ ഉയർത്തിപ്പിടിക്കേണ്ട തുല്യതയുടെയും സാമൂഹിക നീതിയുടെയും തത്വങ്ങൾക്ക് വിരുദ്ധമാണെന്നും സംഘടന വ്യക്തമാക്കി.
സർവകലാശാലാ ക്യാമ്പസുകളിൽ പാർശ്വവൽക്കരിക്കപ്പെട്ട വിദ്യാർത്ഥികൾ തുടർച്ചയായി മരണപ്പെടുന്ന സംഭവങ്ങൾ ജാതിവിവേചനത്തിന്റെയും ഭരണകൂടത്തിന്റെ അനാസ്ഥയുടെയും ഫലമാണെന്നും എസ്.എഫ്.ഐ ചൂണ്ടിക്കാട്ടി. ദൈനംദിന അധിക്ഷേപങ്ങൾ, അവസരങ്ങളിലെ അസമത്വം, പഠനത്തിന് നേരിടുന്ന തടസങ്ങൾ, അന്തസ് നിഷേധിക്കൽ എന്നിവയാണ് ഇത്തരം ദുരന്തങ്ങളിലേക്ക് നയിക്കുന്നതെന്നും സംഘടന പറഞ്ഞു.
Content Highlight:Casteist abuse by a teacher against a student at the University of Hyderabad: SFI stages a protest.