സിനിമക്കുള്ളിലെ സിനിമയുടെ കഥ പറഞ്ഞ സിനിമകളില്‍ വേറിട്ടൊരു ശ്രമമാണ് മോളിവുഡ് ടൈംസ്. ‘എ ഹേറ്റ് ലെറ്റര്‍ ടു മലയാളം സിനിമ’ എന്ന ടാഗ്‌ലൈനിലെത്തിയ ചിത്രം വ്യത്യസ്തമായ അനുഭവമായിരുന്നു സമ്മാനിച്ചത്. ഇതുവരെ കാണാത്ത തരത്തില്‍ ഗംഭീര പ്രകടനം കാഴ്ചവെച്ച നസ്‌ലെനും ചിത്രത്തിന്റെ പോസിറ്റീവുകളിലൊന്നാണ്.
കഴിവും കഠിനാധ്വാനവുമുണ്ടെങ്കിലും സിനിമ പോലൊരു ഇന്‍ഡസ്ട്രിയില്‍ പിടിച്ചു നില്‍ക്കണമെങ്കില്‍ മറ്റുള്ളവരെ സുഖിപ്പിച്ച് നില്‍ക്കാനറിയണമെന്ന അലിഖിത നിയമത്തെ പച്ചക്ക് പുച്ഛിക്കുകയാണ് മോളിവുഡ് ടൈംസ്. ആദ്യചിത്രമായ മുകുന്ദനുണ്ണി അസോസിയേറ്റ്‌സ് പോലെ ഡാര്‍ക്ക് ഹ്യൂമര്‍ പരിപാടികള്‍ ഈ ചിത്രത്തിലുമുണ്ട്.
ശക്തമായ രാഷ്ട്രീയവും മോളിവുഡ് ടൈംസിലൂടെ അഭിനവ് സുന്ദര്‍ നായക് സംസാരിക്കുന്നുണ്ട്. നായകനായ വിനീത് മാധവന്റെ സുഹൃത്തായ സുജിത് രാജ് എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് സംവിധായകന്‍ തന്റെ രാഷ്ട്രീയം പറയുന്നത്. സംവരണം കാരണം എല്ലായിടത്തും ജയിക്കുന്നവന്‍ എന്ന് സുജിത് രാജിനെക്കുറിച്ച് സിനിമയില്‍ പല കഥാപാത്രങ്ങളും സംസാരിക്കുന്നുണ്ട്.
നന്നായി പഠിച്ച് മാര്‍ക്ക് നേടുമ്പോള്‍ പോലും ‘ഇവന്‍ പഠിച്ചില്ലെങ്കിലും ജയിച്ച് പൊയ്‌ക്കോളും’ എന്നാണ് സുജിത്തിന്റെ രക്ഷിതാക്കള്‍ വരെ പറയുന്നത്. കഷ്ടപ്പെട്ട് എന്‍ട്രന്‍സെഴുതി മെഡിസിന് സീറ്റ് നേടിയപ്പോഴും സുജിത്തിന്റെ ടാലന്റിനെക്കാള്‍ പലരും എടുത്തുപറഞ്ഞത് അവന്റെ സംവരണത്തെയാണ്. ഇതെല്ലാം സുജിത്തില്‍ വലിയ മാനസികസംഘര്‍ഷങ്ങളുണ്ടാക്കുകയാണ്.
കോളേജില്‍ നിന്ന് ഡിസ്മിസല്‍ ലഭിച്ച ശേഷം സുജിത്തും സിനിമയിലേക്ക് തിരിയുകയാണ്. താന്‍ നേരിട്ട അവഗണനകളെക്കുറിച്ച് അവനെഴുതിയ സ്‌ക്രിപ്റ്റ് പിന്നീട് സിനിമയാകുന്നുണ്ട്. എന്നാല്‍ സിനിമാലോകത്തും അവന്റെ ടാലന്റിനെക്കാള്‍ അവന്‍ പ്രതിനിധാനം ചെയ്യുന്ന ജാതിയെയാണ് പലരും പരിഗണിക്കുന്നതെന്ന് മോളിവുഡ് ടൈംസില്‍ പറയുന്നുണ്ട്.
സംവരണത്തിലൂടെ വരുന്നവരൊക്കെ കഴിവില്ലാത്തവരാണെന്നും പഠിച്ചില്ലെങ്കിലും ജയിക്കുമെന്നുള്ള ഒരു ചിന്ത ചില സവര്‍ണ മനോഭാവമുള്ള മലയാളികള്‍ക്ക് ഉണ്ട്. അത്തരം ‘സോ കോള്‍ഡ് ഉന്നതകുലജാതര്‍ക്കുള്ള’ മറുപടിയാണ് മോളിവുഡ് ടൈംസ്. ഇത്തരക്കാരെ നന്നാക്കാനുള്ള ബോധവത്കരണ ഡയലോഗൊന്നും ചിത്രത്തില്‍ കാണാന്‍ സാധിക്കില്ല. എന്നാല്‍ സുജിത്തിന്റെ കഴിവിനെക്കാള്‍ അവന്റെ ജാതിയെക്കുറിച്ച് ഓരോരുത്തരും പറയുമ്പോള്‍ ഇത്തരം ഉന്നതകുലകള്‍ക്ക് പൊള്ളുമെന്ന് ഉറപ്പാണ്.
Content Highlight: Caste Politics portrayed in Mollywood times movie
സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അംഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ