| Friday, 14th November 2025, 7:48 pm

വിപിന്‍ വിജയന്റെ വൈവ അലങ്കോലപ്പെടുത്താന്‍ ജാതി ഭ്രാന്തന്മാര്‍ ക്ഷണമില്ലാതെ നുഴഞ്ഞുകയറി; പിന്നില്‍ ഡോ. വിജയകുമാരി: ടി.എസ്. ശ്യാം കുമാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേരള സര്‍വകലാശാലയില്‍ ജാതി അധിക്ഷേപത്തിനിരയായ വിദ്യാര്‍ത്ഥി വിപിന്‍ വിജയന്റെ ഗവേഷണ പ്രബന്ധത്തിന്റെ ഓപ്പണ്‍ വൈവ അലങ്കോലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരിച്ച് അധ്യാപകനും സാമൂഹിക നിരീക്ഷകനുമായ ടി.എസ്. ശ്യാം കുമാര്‍.

വിപിന്‍ വിജയന്റെ ഓപ്പണ്‍ വൈവയ്ക്ക് തടസമുണ്ടാക്കാനായി എട്ടംഗ ഗൂഢസംഘത്തെ, ജാതി അധിക്ഷേപം നടത്തിയ സംസ്‌കൃത വിഭാഗം മേധാവി ഡോ. സി.എന്‍. വിജയകുമാരി നിയോഗിച്ചെന്ന് ശ്യാം കുമാര്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.

വൈവയ്ക്കിടെ കണ്‍വീനറുടെ ഔദ്യോഗിക ക്ഷണമില്ലാതെ ചില സര്‍വകലാശാല അധ്യാപകരും കോളേജ് അധ്യാപകരും നുഴഞ്ഞുകയറിയെന്നും ഈ നീക്കത്തിന് പിന്നില്‍ ജാതി ഭ്രാന്തന്മാരായ ചില നമ്പൂതിരിമാരാണെന്നും ശ്യാം കുമാര്‍ വിമര്‍ശിച്ചു. പുറത്തുവന്ന ഒരു വാര്‍ത്താ വീഡിയോ പങ്കുവെച്ചാണ് ശ്യാം കുമാറിന്റെ വിമര്‍ശനം.

സാധാരണയായി ഓപ്പണ്‍ വൈവക്ക് ചോദ്യങ്ങള്‍ ചോദിക്കുകയും ഒടുവില്‍ ഗവേഷകന്‍ മറുപടി പറയുന്നതുമാണ് രീതി.

എന്നാല്‍ ഇതിനൊന്നും അനുവദിക്കാതെ വൈവയ്ക്കിടെ തുടര്‍ച്ചയായി ബഹളം വയ്ക്കുകയും സര്‍വകലാശാല നടത്തിയ ഓപ്പണ്‍ വൈവ അലങ്കോലപ്പെടുത്തി വിപിനെ അപമാനിക്കാനുമാണ് പരിപാടിയില്‍ നുഴഞ്ഞുകയറിയ ഹിന്ദുത്വ സേവകരായ ജാതി ഭ്രാന്തന്മാര്‍ ശ്രമിച്ചതെന്ന് അദ്ദേഹം ആരോപിച്ചു.

ഓപ്പണ്‍ വൈവ അലങ്കോലപ്പെടുത്തി വിപിനെ അപമാനിക്കാന്‍ ശ്രമിച്ച ജാതി ഭ്രാന്തന്മാര്‍ക്കെതിരെ എസ്.സി,  എസ്.ടി അതിക്രമ നിരോധന നിയമ പ്രകാരവും ക്രിമിനല്‍ ഗൂഢാലോചനക്കും അടിയന്തിരമായി കേസെടുക്കണമെന്നും എല്ലാ അക്കാദമിക കമ്മിറ്റികളില്‍ നിന്നും മാറ്റി നിര്‍ത്തണമെന്നും ടി.എസ്. ശ്യാം കുമാര്‍ ആവശ്യപ്പെട്ടു.

ടി.എസ്. ശ്യാം കുമാറിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

കേരള സര്‍വകലാശാല സംഘടിപ്പിച്ച വിപിന്‍ വിജയന്റെ ഓപ്പണ്‍ വൈവ അലങ്കോലപ്പെടുത്താനും വിപിനെന്ന ഗവേഷണ വിദ്യാര്‍ത്ഥിയെ അപമാനിക്കാനും എട്ടംഗ ഗൂഢസംഘത്തെയാണ് ഡോ.വിജയകുമാരി നിയോഗിച്ചതെന്ന വാര്‍ത്തയാണ് പുറത്തു വരുന്നത്.

കണ്‍വീനറുടെ ഔദ്യോഗികമായ ക്ഷണമില്ലാതെ നുഴഞ്ഞുകയറിയ ചില സര്‍വകലാശാല അധ്യാപകരും കോളേജ് അധ്യാപകരും ജാതി ഭ്രാന്തന്മാരായ ചില നമ്പൂതിരിമാരുമാണ് ഈ കുത്സിത നീക്കത്തിനു പിന്നില്‍. സാധാരണയായി ഓപ്പണ്‍ വൈവക്ക് ചോദ്യങ്ങള്‍ ഉയര്‍ന്നു വരികയും, ചോദ്യങ്ങള്‍ക്ക് അവസാനം ഗവേഷകന്‍ മറുപടി പറയുന്നതുമാണ് രീതി. എന്നാല്‍ ഇതിനൊന്നുമനുവദിക്കാതെ ബഹളം വയ്ക്കുകയും സര്‍വകലാശാല നടത്തിയ ഓപ്പണ്‍ വൈവ അലങ്കോലപ്പെടുത്തി വിപിനെ അപമാനിക്കാനുമാണ് ഈ പരിപാടിയില്‍ നുഴഞ്ഞുകയറിയ ഹിന്ദുത്വ സേവകരായ ജാതി ഭ്രാന്തന്മാര്‍ ശ്രമിച്ചത്.

ഓപ്പണ്‍ വൈവ അലങ്കോലപ്പെടുത്തി വിപിനെ അപമാനിക്കാന്‍ ശ്രമിച്ച ജാതി ഭ്രാന്തന്മാര്‍ക്കെതിരെ SC/ST അട്രോസിറ്റി നിയമ പ്രകാരവും ക്രിമിനല്‍ ഗൂഢാലോചനക്കും അടിയന്തിരമായി കേസെടുക്കണം.
ഈ ജാതിഭ്രാന്തന്മാരെ എല്ലാ അക്കാദമിക കമ്മിറ്റികളില്‍ നിന്നും മാറ്റി നിര്‍ത്താന്‍ ജനാധിപത്യകേരളം അടിയന്തിര ശ്രദ്ധ പതിപ്പിക്കുകയും വേണം.

അതേസമയം, വിപിന്‍ വിജയനെ പലതവണ ജാതീയമായി അധിക്ഷേപിക്കുകയും ഗവേഷക പ്രബന്ധം പൂര്‍ത്തിയാക്കുന്നതില്‍ നിന്നും പിന്തിരിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്ത വിജയകുമാരി ഓപ്പണ്‍ ഡിഫന്‍സ് വൈവയ്ക്കിടയിലും പ്രശ്‌നങ്ങളുണ്ടാക്കിയിരുന്നു.

പരിപാടി മുന്നോട്ട് കൊണ്ടുപോവാന്‍ മാത്രം ചുമതലപ്പെട്ട സംസ്‌കൃത വിഭാഗം മേധാവിയായ വിജയകുമാരി ചട്ടവിരുദ്ധമായി ഇടയ്ക്ക് മൈക്കിന് മുന്നിലെത്തി വിപിന്‍ വിജയനെതിരെ പരാമര്‍ശം നടത്തിയതും വലിയ വിവാദമായിരുന്നു.

Content Highlight: Caste fanatics infiltrated Vipin Vijayan’s open viva; Dr. Vijayakumari is behind this: T.S. Shyam Kumar

We use cookies to give you the best possible experience. Learn more