| Monday, 2nd February 2026, 4:16 pm

2027ലെ ജാതി തിരിച്ചുള്ള സെന്‍സസ്: ചോദ്യം ചെയ്ത് പൊതുതാത്പര്യ ഹരജി; തള്ളി സുപ്രീം കോടതി

അനിത സി

ന്യൂദല്‍ഹി: 2027ല്‍ വരാനിരിക്കുന്ന സെന്‍സസില്‍ ജാതി തിരിച്ചുള്ള വിവരങ്ങള്‍ രേഖപ്പെടുന്നതിനെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച പൊതുതാത്പര്യ ഹരജി പരിഗണിക്കാതെ സുപ്രീം കോടതി. എന്നാല്‍, ഹരജിയില്‍ ഉന്നയിച്ചിരിക്കുന്ന ചില നിര്‍ദേശങ്ങള്‍ പരിഗണിക്കാന്‍ കേന്ദ്രത്തോടും രജിസ്ട്രാര്‍ ജനറലിനോടും സുപ്രീം കോടതി ആവശ്യപ്പെട്ടു.

1931ന് ശേഷം ആദ്യമായി നടക്കുന്ന സമഗ്രമായ ജാതി തിരിച്ചുള്ള സെന്‍സസാണ് 2027ല്‍ വരാനിരിക്കുന്നത്. പൂര്‍ണമായും ഡിജിറ്റലായി രേഖപ്പെടുത്തുന്ന ആദ്യ സെന്‍സസായിരിക്കുമിത്.

ഇക്കാരങ്ങള്‍കൊണ്ടുതന്നെ ജാതി വിവരങ്ങള്‍ രേഖപ്പെടുത്തുന്നതിന് സുതാര്യവും ഉത്തരവാദിത്തവുമുള്ള ഒരു സംവിധാനം ആവശ്യമാണെന്ന് പൊതുതാത്പര്യ ഹരജിയില്‍ പറയുന്നു.

അക്കാഡമീഷ്യനായ ആകാശ് ഗോയലും മുതിര്‍ന്ന അഭിഭാഷക മുക്ത ഗുപ്തയുമാണ് പൊതുതാത്പര്യ ഹരജി സമര്‍പ്പിച്ചത്.

പൗരന്മാരുടെ ജാതി വിവരങ്ങള്‍ ശേഖരിക്കുന്നതിനും തരംതിരിക്കുന്നതിനും സുതാര്യമായ ഒരു ചോദ്യാവലി പൊതുജനത്തിന് മുന്നില്‍ വെയ്ക്കണമെന്ന് ഹരജിയില്‍ ആവശ്യപ്പെടുന്നു. സെന്‍സസ് രേഖപ്പെടുത്തുന്നതിനുള്ള മാനദണ്ഡങ്ങള്‍ സെന്‍സസ് ഓപ്പറേഷന്‍സ് ഡയറക്ടറേറ്റ് വെളിപ്പെടുത്തിയിട്ടില്ലെന്നും ഹരജി ചൂണ്ടിക്കാണിച്ചു.

എന്നാല്‍, ജാതി വിവരങ്ങള്‍ ശേഖരിക്കാനായും സെന്‍സസ് നടപടികള്‍ നിയന്ത്രിക്കാനായും 1958ലെയും 1990ലെയും നിയമങ്ങള്‍ സഹായിക്കുമെന്നും അതിനായി ഉദ്യോഗസ്ഥര്‍ക്ക് അധികാരം നല്‍കുന്നുണ്ടെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാണിച്ചു.

സെന്‍സസുമായി ബന്ധപ്പെട്ട് തെറ്റ് സംഭവിക്കാതിരിക്കാനായി ശക്തമായ സംവിധനം വികസിപ്പിച്ചെടുക്കണമെന്ന പൊതുതാത്പര്യ ഹരജിയിലെ ആവശ്യം ന്യായമാണെന്നും ഹരജിയില്‍ പ്രസക്തമായ ചില പ്രശ്‌നങ്ങള്‍ ഉന്നയിച്ചിട്ടുണ്ടെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.

നിയമപരമായ നോട്ടീസും ഹരജിയും മുഖാന്തിരം നിര്‍ദേശങ്ങള്‍ അധികൃതര്‍ക്ക് പരിഗണിക്കാമെന്ന് ചൂണ്ടിക്കാണിച്ച് പൊതുതാത്പര്യ ഹരജി സുപ്രീം കോടതി തീര്‍പ്പാക്കുകയായിരുന്നു.

Content Highlight: Caste enumeration methodology for 2027 census: Supreme Court dismisses PIL challenging it

അനിത സി

ഡൂള്‍ ന്യൂസ് സബ് എഡിറ്റര്‍

We use cookies to give you the best possible experience. Learn more