| Sunday, 21st June 2015, 3:22 pm

സ്‌കൂളിലെ ജാതി വിവേചനം: പേരാമ്പ്രയില്‍ വന്‍ പ്രതിഷേധം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: പേരാമ്പ്ര ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ സാംബവ(പറയ) വിഭാഗക്കാരായ വിദ്യാര്‍ത്ഥികളെ സ്‌കൂളില്‍ അയിത്തം കാണിച്ച് മാറ്റി നിര്‍ത്തുന്നതായ വാര്‍ത്തകളെ തുടര്‍ന്ന് പേരാമ്പ്രയില്‍ വന്‍ പ്രതിഷേധം. വിവിധ സാംബവ സംഘടനകളുടെ നേതൃത്വത്തിലാണ്  പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചത്. പേരാമ്പ്ര സ്‌കൂള്‍ പരിസരത്ത് നിന്നും ആരംഭിച്ച് പ്രതിഷേധ പ്രകടനത്തില്‍ നൂറുകണക്കിനാളുകളാണ് പങ്കെടുത്തത്.

സാംബവ മഹാസഭ, കേരള പറയ സഭ, ഉത്തരമലബാര്‍ പറയസഭ എന്നീ സംഘടനകള്‍ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനം പേരാമ്പ്ര ബസ്സ്റ്റാന്റ് പരിസരത്ത് സമാപിച്ചു. തുടര്‍ന്ന നടന്ന പ്രതിഷേധ പ്രകടനം സാംബവ മഹാസഭ സംസ്ഥാന പ്രസിഡന്റ് കോന്നിയൂര്‍ പി.കെ ഉദ്ഘാടനം ചെയ്തു. പട്ടിക വിഭാഗങ്ങളെ സമൂഹത്തില്‍ നിന്ന് മാറ്റി നിര്‍ത്തുന്ന കോളനി സമ്പ്രദായം നിര്‍ത്തലാക്കണമെന്നും ജാതി വിവേചനത്തിനെതിരെ സമൂഹവും സര്‍ക്കാറും ഉണരണമെന്നും കോന്നിയൂര്‍ ആവശ്യപ്പെട്ടു.

പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വിദ്യാര്‍ത്ഥികളെ സാംബവ(പറയ) വിഭാഗക്കാരായതുകൊണ്ട് എന്‍.സി.സിയില്‍ നിന്നും മാറ്റി നിര്‍ത്തിയെന്ന വാര്‍ത്തയാണ് പ്രതിഷേധങ്ങള്‍ക്കിടയാക്കിയത്. പേരാമ്പ്രയിലെ ചേര്‍മ്മല കൊളനിയിലെ അഖില്‍ രാജ്, അര്‍ജുന്‍ എന്നീ വിദ്യാര്‍ത്ഥികളെയാണ് പറയ വിഭാഗക്കാരായതിന്റെ പേരില്‍ എന്‍.സി.സിയില്‍ നിന്നും തഴഞ്ഞത്.

പേരാമ്പ്ര വെല്‍ഫെയര്‍ സ്‌കൂളിലും ജാതീയമായ വിവേചനം നിലനില്‍ക്കുന്നുവെന്ന വാര്‍ത്തകളുണ്ടായിരുന്നു. മികച്ച കെട്ടിടവും അടിസ്ഥാന സൗകര്യങ്ങളും അധ്യാപകരും ഉണ്ടായിട്ടും പറയവിഭാഗക്കാരായ കുട്ടികള്‍ക്കൊപ്പം തങ്ങളുടെ കുട്ടികളെ പഠിപ്പിക്കാന്‍ രക്ഷിതാക്കള്‍ തയ്യാറാവുന്നില്ലെന്നാണ് സ്‌കൂള്‍ അധികൃതര്‍ പറയുന്നത്. ഇത്തരത്തില്‍ പറയവിഭാഗക്കാര്‍ക്കുനേരെ നടക്കുന്ന വിവേചനങ്ങള്‍ക്കെതിരെയാണ് സാംബവ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തുവന്നിരിക്കുന്നത്.

We use cookies to give you the best possible experience. Learn more