| Monday, 19th January 2026, 6:15 pm

രാജ്യത്തെ സര്‍വകലാശാലകളില്‍ ജാതി അധിക്ഷേപം കൂടുന്നു; യു.ജി.സി റിപ്പോര്‍ട്ട് പുറത്ത്

യെലന കെ.വി

ന്യൂദല്‍ഹി: രാജ്യത്തെ സര്‍വകാലശാലകളില്‍ ജാതി അടിസ്ഥാനമാക്കിയുള്ള വിവേചനം വര്‍ധിക്കുന്നതായി യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്‍ ( യു.ജി.സി) കണക്കുകള്‍. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ പരാതികളില്‍ 118.4 ശതമാനത്തിന്റെ വര്‍ദ്ധനവ് ഉണ്ടായിയെന്ന് യു.ജി.സി സുപ്രീം കോടതിയെയും പാര്‍ലമെന്ററി രക്ഷ സമിതിയെയും അറിയിച്ചു.

അഞ്ച് വര്‍ഷത്തിനിടെ 1160 പരാതികളാണ് ലഭിച്ചത്. യു.ജി.സി കണക്കുകള്‍ പ്രകാരം 2019-20 അധ്യയന വര്‍ഷത്തില്‍ 173 പരാതികളാണ് ജാതി വിവേചനവുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ 2023-24 ആയപ്പോഴേക്കും പരാതികളുടെ എണ്ണം 378 ആയി കുതിച്ചുയര്‍ന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ ആകെ 1,160 പരാതികളാണ് രാജ്യത്തെ വിവിധ സര്‍വകലാശാലകളില്‍ നിന്ന് ലഭിച്ചത്.

വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ജാതി വിവേചനത്തിനെതിരെ വര്‍ധിച്ച വരുന്ന അവബോധമാണ് പരാതികള്‍ കൂടാന്‍ കാരണമെന്ന് യു.ജി.സി ഉദ്യോഗസ്ഥന്‍ ഹിന്ദുസ്ഥാന്‍ ടൈംസിനോട് പ്രതികരിച്ചു.

ലഭിച്ച പരാതികളില്‍ 90 ശതമാനവും പരിഹരിച്ചുവെന്ന് യു.ജി.സി അവകാശപ്പെടുന്നുണ്ടെങ്കിലും യഥാര്‍ത്ഥ സാഹചര്യം വ്യത്യസ്തമാണെന്ന് ഈ രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. സര്‍വകലാശാലാ അധികൃതര്‍ നേരിട്ട് നിയന്ത്രിക്കുന്ന എസ്.സി.എസ്.ടി സെല്ലുകള്‍ പലപ്പോഴും പരാതികള്‍ ഒതുക്കിത്തീര്‍ക്കാനാണ് ശ്രമിക്കുന്നതെന്ന് ദ വയര്‍,ഹിന്ദുസ്ഥാന്‍ ടൈംസ് തുടങ്ങിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ജാതി വിവേചന പരാതികള്‍ പരിഹരിക്കാനുണ്ടാക്കിയ സമിതികളും സര്‍വകലാശാലാ അധികൃതര്‍ പൂര്‍ണ നിയന്ത്രണത്തിലാണെന്നും അത് സമിതിയുടെ സ്വതന്ത്ര പ്രവര്‍ത്തനത്തെ തടുക്കുന്നുവെന്നും ആക്ഷേപമുണ്ട്.

ഹൈദരാബാദ് സര്‍വകലാശാല ഗവേഷണ വിദ്യാര്‍ത്ഥിയായ രോഹിത് വെമുലയുടെ ആത്മഹത്യയെ തുടര്‍ന്ന് അദ്ദേഹത്തിന്റെ മാതാവ് നല്‍കിയ ഹരജി പരിഗണിക്കവെയാണ് സുപ്രീം കോടതി ജാതി വിവേചന പരാതികളുടെ കണക്കുകള്‍ ആവശ്യപ്പെട്ടത്.
വിവേചനം തടയാന്‍ കര്‍ശനമായ നടപടികള്‍ സ്വീകരിക്കണമെന്നും കോടതി ഉത്തരവിട്ടു. ഇതിന്റെ ഭാഗമായി, യു.ജി.സി ഇക്വിറ്റി റെഗുലേഷന്‍സ് 2026 എന്ന പേരില്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.

വിവേചന വിരുദ്ധ നിയമങ്ങളുടെ പരിധി വിപുലീകരിച്ച് എസ്.സി.എസ്.ടി വിഭാഗങ്ങള്‍ക്കൊപ്പം ഒ.ബി.സിയെയും പുതിയ ചട്ടങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ക്യാമ്പസുകളില്‍ ജാതി അധിക്ഷേപങ്ങളെക്കുറിച്ച് പരാതി ലഭിച്ചാല്‍ 24 മണിക്കൂറിനുള്ളില്‍ അന്വേഷണ സമിതി യോഗം ചേരണമെന്നും പരാതികളില്‍ 15 ദിവസത്തിനുള്ളില്‍ തീര്‍പ്പുകല്‍പ്പിക്കാനും യു.ജി.സി ഉത്തരവിറക്കി.

അതിനോടൊപ്പം വിദ്യാര്‍ത്ഥികള്‍ക്ക് ഏതു സമയത്തും സഹായം തേടുന്നതിനായി എല്ലാ സര്‍വകലാശാലകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പോര്‍ട്ടലുകള്‍ സജ്ജമാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജാതി വിവേചന പരാതികള്‍ കൈകാര്യം ചെയ്യാന്‍ ഓരോ ക്യാമ്പസിലും പ്രത്യേക ഇക്വിറ്റി കമ്മിറ്റികള്‍ രൂപീകരിക്കണമെന്നും അവയുടെ പ്രവര്‍ത്തനം കൃത്യമായ ഇടവേളകളില്‍ വിലയിരുത്തണമെന്നും ഉത്തരവില്‍ പറയുന്നു.

രോഹിത് വെമുല, പായല്‍ തഡ്വി, ദര്‍ശന്‍ സോളങ്കി തുടങ്ങിയ വിദ്യാര്‍ത്ഥികളുടെ ആത്മഹത്യകള്‍ വിരല്‍ ചൂണ്ടുന്നത് ഐ.ഐ.ടികള്‍ ഉള്‍പ്പെടെയുള്ള പ്രമുഖ സ്ഥാപനങ്ങളില്‍ നിലനില്‍ക്കുന്ന ക്രൂരമായ ജാതി അധിക്ഷേപങ്ങളിലേക്കാണ്. ക്യാമ്പസുകളില്‍ ജാതി വിവേചനം തടയുന്നതില്‍ യു.ജി.സി പരാജയമാണെന്ന ആരോപണങ്ങള്‍ ശക്തമാണ്.

content highlight: Caste discrimination in Indian universities spiked by 118% in 5 years

യെലന കെ.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ജേണലിസത്തില്‍ ബിരുദാനന്തരബിരുദം.

We use cookies to give you the best possible experience. Learn more