| Tuesday, 31st March 2026, 1:52 pm

ബി.ജെ.പിയില്‍ ജാതി വിവേചനം; ബി. ഗോപാലകൃഷ്ണന്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വരേണ്ടെന്ന് പറഞ്ഞു: ഡോ.ടി.എന്‍. സരസു

അനിത സി

കൊച്ചി: പിന്നാക്ക വിഭാഗക്കാരിയായതുകൊണ്ട് ബി.ജെ.പിയില്‍ നിന്നും വിവേചനം നേരിട്ടുവെന്ന ഗുരുതര ആരോപണവുമായി വിക്ടോറിയ കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ. ടി.എന്‍. സരസു.

പിന്നാക്കക്കാരിയായതും ദല്‍ഹിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ക്ഷണിച്ചതും സംസ്ഥാനത്തെ നേതാക്കളെ പ്രകോപിപ്പിച്ചിരുന്നെന്നും അക്കാരണം കൊണ്ട് തനിക്ക് നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ പരിഗണന ലഭിച്ചില്ലെന്നും അവര്‍ ആരോപിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിത്വം നല്‍കിയില്ലെന്ന് മാത്രമല്ല, പ്രചാരണ രംഗത്തുനിന്നും മനപൂര്‍വം ഒഴിവാക്കിയതായും ടി.എന്‍. സരസു വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.

ഗുരുവായൂരിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ ബി. ഗോപാലകൃഷ്ണന്‍ തന്നോട് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വരേണ്ടെന്ന് പറഞ്ഞുവെന്നും അവര്‍ വെളിപ്പെടുത്തി. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ആലത്തൂരിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായിരുന്നു ടി.എന്‍. സരസു.

ദേശീയ നേതൃത്വം ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താത്പര്യമുണ്ടോയെന്ന് ചോദിച്ചിരുന്നു. എന്നാല്‍, പട്ടികയില്‍ പേരുള്‍പ്പെടുത്തിയിരുന്നില്ല. പാര്‍ട്ടി സംസ്ഥാന പദവി വാഗ്ദാനം ചെയ്‌തെങ്കിലും അവഗണിക്കപ്പെട്ടുവെന്നും ടി.എന്‍. സരസു പറഞ്ഞു.

ഇടത് അധ്യാപക സംഘടനകളില്‍ നിന്ന് കടുത്ത എതിര്‍പ്പുകള്‍ നേരിടുന്നുവെന്ന് ആരോപിച്ച് ബി.ജെ.പിയില്‍ ചേക്കേറിയ ടി.എന്‍. സരസുവിന് ബി.ജെ.പി പാര്‍ലമെന്റ് സ്ഥാനാര്‍ത്ഥിത്വം നല്‍കിയാണ് സ്വീകരിച്ചത്.

2024 ആലത്തൂരില്‍ സ്ഥാനാര്‍ത്ഥിയായതിനെ തുടര്‍ന്നാണ് പ്രധാനമന്ത്രി മോദി ദല്‍ഹിയിലേക്ക് കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചതെന്നും അവര്‍ പറഞ്ഞു.

‘ഞാന്‍ പിന്നാക്ക വിഭാഗത്തില്‍നിന്ന് വന്നതും പ്രധാനമന്ത്രി ക്ഷണിച്ചതുമാണ് കേരളത്തിലെ ബി.ജെ.പി നേതാക്കളെ പ്രകോപിപ്പിച്ചത്. ഗുരുവായൂരില്‍ മത്സരിക്കുന്ന വി. ഗോപാലകൃഷ്ണനെയും കൊടുങ്ങല്ലൂരിലെ ട്വന്റി-20 സ്ഥാനാര്‍ത്ഥിയെയും തൃശൂരില്‍ മത്സരിക്കുന്ന പത്മജയെയും വിളിച്ച് പ്രചാരണത്തിന് എത്താമെന്ന് അറിയിച്ചിരുന്നു. ഗോപാല കൃഷ്ണന്‍ വരേണ്ട എന്ന് പറഞ്ഞു,’ ടി.എന്‍ സരസു പറഞ്ഞു.

Content Highlight: Caste discrimination in BJP; B. Gopalakrishnan told not to come for election campaign: Dr. T.N. Sarasu

അനിത സി

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more