| Friday, 28th August 2026, 9:13 pm

മലയാളം സര്‍വകലാശാലയിലെ ജാതി വിവേചനം: സെപ്തംബര്‍ അഞ്ചിന് നിരാഹാര സമരം ആരംഭിക്കുമെന്ന് ഗവേഷക വിദ്യാര്‍ത്ഥിനി അനഘ ശശി

റെന്വര്‍ പി

തിരൂര്‍: തുഞ്ചത്തെഴുത്തച്ഛന്‍ മലയാളം സര്‍വ്വകലാശാലയിലെ ജാതി വിവേചനത്തിനെതിരെ ഗവേഷക വിദ്യാര്‍ത്ഥിനി അനഘ ശശി ആരംഭിച്ച സമരം പതിനഞ്ച് ദിവസം പിന്നിട്ടു. സമരത്തില്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ സര്‍വകലാശാല അധികൃതര്‍ അംഗീകരിച്ചില്ലെങ്കില്‍ അനഘ സെപ്തംബര്‍ അഞ്ചിന് അനിശ്ചിതകാല നിരാഹാരം ആരംഭിക്കുമെന്ന് സമര സമിതി അറിയിച്ചു.

സമരം രണ്ടാഴ്ച പിന്നിടുമ്പോഴും സര്‍ക്കാര്‍ അനഘയുടെ ആവശ്യങ്ങളില്‍ നിസ്സംഗത പുലര്‍ത്തുകയാണെന്ന് സമര സമിതി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. എസ്.സി-എസ്.ടി അതിക്രമ നിരോധന നിയമ പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസിലും അറസ്റ്റ് നടപടികളിലേക്ക് കടക്കാന്‍ പോലീസ് തയ്യാറായിട്ടില്ല. ഈ സാഹചര്യത്തില്‍ രണ്ടാം ഘട്ട സമരത്തിലേക്ക് തങ്ങള്‍ കടക്കുകയാണെന്നും സമര സമതി വ്യക്തമാക്കി.

അനഘയുടെ ആവശ്യങ്ങളില്‍ അനുകൂലമായ തീരുമാനം സര്‍ക്കാരില്‍ നിന്ന് വന്നില്ലെങ്കില്‍ രണ്ടാം ഘട്ട സമരത്തിന്റെ ഭാഗമായി സെപ്റ്റംബര്‍ അഞ്ച് മുതല്‍ അനഘ അനിശ്ചിതകാല നിരാഹാര സമരത്തിലേക്ക് കടക്കുമെന്നും സമിതിയുടെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

സമരം കൂടുതല്‍ ശക്തമാക്കുന്നതിനായി ഐക്യദാര്‍ഢ്യ സമിതി രൂപീകരിക്കുന്നതിനുള്ള യോഗം സെപ്റ്റംബര്‍ രണ്ടിന് ചേരും. സെപ്തംബര്‍ രണ്ടിന് ഉച്ചക്ക് രണ്ടിന് തിരൂരില്‍ സമര പന്തലില്‍ വച്ചാണ് ഐക്യദാര്‍ഢ്യ സമതി രൂപീകരിക്കാനുള്ള യോഗം. സമരത്തെ പിന്തുണച്ച എല്ലാ സംഘടനകളും വ്യക്തികളും യോഗത്തില്‍ പങ്കെടുത്ത് ഐക്യദാര്‍ഢ്യം കൂടുതല്‍ ശക്തിപ്പെടുത്തണമെന്നും സമര സമിതി അഭിപ്രായപ്പെട്ടു.

അനഘ സമരം അവസാനിപ്പിച്ചെന്ന തരത്തില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തകളാണെന്നും സമര സമിതി വ്യക്തമാക്കി. അനഘയുടെ അടിസ്ഥാന ആവശ്യങ്ങളിലൊന്നായ വാര്‍ഷിക ഗവേഷണ പുരോഗതി റിപ്പോര്‍ട്ട് സര്‍വ്വകലാശാല പുറത്തിറക്കിയതിനെ തുടര്‍ന്ന് അനഘ സമരം അവസാനിപ്പിച്ചുവെന്ന തരത്തിലുള്ള തെറ്റായ വിവരങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. നിലവില്‍ അനഘ ഉന്നയിച്ച ആവശ്യങ്ങളില്‍ ഒന്ന് മാത്രമാണ് ഭാഗികമായി നിറവേറ്റപ്പെട്ടിട്ടുള്ളതെന്നും സമര സമിതി വ്യക്തമാക്കി.

വാര്‍ഷിക ഗവേഷണ പുരോഗതി റിപ്പോര്‍ട്ട് നല്‍കുക എന്നത് അനഘയുടെ ഫെല്ലോഷിപ്പ് പുതുക്കുന്നതിന് സഹായകരമാണ്. ഇതുവരെയുള്ള ശക്തമായ സമരത്തിന്റെയും കൂട്ടായ ഇടപെടലുകളുടെയും വിജയമാണിത്. എന്നാല്‍ ഇത് സമരത്തിന്റെ ആവശ്യങ്ങള്‍ പൂര്‍ണമായി അംഗീകരിച്ചതായി അര്‍ത്ഥമാക്കുന്നില്ലെന്നും സമര സമിതി വാര്‍ത്താക്കുറിപ്പില്‍ ചൂണ്ടിക്കാട്ടി.

എഫ്.ഐ.ആര്‍ പ്രകാരമുള്ള അറസ്റ്റ് നടപടി, ഡോക്ടറല്‍ കമ്മിറ്റി യോഗം, ഗവേഷണത്തിനാവശ്യമായ ലാബ് സൗകര്യങ്ങള്‍, ക്യാമ്പസിലെ സുരക്ഷ, സര്‍വ്വകലാശാലാ ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടി, സര്‍ക്കാരിന്റെ രേഖാമൂലമുള്ള ഉറപ്പ് എന്നിവ ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഇപ്പോഴും തീര്‍പ്പാകാതെ കിടക്കുകയാണ്. ഈ ആവശ്യങ്ങളില്‍ രേഖമൂലമുള്ള ഉറപ്പ് ലഭിക്കും വരെ സമരം തുടരും. ആവശ്യങ്ങള്‍ പിന്നോട്ടില്ലെന്നും സമര സമിതി അറിയിച്ചു.

ജാതി-വര്‍ണ്ണ വിവേചനം, മാനസിക പീഡനം, അധികാര ദുര്‍വിനിയോഗം, ഗവേഷകയെക്കൊണ്ട് ഗവേഷണവുമായി ബന്ധമില്ലാത്ത ജോലികള്‍ ചെയ്യിപ്പിക്കല്‍, പ്രതികാര ഭീഷണി എന്നിവയുമായി ബന്ധപ്പെട്ട് സര്‍വകലാശാലയിലെ രണ്ട് അധ്യാപകര്‍ക്കെതിരെ അറസ്റ്റ് നടപടി പൂര്‍ത്തിയാക്കണമെന്നതടക്കമുള്ള ആവശ്യങ്ങളുന്നയിച്ചാണ് അനഖ സമരം ചെയ്യുന്നത്.

രണ്ട് വര്‍ഷമായി മുടങ്ങിക്കിടക്കുന്ന അനഘയുടെ ഡോക്ടറല്‍ കമ്മിറ്റി യോഗം ഉടന്‍ നടത്തി അനഘയുടെ വിദ്യാഭ്യാസ ആവകാശം ഉറപ്പാക്കണമെന്നും സമരത്തില്‍ ആവശ്യമുന്നയിക്കുന്നു. അനഘയുടെ ഗവേഷണത്തിനാവശ്യമായ ലബോറട്ടറി സൗകര്യങ്ങള്‍, ലൈബ്രറി, അക്കാദമിക് മാര്‍ഗനിര്‍ദ്ദേശം എന്നിവ യാതൊരു തടസ്സവുമില്ലാതെ ലഭ്യമാക്കാന്‍ സര്‍വ്വകലാശാലയ്ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കാനും സമര സമിതി ആവവശ്യപ്പെടുന്നു.

സീനിയര്‍ വിദ്യാര്‍ത്ഥിനിക്കെതിരെ താന്‍ നല്‍കിയ പരാതികളില്‍ ആന്റി റാഗിംഗ് നിയമപ്രകാരവും പട്ടികജാതി-പട്ടികവര്‍ഗ അതിക്രമങ്ങള്‍ തടയല്‍ നിയമപ്രകാരവും നടപടി സ്വീകരിക്കണമെന്നും അനഘ ആവശ്യപ്പെടുന്നു. തന്റെ പരാതികള്‍ അവഗണിക്കുകയും സുരക്ഷിതമായ അക്കാദമിക് സാഹചര്യം ഒരുക്കുന്നതില്‍ വീഴ്ച വരുത്തുകയും ചെയ്ത സര്‍വ്വകലാശാലാ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കാനും അനഘ ആവശ്യപ്പെടുന്നു.

Content Highlight: Caste Descrimination at Malayalam University: Anagha Sasi to Start Hunger Strike From September 5th

റെന്വര്‍ പി

കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.

Latest Stories

We use cookies to give you the best possible experience. Learn more