ഡെറാഡൂണ്‍: കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്‌ക്കെതിരായ ജാതി അധിക്ഷേപത്തില്‍ കേസെടുക്കുന്നത് പരിഗണനയിലില്ലെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംങ് ധാമി.
ശുദ്ധീകരണ വിവാദത്തെക്കുറിച്ചുള്ള രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയില്‍ മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് വിഷയ ദാരിദ്രത്തിലാണെന്നും അനാവശ്യ പ്രശ്‌നങ്ങള്‍ ഉന്നയിക്കുകയാണെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
മല്ലികാര്‍ജുന്‍ ഖാര്‍ഗെ പങ്കെടുത്ത ഹല്‍ദ്വനിയിലെ പരിപാടിയില്‍ ബി.ജെ.പി പ്രവര്‍ത്തകരാരും തന്നെ ഉണ്ടായിരുന്നില്ലെന്നും ധാമി കൂട്ടിച്ചേര്‍ത്തു.
‘ ഉത്തരാഖണ്ഡിലെ ആര്‍ക്കെങ്കിലും ഖാര്‍ഗെയുടെ ജാതി അറിയാമോ… മതപരമായ ചില മുദ്രാവാക്യങ്ങള്‍ പരിപാടിയില്‍ ഉയര്‍ന്നിരുന്നു. ഒരു പ്രത്യേക മതത്തില്‍ നിന്നുള്ളവരാണ് ഇത് ചെയ്തത്. പ്രതികരണമായി അവിടത്തെ പ്രദേശിക മതസംഘടനകള്‍ ഒരു ശുദ്ധീകരണ പരിപാടി നടത്തി,’ ധാമി പറഞ്ഞു.
പരിപാടിക്കിടെ ഒരു സംഘം ആളുകള്‍ മാലിന്യം തള്ളിയതിലും മതപരമായ മുദ്രാവാക്യം വിളിച്ചതിലും പ്രതിഷേധിച്ച് പ്രാദേശിക മത സംഘടനകള്‍ നടത്തിയ ശുചീകരണ ചടങ്ങ് മാത്രമായിരുന്നു ശുദ്ധികലശം എന്നാണ് സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
‘ഖാര്‍ഗെയുടെ ജാതി ഉത്തരാഖണ്ഡിലെ ആര്‍ക്കും അറിയില്ല…അതാര്‍ക്കും അറിയേണ്ട ആവശ്യവുമില്ല. അടല്‍ ബിഹാരി വാജ്‌പേയി, എല്‍.കെ അദ്വാനി എന്നിവര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ള മിതിര്‍ന്ന നേതാവാണ് ഖാര്‍ഗെ,’ ധാമി മാധ്യമങ്ങളോട് പറഞ്ഞു.
ഉത്താരാഖണ്ഡില്‍ ജാതി വിവേചനമുണ്ടെന്ന് ആരും വിശ്വസിക്കില്ലായെന്നും എല്ലാവര്‍ക്കും വികസനം, എല്ലാവരുടെയും വിശ്വാസം എന്ന മന്ത്രത്തിലൂന്നിയാണ് തങ്ങള്‍ മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2027 ലെ ഉത്തരാഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഓഗസ്റ്റ് എട്ടിന് ഹല്‍ദ്വാനിയിലെ രാംലീല മൈതാനിയില്‍ നടന്ന കോണ്‍ഗ്രസ് റാലിയുമായി ബന്ധപ്പെട്ടാണ് വിവാദങ്ങള്‍ ഉയര്‍ന്നത്. ഖാര്‍ഗെ പ്രസംഗിച്ചതിനു ശേഷം വേദിയില്‍ ശുദ്ധീകരണം നടത്തിയതിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ ശക്തമായി വിമര്‍ശിച്ചിരുന്നു. ഇതിനെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.
Content Highlights: Caste-based slur against Kharge; ‘Congress is raking up unnecessary issues’: Uttarakhand CM says no case will be registered.