| Thursday, 15th May 2025, 11:10 am

ജാതിഭീകരത കോമഡി, തനിക്കിനിയും അമ്പലങ്ങളില്‍ പരിപാടി കിട്ടും, പാടും; ആര്‍.എസ്.എസ് നേതാവിന്റെ വിദ്വേഷപരാമര്‍ശത്തില്‍ വേടന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ആര്‍.എസ്.എസ് നേതാവ് എന്‍.ആര്‍ മധുവിന്റെ വിദ്വേഷ പരാമര്‍ശത്തില്‍ പ്രതികരിച്ച് റാപ്പര്‍ വേടന്‍. ജാതി ഭീകരതയെന്നത് കോമഡിയല്ലേയെന്നാണ് വേടന്റെ പ്രതികരണം. തനിക്കിനിയും അമ്പലങ്ങളില്‍ പരിപാടികള്‍ കിട്ടുമെന്നും ഇനിയും പാടുമെന്നും വേടന്‍ കൂട്ടിച്ചേര്‍ത്തു. താനെടുക്കുന്ന പണി പലരെയും വ്യക്തിപരമായി ബാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

താന്‍ വിശ്വസിക്കുന്നത് സര്‍വജീവികള്‍ക്കും സമത്വം വിഭാവനം ചെയ്യുന്ന അംബേദ്കര്‍ പൊളിറ്റിക്‌സിലാണെന്നും താനെടുക്കുന്ന ജോലി എവിടെയൊക്കെയോ പ്രവര്‍ത്തിക്കുന്നുവെന്നതിന്റെ തെളിവാണതെന്നും വേടന്‍ പ്രതികരിച്ചു.

മുമ്പും ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ കേട്ടിട്ടുണ്ടെന്നും ജാതി രാഷ്ട്രീയമാണ് ജാതി വിഭാഗീയതയാണെന്നടക്കം ചിലര്‍ പറയുന്നുണ്ടെന്നും എന്നാല്‍ അതിനെയെല്ലാം കോമഡിയായി മാത്രമേ കാണാന്‍ സാധിക്കുകയുള്ളൂവെന്നും വേടന്‍ പറഞ്ഞു.

വേടനെന്ന കലാകാരന്റെ പിന്നില്‍ ശക്തരായ സ്‌പോണ്‍സര്‍മാരുണ്ടെന്നും വേടന്റെ പാട്ടെന്ന് പറയുന്നത് ജാതി ഭീകരവാദം പ്രചരിപ്പിക്കുന്ന, വിഘടനവാദം പ്രചരിപ്പിക്കുന്ന സാഹിത്യത്തെ വളര്‍ന്നുവരുന്ന തലമുറയുടെ മനസിലേക്ക് വിഷം കുത്തിവെക്കുന്ന കലാഭാസമാണെന്നുമായിരുന്നു കേസരി മുഖ്യപത്രാധിപനും ആര്‍.എസ്.എസ് നേതാവുമായ എന്‍.ആര്‍. മധുവിന്റെ വിദ്വേഷ പരാമര്‍ശം.

ആളുകൂടാന്‍ വേടന്റെ പാട്ട് പരിപാടി നടത്തുന്നവര്‍ അമ്പലപ്പറമ്പില്‍ കാബറയും നടത്തുമെന്നും എന്‍.ആര്‍. മധു പറഞ്ഞിരുന്നു. കൊല്ലം കുണ്ടറയിലെ ക്ഷേത്രപരിപാടിയില്‍ സംസാരിക്കുകയായിരുന്നു എന്‍.ആര്‍. മധു. സൂക്ഷ്മമായി പഠിച്ചാല്‍ ഈ രാജ്യത്തിന്റെ വിഘടനം സ്വപ്നം കണ്ട് കഴിയുന്ന തമോമയ ശക്തികള്‍ വേടന് പിന്നിലുണ്ടെന്ന് മനസിലാക്കാമെന്നും എന്‍.ആര്‍. മധു ആരോപിച്ചിരുന്നു.

Content Highlight: Caste-based comedy, I will still get programmes in temples and sing; Vedan on RSS leader’s hate speech

We use cookies to give you the best possible experience. Learn more