ബെംഗളൂരു: കര്‍ണാടകയില്‍ സര്‍ക്കാര്‍ സ്‌കൂളില്‍ ദളിത് വിഭാഗത്തില്‍പെട്ട സ്ത്രീയെ പാചകക്കാരിയായി നിയമിച്ചതിനെ തുടര്‍ന്ന് കുട്ടികളെ സ്‌കൂളില്‍ നിന്നും തിരിച്ച് വിളിച്ച് മാതാപിതാക്കള്‍. കര്‍ണാടകയിലെ ചാമരാജനഗര്‍ ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം.
ചാമരാജനഗര്‍ ജില്ലയിലെ ഹോമ ഗ്രാമത്തിലുള്ള ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥികളെയാണ് മാതാപിതാക്കള്‍ തിരിച്ച് വിളിച്ച് കൊണ്ടുപോയത്. സ്‌കൂളില്‍ ചേര്‍ന്ന വിദ്യാര്‍ത്ഥികളില്‍ ഒരാളെ ഒഴികെ ബാക്കിയുള്ള വിദ്യാര്‍ത്ഥികളെല്ലാം തിരിച്ച് പോവുകയായിരുന്നുവെന്നാണ് വിവരം. നിലവില്‍ സ്‌കൂള്‍ അടച്ച് പൂട്ടലിന്റെ വക്കിലാണെന്നുമാണ് വിവരം.
സ്‌കൂളില്‍ 22 കുട്ടികളായിരുന്നു ചേര്‍ന്നിരുന്നത്. അവരില്‍ 21 വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളും വിദ്യാര്‍ത്ഥികളെ വിളിച്ച് കൊണ്ടുപോവുകയായിരുന്നു. 22 വിദ്യാര്‍ത്ഥികളില്‍ ഏഴ് വിദ്യാര്‍ത്ഥികള്‍ മാത്രമായിരുന്നു സ്‌കൂളില്‍ തയ്യാറാക്കുന്ന ഭക്ഷം കഴിച്ചിരുന്നതെന്നാണ് സ്‌കൂള്‍ അധികൃതര്‍ പറയുന്നത്.
പിന്നാലെ ഒരു ദളിത് സ്ത്രീയെ പാചകത്തിനായി നിയമിച്ചതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ അതൃപ്തി പ്രകടിപ്പിച്ച് കുട്ടികളെ ടി.സി വാങ്ങി കൊണ്ടുപോവുകയായിരുന്നു. ജാതി അടിസ്ഥാനമാക്കിയുള്ള വിവേചനമാണ് കുട്ടികളെ പിന്‍വലിക്കാന്‍ രക്ഷിതാക്കള്‍ ഉന്നയിക്കുന്ന ഏകകാരണമെന്നാണ് ആളുകള്‍ പറയുന്നത്. വലിയ തോതിലുള്ള ജാതി അധിക്ഷേപമാണ് നടക്കുന്നതെന്നും നാട്ടുകാര്‍ പറഞ്ഞു.
സംഭവത്തില്‍ ജില്ലാ ഭരണകൂടം ഇടപെട്ടതായാണ് വിവരം. അധ്യാപകരുമായും രക്ഷിതാക്കളുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നും വിദ്യാഭ്യാസ വകുപ്പ്, സാമൂഹിക ക്ഷേമ വകുപ്പ് ഉള്‍പ്പെടെ എത്തി വിഷയത്തില്‍ വിശദീകരണം ചോദിച്ചിട്ടുണ്ടെന്നുമാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
അതേസമയം പഠനനിലവാര കുറവാണ് വിദ്യാര്‍ത്ഥികളെ പിന്‍വലിക്കാന്‍ കാരണമെന്ന് രക്ഷിതാക്കള്‍ പറയുന്നുവെന്നും എന്നാല്‍ ജാതി അധിക്ഷേപ പരാതി ലഭിച്ചാല്‍ കര്‍ശന നടപടി എടുക്കുമെന്നും അധികൃതര്‍ അറിയിച്ചു.
Content Highlight: Caste abuse: Parents buy students’ TCs after hiring Dalit cook in Karnataka school