| Sunday, 9th November 2025, 9:11 am

കേരള സർവകലാശാലയിലെ ജാതി അധിക്ഷേപം; ഡോ.സി.എൻ വിജയകുമാരിക്കെതിരെ കേസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേരള സർവകലാശാലയിലെ ജാതി അധിക്ഷേപത്തിൽ കേസെടുത്ത് പോലീസ്. സർവകലാശാലയിലെ ഡീനും സംസ്കൃതം മേധാവിയുമായ ഡോ.സി എൻ വിജയകുമാരിക്കെതിരെ ശ്രീകാര്യം പൊലീസാണ് കേസെടുത്തത്.

ഗവേഷക വിദ്യാർത്ഥിയായ വിപിൻ വിജയന്റെ പരാതിയിലാണ് നടപടി. പട്ടിക ജാതി പട്ടിക വർഗ അതിക്രമം തടയൽ നിയമപ്രകാരമാണ് കേസെടുത്തത്.

പല ഘട്ടങ്ങളിയായി സംസ്കൃത പഠനവുമായി ബന്ധപ്പെട്ട ജാതി അധിക്ഷേപം നേരിട്ടുണ്ടെന്നും ഇത്തരം ജാതിക്കാർ എത്ര ശ്രമിച്ചാലും സംസ്കൃതം വഴങ്ങില്ലെന്ന അധിക്ഷേപവും തനിക്കെതിരെ ഉന്നയിച്ചെന്നും ഗവേഷക വിദ്യാർത്ഥി പരാതിയിൽ പറയുന്നു.

വിപിൻ ഓഫീസ് റൂമിൽ പ്രവേശിച്ചതിന് പിന്നാലെ അവിടം അശുദ്ധമായെന്ന് അധ്യാപിക ആരോപിച്ചിരുന്നു. അധ്യാപിക ഓഫീസ് റൂമിൽ വെള്ളം തളിച്ച് ശുദ്ധീകരിച്ചെന്നും എഫ്.ഐ.ആറിൽ പറയുന്നു.

‘പി.എച്ച്.ഡി കിട്ടുന്നത് പോയിട്ട് സംസ്കൃതത്തിലെ ഒരു വാക്ക് ഉച്ചരിക്കാൻ പോലും അർഹതയില്ല ദേവഭാഷയെ മലിനമാക്കി,’ എന്നാണ് അധ്യാപിക സി.എൻ വിജയകുമാരി വിപിൻ വിജയനോട്‌ പറഞ്ഞിരുന്നത്.

കേരള സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ത്ഥിക്കെതിരെ ജാതി അധിക്ഷേപം നടത്തിയ സി.എന്‍. വിജയകുമാരിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയർന്നിരുന്നത്. നീച ജാതികള്‍ക്ക് സംസ്‌കൃതം വഴങ്ങില്ലെന്നും ഓഫീസില്‍ കയറിയാല്‍ ശുദ്ധികലശം നടത്തുമെന്നുമാണ് ഇവര്‍ ഗവേഷക വിദ്യാര്‍ത്ഥിയായ വിപിന്‍ കുമാറിനോട് പറഞ്ഞിരുന്നത്. മുസ്‌ലിം വിദ്യാര്‍ത്ഥികള്‍ക്കെതിരെയും ഇവര്‍ മോശം പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു.

വിജയകുമാരിക്കെതിരെ പട്ടികജാതി, പട്ടിക വര്‍ഗ അതിക്രമ നിയപ്രകാരം കേസെടുക്കണമെന്നാണ് ആവശ്യപ്പെട്ട് വിപിന്‍ കുമാര്‍ കഴക്കൂട്ടം എസ്.പിക്ക്
നേരത്തെ പരാതി നല്‍കിയിരുന്നു.

സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു വിപിന്‍ കുമാര്‍ ഇവര്‍ക്കെതിരെ പരാതി ഉന്നയിച്ചിരുന്നത്. സംസ്‌കൃതത്തില്‍ ബി.എ, എം.എ, ബി.എഡ്, എം.എഡ്, എം.ഫില്‍ തുടങ്ങിയ വിദ്യാഭ്യാസ യോഗ്യതയുള്ള തനിക്ക് സംസ്‌കൃതം എഴുതാനും വായിക്കാനും അറിയില്ലെന്ന് ആരോപിച്ച് തന്റെ ഗവേഷണ പ്രബന്ധത്തിന് അനുമതി നിഷേധിച്ചെന്നുമായിരുന്നു വിപിന്റെ പരാതി.

നിരവധി തവണ തനിക്ക് എതിരെ ജാതി അധിക്ഷേപം നടത്തിയിട്ടുണ്ടെന്നും ഡീനിനെ കാണാനായി ചെന്നാല്‍ ഓഫീസ് മുറിയിലേക്ക് പ്രവേശനം അനുവദിക്കാറില്ലെന്നും വിപിന്‍ പറഞ്ഞിരുന്നു.

തന്റെ പ്രബന്ധത്തിനെ ബാധിക്കുമെന്ന് ഭയന്നാണ് മുമ്പ് പരാതിപ്പെടാതിരുന്നതെന്നും അദ്ദേഹം വിശദീകരിച്ചിരുന്നു.

താനുള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥികള്‍ ഓഫീസില്‍ കയറിയതിന് വെള്ളം തളിച്ച് ശുദ്ധിക്രിയ നടത്തുന്നത് കണ്ടിട്ടുണ്ടെന്നും വിപിന്‍ മാധ്യമങ്ങളോട്
നേരത്തെ പറഞ്ഞിരുന്നു.

Content Highlight: Caste abuse at Kerala University; Police register case against Dr. CN Vijayakumari

We use cookies to give you the best possible experience. Learn more