ലഖ്‌നൗ: ഗുജറാത്തില്‍ ഹെവി വാഹനഗതാഗതവുമായി സംബന്ധിച്ച വിഷയത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച ദളിത് യുവാവിന് നേരെ സൈബര്‍ ആക്രമണം. നരേഷ് വാല എന്ന സാമൂഹിക പ്രവര്‍ത്തകനാണ് സൈബര്‍ ആക്രമണം നേരിട്ടതായി പൊലീസില്‍ പരാതി നല്‍കിയത്.
ഗുജറാത്തിലെ അമ്രേലി ജില്ലയിലെ ലാത്തി താലൂക്കിലാണ് സംഭവം. ഇന്‍സ്റ്റഗ്രാമിലൂടെയാണ് നരേഷ് വാലയ്ക്ക് ജാതി അധിക്ഷേപം നേരിട്ടതെന്നാണ് പരാതിയില്‍ പറയുന്നത്.
ലാത്തി താലൂക്കിലെ ഗ്രാമ റോഡുകളിലൂടെ കാറ്റാടി യന്ത്രത്തിന്റെ സാധനങ്ങള്‍ കൊണ്ടുപോവുന്ന ഭാരമേറിയ വാഹനങ്ങള്‍ പോവുന്നതിനെതിരെയായിരുന്നു സാമൂഹിക പ്രവര്‍ത്തകനായ നരേഷ് വാല പ്രതികരിച്ചത്. പിന്നാലെയാണ് ഇയാള്‍ക്കെതിരെ ജാതി അധിക്ഷേപവും സൈബര്‍ ആക്രമണവും ഉണ്ടായത്.
തുടര്‍ന്ന് നരേഷ് വാല അമേലി സൈബര്‍ ക്രൈം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇന്‍സ്റ്റഗ്രാം ഉപയോക്താവായ റാവല്‍ വന്‍രാജ്‌സിങ് ചാവ്ദയ്‌ക്കെതിരെയാണ് പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തത്.
ഭാരതീയ ന്യായ സംഹിത ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ട്, പട്ടികജാതി, പട്ടികവര്‍ഗ അതിക്രമങ്ങള്‍ തടയല്‍ ആക്ട് എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുത്തത്. കേസില്‍ അന്വേഷണം പുരോഗമിക്കുന്നുണ്ട്. നിലവില്‍ ആരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ല.
ഭാരമേറിയ വാഹനങ്ങള്‍ ഗ്രാമത്തിലെ റോഡുകളിലൂടെ പോവുന്നതിന് ബദല്‍മാര്‍ഗം വേണമെന്ന് നേരത്തെ പഞ്ചായത്തിനോട് ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാല്‍ ഇതില്‍ ബദല്‍ നടപടികളൊന്നും സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറായില്ലെന്നും നാട്ടുകാര്‍ നരേഷ് വാലയോട് പറയുകയായിരുന്നു.
പിന്നാലെ പ്രശ്‌നം പരിഹരിക്കാനായി നരേഷ് വാല സംഭവസ്ഥലത്തെത്തിയതോടെ സംഘര്‍ഷം ഉണ്ടാവുകയായിരുന്നു. തുടര്‍ന്ന് സംഭവത്തില്‍ പൊലീസും ഇടപെട്ടിരുന്നു.
തുടര്‍ന്ന് ഫേസ്ബുക്ക് ലൈവിലൂടെ നരേഷ് വാല സംഭവത്തെ കുറിച്ച് സംസാരിക്കുകയും ചെയ്തിരുന്നു. പിന്നാലെ അദ്ദേഹത്തിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റുകളുടെ താഴെ നിരവധി പേര്‍ അധിക്ഷേപ പരാമര്‍ശങ്ങള്‍ നടത്തുകയായിരുന്നു.
ജാതീയമായ അധിക്ഷേപമാണ് അദ്ദേഹം നേരിട്ടതെന്നാണ് പരാതിയില്‍ പറയുന്നത്. തനിക്കെതിരായ പരാമര്‍ശങ്ങള്‍ അപകീര്‍ത്തികരവും സംഘര്‍ഷം സൃഷ്ടിക്കാന്‍ ഉദ്ദേശിച്ചുള്ളതുമാണെന്നും നരേഷ് വാല പറഞ്ഞു.
Content Highlight: Caste abuse against Dalit social worker in Gujarat; complaint filed