ചെന്നൈ: ഡി.എം.കെ ഭരണകാലത്ത് കർഷകർക്കും അധ്യാപകർക്കും എതിരെ രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കുമെന്ന പ്രഖ്യാപനവുമായി തമിഴ്നാട് മുഖ്യമന്ത്രി വിജയ്.
2021 മെയ് മുതൽ 2026 ഏപ്രിൽ വരെയുള്ള കാലയളവിൽ ജീവനോപാധികൾക്കും,അവകാശങ്ങൾക്കും വേണ്ടി സമരം ചെയ്തവർക്കെതിരായ കേസുകൾ ആണ് പിൻവലിക്കുക. നിയമസഭാ ചട്ടം 110 പ്രകാരമാണ് വിജയ് ഈ പ്രഖ്യാപനം നടത്തിയത്.
വിജയിയുടെ ഈ പ്രഖ്യാപനത്തിന് പിന്നാലെ സഭയിൽ ഭരണ-പ്രതിപക്ഷങ്ങൾ തമ്മിൽ രാഷ്ട്രീയ പോരിലേക്ക് വഴിതെളിച്ചു.
സഖ്യകക്ഷികളും പ്രതിപക്ഷത്തെ ചില അംഗങ്ങളും തീരുമാനത്തെ സ്വാഗതം ചെയ്തെങ്കിലും, ഡി.എം.കെ വിപ്പ് ഇ.വി. വേലു പ്രഖ്യാപനത്തിന് ‘മറഞ്ഞ ലക്ഷ്യമുണ്ട്’ എന്ന് വിമർശിച്ചു. കഴിഞ്ഞ 100 ദിവസത്തിനിടെ വിളവെടുപ്പ് വായ്പ ആവശ്യപ്പെട്ട് പ്രതിഷേധിച്ച കർഷകർക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകളും സർക്കാർ പിൻവലിക്കുമോയെന്ന് മുൻ മന്ത്രി എം.ആർ.കെ. പനീർസെൽവം ചോദിച്ചു.
അഭിപ്രായ സ്വാതന്ത്ര്യവും പ്രതിഷേധിക്കാനുള്ള അവകാശവും സംരക്ഷിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും, ഇതൊരു മാനുഷികവും ജനാധിപത്യപരവുമായ നടപടിയാണെന്നും വിജയ് വ്യക്തമാക്കി.
തീരുമാനം നടപ്പിലാകുന്നതോടെ തിരുവണ്ണാമലൈ സിപ്കോട്ട് (SIPCOT) പദ്ധതിക്കെതിരെ സമരം ചെയ്ത് ഗുണ്ടാ ആക്ട് അടക്കം ചുമത്തപ്പെട്ട കർഷകർക്കും, നിർദിഷ്ട പറന്തൂർ വിമാനത്താവള വിരുദ്ധ സമരത്തിൽ പങ്കെടുത്തവർക്കും വലിയ ആശ്വാസമാകും. വിവിധ ആവശ്യങ്ങളുന്നയിച്ച് പ്രതിഷേധിച്ച അധ്യാപകർക്കെതിരായ കേസുകളും ഒഴിവാക്കും.
കർഷകർക്കെതിരായ കേസുകൾ പിൻവലിക്കുന്നത് തമിഴ്‌നാട്ടിൽ ഇതാദ്യമാണെന്ന മന്ത്രി ആദവ് അർജുനയുടെ വാദത്തെ പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ ചോദ്യം ചെയ്തു. ഹൈഡ്രോകാർബൺ, മീഥെയ്ൻ പദ്ധതികൾ, കൂടങ്കുളം ആണവനിലയം, പൗരത്വ ഭേദഗതി നിയമം (CAA), കാർഷിക നിയമങ്ങൾ എന്നിവയ്‌ക്കെതിരെ പ്രതിഷേധിച്ച കർഷകർക്കും പ്രവർത്തകർക്കുമെതിരെ രജിസ്റ്റർ ചെയ്ത 5,000-ത്തിലധികം കേസുകൾ മുൻ ഡി.എം.കെ സർക്കാർ പിൻവലിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
Content Highlight:Cases filed against farmers and teachers during the DMK regime to be withdrawn: Vijay.