| Sunday, 4th October 2026, 10:50 am

ഗ്യാനേഷ് കുമാറിനെതിരായ കേസുകൾ അന്വേഷിക്കണം; ബി.ജെ.പിക്ക് അനുകൂല നിലപാടെന്ന് എം.വി ഗോവിന്ദൻ

ശ്രീലക്ഷ്മി പി.പി

തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ കേരളത്തിലുള്ളതടക്കമുള്ള കേസുകൾ അന്വേഷിക്കണമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.

സ്വതന്ത്രമായ നിലപാടുകൾ സ്വീകരിക്കാൻ കഴിയാത്ത ഗ്യാനേഷ് കുമാർ, ഭരണകക്ഷിയായ ബി.ജെ.പിക്ക് അനുകൂലമായ നിലപാടുകളാണ് കൈക്കൊള്ളുന്നത്. അതിനാൽ അദ്ദേഹത്തെ സ്ഥാനത്തുനിന്ന് പുറത്താക്കണമെന്നാണ് രാജ്യം മുഴുവൻ ആവശ്യപ്പെടുന്നതെന്നും എം.വി ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു.

സംസ്ഥാനത്ത് പൊതുമരാമത്ത് സെക്രട്ടറിയായിരിക്കെ ഉയർന്ന കെ.എസ്.ടി.പി അഴിമതിയും, കരാർ ഏറ്റെടുത്ത പതിബെൽ കമ്പനി എഞ്ചിനീയറുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഗ്യാനേഷ് കുമാറിനെതിരെ ഉയർന്ന ആരോപണങ്ങളും മാധ്യമങ്ങളിൽ പരാമർശിക്കപ്പെടുന്നതിനിടെയാണ് എം.വി. ഗോവിന്ദന്റെ ഈ പ്രതികരണം.

‘അയാളെ പുറത്താക്കണം എന്നുള്ളതാണ് ഇന്ത്യ മുഴുവൻ ഒറ്റക്കെട്ടായിട്ട് ഇപ്പോൾ പറഞ്ഞുകൊണ്ടിരിക്കുന്നത്. അതിൽ എല്ലാ വിഭാഗങ്ങളും ഉണ്ട് വിദ്യാർത്ഥികളുണ്ട്, യുവാക്കളുണ്ട്, പ്രായമായിട്ടുള്ള ആളുകളുണ്ട്, കേരളത്തിലെയും ഇന്ത്യയിലെയും മുഴുവൻ ജനങ്ങളും ശക്തിയായിട്ട് ആവശ്യപ്പെടുന്നത് ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്നാണ്’ അദ്ദേഹം പറഞ്ഞു.

2006-ലോ മറ്റേതെങ്കിലും കാലഘട്ടത്തിലോ ഉള്ളതാകട്ടെ, നിലവിൽ അദ്ദേഹത്തിനെതിരെ ഏതെങ്കിലും കേസുകളുണ്ടെങ്കിൽ അത് ഗൗരവപൂർവ്വം അന്വേഷിക്കപ്പെടണം. ഭരണഘടനാ പദവിയിലിരിക്കുന്നയാൾ എടുക്കുന്ന നിലപാടുകൾ ശരിയല്ലാതെ വരുമ്പോഴാണ് വിമർശനങ്ങൾ ഉയരുന്നതെന്ന് അദ്ദേഹം പറഞ്ഞു.

വ്യക്തിപരമായി ഏത് കേസാണെന്നതിൻ്റെ മെറിറ്റിലേക്ക് കടക്കുന്നില്ലെങ്കിലും, ആരോപണങ്ങളും കേസുകളും നിലവിലുണ്ടെങ്കിൽ അവ കൃത്യമായി പരിശോധിച്ച് ആവശ്യമായ നിലപാട് സ്വീകരിക്കാൻ സർക്കാരിന് യാതൊരു തടസവുമില്ലെന്നും ഇതിൽ രാഷ്ട്രീയ പ്രേരിതമായി ഒന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മലപ്പുറം ജില്ല മതമൗലിക-വർഗീയവാദികളുടെ കൂടാണെന്ന മുൻ എം.എൽ.എ നന്ദകുമാറിന്റെ പരാമർശത്തെക്കുറിച്ചുള്ള ചോദ്യത്തിന്, മലപ്പുറത്തിനെതിരായി വർഗീയമായ ഒരു നിലപാടും തങ്ങൾക്കില്ലെന്നും, 1921-ലെ കർഷക പോരാട്ടങ്ങളിലടക്കം ഹിന്ദുക്കളും മുസ്‌ലിങ്ങളും ഒരുമിച്ചുനിന്ന് പൊരുതിയ ഐതിഹാസിക മണ്ണാണ് അതെന്നും വ്യക്തമാക്കിയ എം.വി ഗോവിന്ദൻ, തങ്ങൾ വിമർശിക്കുന്നത് അവിടുത്തെ ജനങ്ങളെയല്ല, മറിച്ച് മുസ്‌ലിം ലീഗ് അതിന്റെ അണികളെ ജമാഅത്തെ ഇസ്‍ലാമിയുടെ വർഗീയ നിലപാടുകളിലേക്ക് മാറ്റുന്നതിനെയാണെന്നും കൂട്ടിച്ചേർത്തു.

Content Highlight:Cases against Gyanesh Kumar must be investigated; M.V. Govindan alleges a pro-BJP stance.

ശ്രീലക്ഷ്മി പി.പി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കണ്ണൂര്‍ സര്‍വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more